News >> ജിഷയുടെ കൊലപാതകം: കുറ്റവാളിയെ ശിക്ഷിക്കണം: കെസിബിസി


കൊച്ചി: കുറുപ്പുംപടിയിൽ പുറമ്പോക്കിലെ കുടിലിനുളളിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ ഘാതകനെ കണ്ടെത്തി ശിക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പട്ടു.

ദളിത് യുവതി മൃഗീയമായി പീഡിപ്പിക്കപ്പെട്ട് ആറു ദിവസം കഴിഞ്ഞിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതിൽ പാലാരിവട്ടം പിഒസിയിൽ ഫാ. പോൾ മാടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, നാടിനെ നടുക്കിയ ഈ സംഭവം മൂടി വയ്ക്കുവാനും വിവാദമാക്കുവാനുമുളള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും മുന്നണികളുടേയും നിലപാടുകൾ അത്യന്തം വേദനാജനകമാണ്. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടലുകളാണ് ഇത്തരം ക്രൂരകൃത്യങ്ങളെ പുറംലോകത്തിന് അറിയുവാനും പൊതുജന മനസ്സാക്ഷി ഉണർത്തുവാനും സഹായിക്കുന്നത്. കെസിബിസി പ്രൊലൈഫ് സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ആവശ്യമെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു.

കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോർജ്ജ് എഫ് സേവ്യർ, ജനറൽ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടൻ, അഡ്വ. ജോസി സേവ്യർ, സിസ്റ്റർ മേരി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

Source: Sunday Shalom