News >> ഷാൾമെയ്ൻ പ്രൈസ് ഫ്രാൻസിസ് പാപ്പയ്ക്ക്


വത്തിക്കാൻ സിറ്റി: യൂറോപ്പിന്റെ പ്രശസ്ത അംഗീകാരമായ ഷാൾമെയ്ൻ പ്രൈസ് ഫ്രാൻസിസ് മാർപാപ്പയ്ക്ക്. യൂറോപ്പിന്റെ നവോത്ഥാനത്തിനും ഏകീകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവർക്കായി നൽകുന്ന അവാർഡാണ് ഷാൾമെയ്ൻ പ്രൈസ്. മാർട്ടിൻ ലൂഥർ കിങ്ങിന്റെ "എനിക്കൊരു സ്വപ്‌നമുണ്ട്" എന്ന പ്രസിദ്ധമായ പ്രസംഗത്തെ അതിലംഘിക്കുന്ന വിധത്തിൽ യൂറോപ്പിനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പങ്കുവച്ച് ഫ്രാൻസിസ് പാപ്പ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അവാർഡിനെക്കുറിച്ച് സംസാരിക്കവെ, മെയ് ആറിന് പാപ്പ പറഞ്ഞു, "യൂറോപ്പിൽ നവമായൊരു മനുഷ്യത്വചിന്ത" രൂപപ്പെടുമെന്ന് ഞാൻ സ്വപ്‌നം കാണുന്നു. മനുഷ്യമഹത്വത്തിലൂന്നിയുള്ള ഒന്നാവണമതെന്നും പാപ്പ പറഞ്ഞു.

ഇന്റർനാഷണൽ ഷാൾമെയ്ൻ പ്രൈസ് പാപ്പയ്ക്ക് നൽകപ്പെട്ടത് വത്തിക്കാനിലെ സാല റെജീനയിൽ വെച്ചാണ്. 1950 ലാണ് ഈ അവാർഡ് സ്ഥാപിക്കപ്പെടുന്നത്. ഡോ. കർട്ട് ഫെയ്ഫറായിരുന്നു പിന്നിൽ പ്രവർത്തിച്ചത്. "യൂറോപ്പിന്റെ ഏകീകരണത്തിനായി പ്രവർത്തിക്കുന്നവർക്കായി നൽകപ്പെടുന്ന ഏറ്റവും ഉദാത്തമായ അവാർഡുകളിലൊന്നാണിത്." സംഘടനയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ആദ്യം 2015 ഡിസംബർ മാസത്തിലാണ് പാപ്പയ്ക്ക് അവാർഡ് നൽകപ്പെടുന്നതിനുള്ള തീരുമാനമായതും വാർത്തകൾ ലഭ്യമായതും. 2014 നവംബറിൽ യൂറോപ്യൻ പാർലമെന്റിൽ പാപ്പ നടത്തിയ പ്രസംഗം അപ്പോൾ ഉദ്ധരിക്കപ്പെട്ടിരുന്നു. പാപ്പ യൂറോപ്പിനുവേണ്ടി നടത്തുന്ന ഇടപെടലുകളും പ്രകീർത്തിക്കപ്പെട്ടിരുന്നു.

പ്രസ്തുത അവാർഡ് നേടിയ മതനേതാക്കളിൽ രണ്ടാമത്തെ വ്യക്തി മാത്രമാണ് പാപ്പ. ആദ്യത്തെ വ്യക്തി വിശുദ്ധ ജോൺ പോൾ രണ്ടാമനായിരുന്നു, 2004 ൽ. അവാർഡിന്റെ അസാധാരണസ്വഭാവമുള്ളതും സാധാരണ സ്വഭാവമുള്ളതും ആയ രണ്ടു പതിപ്പുകളുണ്ട്. അസാധാരണ സ്വഭാവമുള്ളതായിരുന്നു ജോൺ പോൾ പാപ്പയ്ക്ക് ലഭിച്ചത്.

സാധാരണ ജർമ്മനിയിലെ എയ്ച്ചനിൽ വച്ച് മാതാവിന്റെ സ്വർഗാരോപണ ദിവസമാണ് ഈ അവാർഡ് നൽകപ്പെടാറുള്ളതെങ്കിലും ഫ്രാൻസിസ് പാപ്പയുടെ ആവശ്യപ്രകാരം ചടങ്ങുകൾ വത്തിക്കാനിലാക്കുകയായിരുന്നു. ഈ ആവശ്യം ജോൺ പോൾ പാപ്പയും ഉന്നയിച്ചിരുന്നു.

എയ്ച്ചനിലെ മേയർ മാർസൽ ഫിലിപ്പ്, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് മാർട്ടിൻ ഷുൾസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഷീൻ ക്ലൗഡ് ജംഗർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്‌ക് തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. എല്ലാവരും വ്യക്തിപരമായി പാപ്പയുമായി കൂടിക്കാഴ്ചയും നടത്തി.

യൂറോപ്യൻ പാർലമെന്റിൽ മാനുഷിക മൂല്യങ്ങളിലേക്കുള്ള യൂറോപ്പിന്റെ മടക്കത്തെ ആഹ്വാനം ചെയ്തുകൊണ്ട് "യൂറോപ്പ് മുത്തശ്ശി, ആദിനൈർമ്മല്യത്തിലേക്ക് മടങ്ങൂ" എന്നുള്ള പാപ്പയുടെ ആഹ്വാനം കൈയ്യടിയോടെയായിരുന്നു സ്വീകരിക്കപ്പെട്ടത്.

Source: Sunday Shalom