News >> മിഷനറി എന്നാൽ നല്ലിടയൻ: പാപ്പ


വത്തിക്കാൻ സിറ്റി:പാപികളോടുള്ള സഹവർത്തിത്വം ദുർമാതൃകയല്ല, മാതൃകയാണെന്ന് ഫ്രാൻസിസ് പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കൂടിയ വിശ്വാസികളോട് നല്ലിടയന്റെ ഉപമ വിശദീകരിക്കവേയാണ് ആത്മീയ ജീവിതത്തിൽ പലരും അകലം പാലിക്കാനിഷ്ടപ്പെടുന്ന പാപികളുമായുള്ള ബന്ധത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. നല്ലിടയൻ ദൈവകരുണയുടെ അടയാളമാണ്. ആരും നഷ്ടപ്പെടരുതെന്നാണ് ഇടയന്റെ ആഗ്രഹം. അതിനാൽ പാപികളുമായി അകലം പാലിച്ചതുകൊണ്ട് എല്ലാം ശരിയായെന്ന് ആരും കരുതരുതെന്നും പാപ്പ പറഞ്ഞു.

ഈശോ നല്ല ഇടയന്റെ ഉപമ ആളുകളോട് പറയുകയും വഴിതെറ്റിപ്പോയ ആടിനെത്തേടി പോകുന്ന ഇടയചിന്ത വിശദീകരിക്കുകയും ചെയ്തത് 'പാപികളോടൊത്തുള്ള സഹവാസം ദുർമ്മാതൃകയാണെന്ന് വിലയിരുത്തിയ അക്കാലത്തിന് നേർവഴി കാട്ടുന്നതിനായിരുന്നു.' പാപ്പ വിശദീകരിച്ചു. 'നാം നമ്മുടെ വിശ്വാസം എങ്ങനെ ജീവിക്കുന്നു എന്നു കാണിക്കുന്നതിനാണ് ഈ ഉപമ നൽകപ്പെട്ടിരിക്കുന്നത്.'

ദൈവം കാരുണ്യവാനാണ്. ആ സ്വഭാവത്തോട് നൂറ് ശതമാനം വിശ്വസ്തത പുലർത്തുന്നു അവിടുന്ന്. അതിനാൽ ഒരാളെപ്പോലും മാറ്റിനിർത്തുക അവിടുത്തേക്ക് സാധ്യമല്ല. എല്ലാവരുടെയും നിത്യരക്ഷ എന്ന ചിന്തയിൽനിന്ന് ആർക്കും അവിടുത്തെ തടയാനാവില്ല.

'നാം ദൈവത്തെ തേടുന്നുവെന്ന് അഭിനയിക്കുന്ന ഇടങ്ങളിലാവില്ല അവിടുന്ന് സന്നിഹിതനാകുന്നത്. നഷ്ടപ്പെട്ട ആടുകളുടെ ഇടയിലാവും. തൊണ്ണൂറ്റി ഒമ്പതിനെ വിട്ട് ഒന്നിനെ തേടിപ്പോകുന്ന ഇടയനെ ഓരോ വിശ്വാസിയും ഓർമ്മിക്കണം.' അർത്ഥ പൂർണമായിരുന്നു പാപ്പയുടെ വാക്കുകൾ.

ഫരിസേയരും സദുക്കായരും നിയമജ്ഞരുമൊക്കെ പാപികളിൽനിന്ന് അകലം പാലിച്ചു. അവരുമായുള്ള സഹവാസം ദുർമ്മാതൃകയും അശുദ്ധിക്ക് കാരണമാകുമെന്നും അവർ വിശ്വസിച്ചു. സ്വയം ശ്രേഷ്ഠരായിക്കരുതി. അവർക്ക് ദഹിക്കുന്നതായിരുന്നില്ല, നഷ്ടപ്പെട്ട ആടിനെത്തേടിയുള്ള ഇടയന്റെ യാത്ര. തൊണ്ണൂറ്റിയൊമ്പതിനെ വിട്ട് ഒന്നിനെത്തേടിപ്പോകുന്ന ഇടയന്റെ ബുദ്ധിശൂന്യതയാണ് അവർക്ക് ആ ഉപമയിൽനിന്ന് മനസിലായത്. മരുഭൂമിയിലാണ് ഈ സാഹസം എന്നും ഓർക്കണം. ആർക്കും മനസിലാവുന്ന ഭാഷയിലായിരുന്നു പാപ്പയുടെ പ്രബോധനം. യുക്തിരഹിതമായ ഈ പ്രവൃത്തിയിലാണ് സുവിശേഷത്തിന്റെയും കരുണയുടെയും കാതൽ.
നഷ്ടപ്പെട്ട ഒന്നിനെ കണ്ടെത്തുമ്പോൾ ഇടയൻ വലിയ സദ്യ നടത്തി ആഘോഷിക്കുന്നു. ഒരാളും നഷ്ടപ്പെടരുതെന്നുള്ളതാണ് യാഥാർത്ഥ്യവും ആവശ്യവും. ആരാണ് പ്രധാനപ്പെട്ടത് എന്നതല്ല. ഈ പ്രാധാന്യം എടുത്തുകാട്ടുകയായിരുന്നു യേശുവിന്റെ ലക്ഷ്യം. തൊണ്ണൂറ്റൊമ്പത് ഉണ്ടല്ലോ എന്നോർത്ത് ഒതുങ്ങിക്കൂടുന്നവനല്ല നല്ല ഇടയൻ. നഷ്ടപ്പെട്ടതിനുവേണ്ടിയുള്ള കത്തുന്ന ദാഹമുള്ളവനാണ്.

അവസാനമായി പാപ്പ പറഞ്ഞു, ഒരാടിനും ഇടയന് കണ്ടെത്താനാകാത്തവിധം ദൂരേക്ക് പോകാനാവില്ല. ഇടയൻ അവയെ കണ്ടെത്തുവോളം തിരയും. അതാണ് ഓരോ മിഷനറിയുടെയും ബലവും പ്രതീക്ഷയും. കണ്ടെത്തപ്പെടുന്ന ആടുകളെപ്രതി അജഗണം മുഴുവൻ സന്തോഷിക്കണം. അവിടെയാണ് ഇടയന്റെ മനസിനോട് ഇണങ്ങിയവരായി നാം മാറുക.

Source: Sunday Shalom