News >> ഇനിയും അറിയപ്പെടാത്ത ദൈവം പരിശുദ്ധാത്മാവെന്ന് പാപ്പാ ഫ്രാന്‍സിസ്
പരിശുദ്ധാത്മാവ് ഇന്നും പലര്‍ക്കും 'അറിയപ്പെടാത്ത ദൈവ'മാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. മെയ് 9-ാം തിയതി തിങ്കളാഴ്ച രാവിലെ, പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. അപ്പോസ്തോല നടപടിപ്പുസ്തകം വിവരിക്കുന്ന ആദ്യകാല ക്രൈസ്തവരുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത് (നടപടി 19, 1-9).ഞങ്ങള്‍ ക്രിസ്തുവിനെ അറിയുമെങ്കിലും പരിശുദ്ധാരൂപിയെക്കുറിച്ച് അറിയില്ലായെന്ന് പൗലോസ് അപ്പസ്തോലനോട് തുറന്നു പ്രസ്താവിച്ചത് എഫേസൂസിലെ ആദ്യ ശിഷ്യന്മാരാണ്. അതുപോലെ ഇന്നും പല ക്രൈസ്തവര്‍ക്കും പരിശുദ്ധാത്മാവ് 'അറിയപ്പെടാത്ത ദൈവമാണെന്നും,' അരൂപിയെ അറിയാന്‍ എന്തുചെയ്യണമെന്ന വ്യഗ്രതയിലാണ് അവരെന്നും പാപ്പാ പങ്കുവച്ചു.
പരിശുദ്ധാരൂപിയെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു:സഭയെ ചലിപ്പിക്കുന്നതും നയിക്കുന്നതും പരിശുദ്ധാത്മാവാണ്. ക്രൈസ്തവരായ ഓരോരുത്തരും ക്രിസ്തുവിലുള്ള ജ്ഞാനസ്നാനംവഴി പരിശുദ്ധാത്മാവിനെ വ്യക്തിപരമായി സ്വീകരിച്ചിട്ടുള്ളവരാണ്. അങ്ങനെയുള്ളവരുടെ കൂട്ടായ്മയാണ് സഭയ്ക്ക് രൂപംനല്കിയത്. ഈ കൂട്ടായ്മയാണ് സഭയായി വളര്‍ന്നത്. ജീവിതവഴികളിലൂടെ നയിച്ച് ലോകത്ത് നമ്മെ ക്രിസ്തു സാക്ഷികളാക്കുന്നത് പരിശുദ്ധാത്മാവാണ്. "അരൂപിയെ സ്വീകരിച്ചിട്ടുളളവര്‍ ക്രിസ്തുവിന്‍റെ സാക്ഷികളാണ്" (Antiphon).നമ്മെ പ്രാര്‍ത്ഥനയില്‍ നയിക്കുന്നതും ദൈവോത്മുഖരാക്കുന്നതും പരിശുദ്ധാത്മാവാണ്. കര്‍ത്താവിന്‍റെ അരൂപിയാണ് പ്രാര്‍ത്ഥനയുടെ പ്രേരകശക്തി. പിതാവിങ്കലേയ്ക്കു നമ്മെ നയിക്കുന്നത് ദൈവാത്മാവാണ്. ദൈവത്തെ 'പിതാവേ' എന്നു വിളിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും ദൈവാരൂപിതന്നെ. ലോകത്തിന്‍റേതായ ചുറ്റുപാടുകളില്‍ വലഞ്ഞ്, അനാഥത്വം അനുഭവിക്കാതെ വിശ്വാസ സമൂഹത്തെ കാത്തുപാലിക്കുന്നതും മുന്നോട്ടു നയിക്കുന്നതും പരിശുദ്ധാത്മാവാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.സഭയില്‍ പ്രവര്‍ത്തിച്ചുകൊണ്ടും, അതിനെ നയിച്ചുകൊണ്ടും ജീവിക്കുന്ന സഭയുടെ പ്രയോക്താവും പ്രയോജകരുമായിരിക്കുന്നത് പരിശുദ്ധാത്മാവാണ്. ജീവിതത്തില്‍നിന്നും ദൈവാത്മാവിനെ തള്ളിമാറ്റി, ഹൃദയത്തിലെവിടെയോ ബന്ധിയാക്കുമ്പോള്‍ സ്വന്തമായ വഴികള്‍ തുറക്കപ്പെടും. ധാര്‍മ്മികതയുടെയും കല്പനകളുടെയും അതിര്‍വരമ്പുകളില്‍ ഒതുങ്ങി നമുക്ക് ജീവിതം തള്ളിനീക്കാം. ഇത് ജീവിതചുറ്റുപാടുകളോടും ഉത്തരവാദിത്വത്തോടുമുള്ള നിയമപാലനത്തിന്‍റെ തണുപ്പന്‍ ധാര്‍മ്മികതയും, അരൂപിയോടുള്ള നിസ്സംഗതയുമായിരിക്കും. നിയമങ്ങളുടെ കൃത്യനിര്‍വ്വഹണം മാത്രമല്ല ക്രൈസ്തവ ജീവിതം. ക്രിസ്തുവിലുള്ള കൂട്ടായ്മയാണത്. ക്രിസ്തുവിലുള്ള കൂട്ടായ്മയെ സജീവമാക്കുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ട് ജീവിതത്തില്‍ പരിശുദ്ധാത്മാവിനെ ലാഘവത്തോടെ ബന്ധിയാക്കുവാനും (Luxury Prisoner), സൗകര്യാര്‍ത്ഥം അവഗണിക്കാനുമുള്ള സാദ്ധ്യത അപകടമാണെന്ന് പാപ്പാ താക്കീതു നല്കി.ജീവിതത്തിന്‍റെ സാങ്കല്പികതയുടെയോ അയാഥാര്‍ത്ഥ്യത്തിന്‍റെയോ മേഖലയില്ല (virtutual real) പരിശുദ്ധാത്മ സാന്നിദ്ധ്യം തേടേണ്ടത്. പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലാണ് പരിശുദ്ധാത്മാവ് സജീവനാകുന്നത്. അത് പുണ്യത്തിന്‍റെ ജീവിതമാണ്. പുണ്യജീവിതമാണെന്ന് പാപ്പ സ്ഥാപിച്ചു. (Not a virtual life, the virtuos life and the virtuous realm) ഇറ്റലിയുടെ സാമൂഹ്യ പശ്ചാത്തലത്തില്‍ അല്പം നര്‍മ്മരസം കലര്‍ത്തി പാപ്പാ സംസാരിച്ചു: പരിശുദ്ധാത്മാവിലുള്ള കൂട്ടായ്മയെ ഒരു 'കാപ്പി ക്ലബ്ബാക്കി' മാറ്റരുതെന്ന്. ദൈവാരൂപിയിലുള്ള ജീവിതത്തെ ഒരു സാമൂഹ്യ കൂട്ടായ്മയായി നാം തരംതാഴ്ത്തരുത്. കാലത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കി ക്രൈസ്തവ ജീവിതത്തിന്‍റെ പ്രവാചക ദൗത്യവും ഉത്തരവാദിത്വങ്ങളും ഉള്‍ക്കൊണ്ടു ജീവിച്ചുകൊണ്ട് ഹൃദയാന്തരാളത്തിലെ അരൂപിയെ സ്വതന്ത്രമാക്കിയാല്‍ അനുദിനജീവിതത്തില്‍ ത്രിത്വൈകഭാവവും, കൂട്ടായ്മയും ഐക്യവും ആര്‍ജ്ജിക്കാന്‍ സാധിക്കും. പാപ്പാ ഉദ്ബോധിപ്പിച്ചു.പെന്തക്കൂസ്താ മഹോത്സവത്തിന് ഒരുങ്ങുന്ന ഈ ദിവസങ്ങളില്‍ നമ്മില്‍ വസിക്കുകയും, നമ്മുടെ അനുദിന ചെയ്തികളെ നയിക്കുകയും, സ്വാധീനിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചു പ്രത്യേകം ധ്യാനിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. കാരണം നമ്മില്‍ ഓരോരുത്തരിലും, സഭയിലും വസിക്കുന്ന പരിശുദ്ധാത്മാവാണ് സഭാഗാത്രത്തിന്‍റെ കൂട്ടായ്മയെ യാഥാര്‍ത്ഥ്യമാക്കുന്നത്. ജീവിത വൈവിദ്ധ്യങ്ങളിലും വൈരുദ്ധ്യങ്ങളിലും ഐക്യത്തിന്‍റെ ഘടകവും പ്രേരകശക്തിയും പരിശുദ്ധാത്മാവുതന്നെ! ക്രിസ്തുവിന്‍റെ സാക്ഷിയായി ജീവിക്കാന്‍, ബോധ്യത്തോടും ഉത്തരവാദിത്വത്തോടുംകൂടെ മുന്നേറാന്‍ അരൂപിയുടെ അനുഗ്രങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം. അവിടുത്തോടുള്ള വിധേയത്വം പ്രഖ്യാപിക്കാം. ക്ലേശങ്ങള്‍ ക്ഷമയോടെ സഹിക്കാനുള്ള കരുത്തു നല്കണമേയെന്ന് പ്രാര്‍ത്ഥിക്കാം. അരുപിയെക്കുറിച്ച് ഈ ആഴ്ചയില്‍ പ്രത്യേകമായി ധ്യാനിക്കാം, സംഭാഷിക്കാം... ഇങ്ങനെയാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
- പേപ്പല്‍ വസതയില്‍ ശുശ്രൂഷചെയ്യുന്ന വിന്‍സെന്‍ഷ്യന്‍ സഹോദരിമാര്‍ അവരുടെ സ്ഥാപകയായ വിശുദ്ധ ലൂയിസാ മരിലാക്കിന്‍റെ അനുസ്മരണം ആചരിക്കുന്ന കാര്യം വചനചിന്തയില്‍ പാപ്പാ പരാമര്‍ശിച്ചു.
- Source: Vatican Radio