News >> സി.എം.സി സന്യാസിനി സമൂഹം അവയവദാന സമ്മതപത്രം നൽകി


കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി.എം.സി സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ അവയവദാന സമ്മതപത്രം നൽകി സമൂഹത്തിന് മാതൃകയായി. 6500-ഓളം അംഗങ്ങളുള്ള സി.എം.സി സന്യാസിനി സമൂഹമാണ് നന്മയുടെയും കരുണയുടെയും പുതുചരിത്രമെഴുതിയത്. ആലുവ തായിക്കാട്ടുകരയിലെ ജനറലേറ്റിൽ ഒന്നിച്ചുകൂടിയ സി.എം.സി സന്യാസിനി സമൂഹത്തിന്റെ 110-ാമത് സാധാരണ ജനറൽ ചാപ്റ്ററാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്. സിനാക്‌സ് പ്രതിനിധികളുടെ സമ്മേളനത്തിൽ സുപ്പീരിയർ ജനറൽ മദർ സിബി കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേലിന് അവയവദാന സമ്മതപത്രം കൈമാറി. അവയവദാനം ഒരിക്കലും ഭയക്കേണ്ടതില്ലെനനും അവയവദാനം നടത്തുന്നവർക്ക് പ്രചോദനം നൽകേണ്ടതുണ്ടെന്നും സി.എം.സി സന്യാസിനി സമൂഹം ഇക്കാര്യത്തിൽ സമൂഹത്തിന് മാതൃകയാണെന്നും ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു.

'സുവിശേഷാനന്ദവുമായി പാർശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക്' എന്ന മുഖ്യവിഷയം ചർച്ച ചെയ്ത പത്തുദിവസത്തെ ജനറൽ ചാപ്റ്ററിന്റെ അവസാനദിവസമാണ് അവയവദാന പ്രഖ്യാപനം നടത്തിയത്. മുൻ സുപ്പീരിയർ ജനറൽമാരായ മദർ സാങ്റ്റ, മദർ ഫിദേലിസ് എന്നിവർക്ക് പുറമെ ഇന്ത്യയിലെ 22 പ്രൊവിൻസുകളുടെയും നാല് റീജണുകളുടെയും സുപ്പീരിയർമാരും ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന സി.എം.സി പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.

കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ സഭയിലെ അംഗങ്ങൾ മൂന്നു വർഷം മുമ്പ് ഇതിന് ആലോചന തുടങ്ങിവച്ചിരുന്നു. ഈ സമൂഹത്തിലെ ഒരംഗം അധികാരികളുടെ അനുവാദത്തോടെ വൃക്ക ദാനം ചെയ്തിരുന്നു.സി.എം.സി എറണാകുളം പ്രവിശ്യാംഗവും ആലുവ കാർമൽ ആശുപത്രിയിലെ നഴ്‌സിംഗ് അധ്യാപികയുമായ സിസ്റ്റർ ലിറ്റിൽ തെരേസ് അവരുടെ വാർധാ പ്രൊവിൻസിലെ സിസ്റ്റർ അലിതയ്ക്കാണ് വൃക്ക ദാനം ചെയ്തത്. സി.എം.സി ഇടുക്കി പ്രവിശ്യയിലെ അംഗമായ സിസ്റ്റർ ചൈതന്യയും തന്റെ വൃക്ക ദാനം ചെയ്യുന്നതിന് സഭാധികാരികളുടെ അനുമതി തേടി കാത്തിരിക്കുകയാണ്.

ഇപ്പോൾ സഭയുടെ നേതൃപദവിയിലുള്ള സനാക്‌സ് അംഗങ്ങൾതന്നെ അവയവദാന സമ്മതപത്രം നൽകി തുടക്കം കുറിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർമാർ അവയവദാനസന്ദേശം താഴേത്തട്ടുകളിലേക്ക് വ്യാപിപ്പിക്കും. പ്രവിശ്യ സിനാക്‌സുകളിൽ പ്രവിശ്യാംഗങ്ങളുടെ സമ്മതപത്ര അതിനടുത്തെ രൂപതാധ്യക്ഷന്റെ സാന്നിധ്യത്തിൽ കൈമാറാനാണ് ആലോചന.

സി.എം.സി സമൂഹത്തിന്റെ ഈ മാതൃക അവയവദാനത്തിന് പലർക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിൽ മഹനീയ സേവനം അനുഷ്ഠിക്കുന്ന സമൂഹമാണ് സി.എം.സി. 150 വർഷം പിന്നിട്ട ഈ സന്യാസിനി സമൂഹം സ്ത്രീ സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ ഉന്നമനത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

കെ.സി.ബി.സി പ്രൊ ലൈഫ് സമിതിയുടെ കാരുണ്യകേരള സന്ദേശയാത്രയിലും സിസ്റ്റർ ലിറ്റിൽ തെരേസ, സിസ്റ്റർ അർപ്പിത അടക്കമുള്ള സന്യാസിനിമാർ നേതൃത്വം നൽകുന്നു. കാരുണ്യവർഷത്തിൽ കാരുണ്യപ്രവർത്തനങ്ങളിലൂടെയുള്ള ക്രൈസ്തവ സാക്ഷ്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് സി.എം.സി സഭയുടെ അവയവദാന തീരുമാനം.

Source: Sunday Shalom