News >> കൂട്ടായ്മയുടെ മഹത്വം സമൂഹം തിരിച്ചറിയണം: ബിഷപ് മാർ ജേക്കബ് തൂങ്കുഴി
അങ്ങാടിപ്പുറം: കൂട്ടായ്മയുടെ മഹത്വം തിരിച്ചറിയുന്ന സമൂഹം നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് ആർച്ച് ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി. പരിയാപുരം ഫാത്തിമമാതാ ഫൊറോന ദൈവാലയത്തിൽ നടന്ന താമരശേരി രൂപതയുടെ മുപ്പതാം വാർഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.മദ്യത്തിനും ലഹരിപദാർത്ഥങ്ങൾക്കുമെതിരെ ജാഗ്രതയോടെ പോരാടാൻ നാം തയാറാകണം. അറിവിലും ആത്മീയ ചിന്തയിലും വളരുമ്പോൾ തിന്മകളിൽനിന്ന് അകന്നുനിൽക്കാൻ നാം പ്രാപ്തരാകും. നാം ഒരു കുടുംബം എന്ന ചിന്ത ഒരിക്കലും കൈവിടരുത്. ദൈവാശ്രയബോധം കൈമുതലാക്കണം; മാർ തൂങ്കുഴി ഓർമിപ്പിച്ചു. താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചു.വിശ്വാസത്തിന്റെ ദീപശിഖ അണയാതെ സൂക്ഷിക്കാൻ ഓരോ തലമുറയ്ക്കും കടമയുണ്ടെന്നും അല്മായർ സഭയുടെ നെടുംതൂണാണെന്നും ബിഷപ് റെമിജിയോസ് പറഞ്ഞു. കമ്പോളസംസ്‌കാരം കുടുംബങ്ങളെ വിഴുങ്ങാതിരിക്കാൻ നാം ശ്രദ്ധ ചെലുത്തണം. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സഭയുടെ കെട്ടുറപ്പിനായി ഓരോരുത്തരും ശ്രമിക്കണം; ബിഷപ് പറഞ്ഞു.സുവർണ, രജതജൂബിലിയാഘോഷിക്കുന്ന സമർപ്പിതർ, വിവാഹിതർ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി താമരശേരി രൂപത ബിഷപ് എമരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി ആദരിച്ചു. പരിയാപുരം എപ്പിസ്‌കോപ്പൽ വികാരി ഡോ. ജേക്കബ് കുത്തൂർ, ലൂയിജിഭവൻ സുപ്പീരിയർ ഫാ. മനോജ് വെട്ടംതടത്തിൽ, തിരുഹൃദയ സന്യാസസഭയുടെ പ്രൊവിൻഷ്യാൾ സിസ്റ്റർ മെർളി ജോസ്, രൂപത വികാരി ജനറാൾ മോൺ. മാത്യു മാവേലി, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് കെ.ജെ. ആന്റണി, മാതൃവേദി കേന്ദ്ര സെക്രട്ടറി ട്രീസ ഞരളക്കാട്ട്, കെ.സി.വൈ.എം രൂപത പ്രസിഡന്റ് ജെഫിൻ ഫ്രാൻസിസ്, ചെറുപുഷ്പ മിഷൻലീഗ് രൂപത ജൂനിയർ സെക്രട്ടറി ലിസ് ആൻ ലൂക്കോസ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ചാക്കോ കാളംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.ലൂയീസ് കാഞ്ഞിരത്തിങ്കൽ മാലാപറമ്പ്, ഡൊമിനിക് മണ്ണുക്കൂശുമ്പിൽ ആനക്കാംപൊയിൽ, സാബു തറക്കുന്നേൽ പുല്ലൂരാംപാറ, ശില്പ ഷാജി കണ്ടത്തിൽ വാലില്ലാപ്പുഴ, ലിസ്ബത്ത് കരോളിൻ ജോസഫ് പുല്ലൂരാംപാറ, തെരേസ് ജോസഫ് പുല്ലൂരാംപാറ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. വൃക്കദാനത്തിലൂടെ മഹത്വം തെളിയിച്ച ഫാ. ജിൽസൺ തയ്യിലിനെ പൊന്നാടയണിയിച്ചു. ചീരട്ടാമല സ്വദേശി ജോസ് ചക്കുങ്കലിൽനിന്ന് ഭൂമിദാനപത്രവും അഡ്വ. ജോസ് തടത്തിലിൽനിന്ന് സംഭാവനയും സ്വീകരിച്ച് കാരുണ്യഭവനനിർമാണ പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.രൂപതാദിന കൃതജ്ഞതാ സമൂഹബലിയിൽ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് എമരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി, മോൺ. മാത്യു മാവേലി, മോൺ. ജോൺ ഒറവുങ്കര, സി.എസ്.ടി പ്രൊവിൻഷ്യൽ സുപ്പീരിയർ ജോസ് മേലാട്ടുകൊച്ചിയിൽ, ഫാ. ജയിംസ് വാമറ്റത്തിൽ, പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന ഫാ. സെബാസ്റ്റ്യൻ എമ്പ്രയിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.സിസ്റ്റർ സോഫിയ പോളിന്റെയും കൃപ കട്ടത്തറയുടെയും നേതൃത്വത്തിൽ അരങ്ങേറിയ നൃത്തശില്പവും വിൽസൺ ജോസഫ് രചനയും സംഗീതവും നിർവഹിച്ച് അവതരിപ്പിച്ച രൂപതാദിന ആന്തവും തിങ്ങിനിറഞ്ഞ സദസിന് വിരുന്നായി. 'കൃപ നിറഞ്ഞ മറിയം' എന്ന സംഗീതജപമാലയുടെ സി.ഡി പ്രകാശനവും നടന്നു.ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ദൈവാലയാങ്കണത്തിൽ പതാകയുയർത്തിയതോടെ നാലുവേദികളിലായി പ്രതിനിധി സംഗമങ്ങൾ നടന്നു.വൈദികരുടെയും സന്യസ്തരുടെയും സംഗമം വികാരി ജനറാൾ മോൺ. മാത്യു മാവേലി ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലിൽ, സിസ്റ്റർ ഷാർബെൽ എം.എസ്.എം.ഐ എന്നിവർ പ്രസംഗിച്ചു. ഫാ. റോയി കണ്ണൻചിറ ക്ലാസ് നയിച്ചു.പ്രധാന നഗരിയിൽ നടന്ന പാരിഷ് കൗൺസിൽ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെ പ്രതിനിധി സമ്മേളനം ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.എം. ഫ്രാൻസിസ് ക്ലാസെടുത്തു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ചാക്കോ കാളംപറമ്പിൽ, വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് സിറിയക് പാലംതട്ടേൽ എന്നിവർ പ്രസംഗിച്ചു.യുവജന പ്രതിനിധി സംഗമം സഹവികാരി ജനറൽ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് ജെഫിൻ ഫ്രാൻസിസ് കുന്നേൽ, രൂപത ഡയറക്ടർ സായി പാറൻകുളങ്ങര, സെക്രട്ടറി സന്ദീപ് കളപ്പുരയ്ക്കൽ, ആദർശ് അത്തിനിൽക്കുന്നതിൽ എന്നിവർ പ്രസംഗിച്ചു. ഐ.സി.വൈ.എം പ്രസിഡന്റ് സിജോ അമ്പാട്ട് ക്ലാസെടുത്തു.ചെറുപുഷ്പ മിഷൻലീഗ് പ്രതിനിധി സംഗമം പെരിന്തൽമണ്ണ ഫൊറോന വികാരി ഫാ. ജയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത ജൂനിയർ ജോയിന്റ് സെക്രട്ടറി ബിബിൻ പുളിക്കൽ, രൂപത ഡയറക്ടർ ഫാ. ജിൽസൺ തയ്യിൽ, രൂപത സെക്രട്ടറി ഫ്രാൻസിസ് കൊല്ലറേട്ട്, മലപ്പുറം മേഖല ഓർഗനൈസർ ജിന്റോ തകിടിയേൽ, സിയ മെറിൻ ഷാ, ആൻഫി ഇയ്യാലിൽ എന്നിവർ പ്രസംഗിച്ചു. ടോമി പെരുവിലങ്ങാട് ക്ലാസ് നയിച്ചു.Source: Sunday Shalom