News >> തെരഞ്ഞെടുപ്പില്‍ ജീവസംസ്ക്കാരം വിലയിരുത്തപ്പെടണം : കര്‍ദ്ദിനാള്‍ ക്ലീമിസ്
തെരഞ്ഞെടുപ്പില്‍ ജീവസംസ്ക്കാരം വിലയിരുത്തപ്പെടണമെന്ന്, കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.സംസ്ഥാനത്ത് ആസന്നമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ
പശ്ചാത്തലത്തിലാണ് ജീവന്‍റെയും ജീവിത മൂല്യങ്ങളുടെയും മേഖലയില്‍ സമഗ്രതയുള്ള വ്യക്തികളെ നേതൃസ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കണമെന്ന വ്യക്തമായ ആഹ്വാനം കൊച്ചിയിലെ പി.ഒ.സി. സഭ ആസ്ഥാനത്തുനിന്നും മെയ് 9-ാം തിയതി തിങ്കളാഴ്ച കര്‍ദ്ദിനാള്‍ ക്ലീമിസ് പുറത്തുവിട്ടത്. കേരളത്തില്‍ 23 ശതമാനത്തിലേറെ വരുന്ന ക്രൈസ്തവസമൂഹത്തിന്‍റെ ശബ്ദമായിട്ടാണ് സംസ്ഥാനത്തെ തെരഞ്ഞുടുപ്പു സംബന്ധിച്ചു കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവന ഇറക്കിയത്.ഏതു മണ്ഡലത്തിലായിരുന്നാലും സ്ഥാനാര്‍ത്ഥി ഈശ്വരവിശ്വാസിയാണോ, ജീവിതത്തില്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തിയാണോ, വിശിഷ്യ ജീവനിലും ജീവിതമൂല്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്നുണ്ടല്ലോ എന്നെല്ലാം വിലയിരുത്തിവേണം വോട്ടു നല്കാനെന്ന് കെസിബിസിയുടെ ജീവന്‍റെ കമ്മിഷനുവേണ്ടി ഇറക്കിയ പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ ക്ലീമിസ് കേരളത്തിലെ വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെയും, പൊതുവെ ഇന്ത്യയിലെയും രാഷ്ട്രീയ നേതൃത്വത്തില്‍ ജീവന്‍റെയും സാമൂഹ്യ ധാര്‍മ്മികതയുടെയും മേഖലകളില്‍ പ്രകടമായി കാണുന്ന അലംഭാവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വിശ്വാസികള്‍ക്കു നല്കാന്‍ നിര്‍ബന്ധിതനാകുന്നതെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് വ്യക്തമാക്കി.ജീവന്‍റെ നിലനില്പിന് അപകടകരമായ ഭ്രൂണഹത്യ, കാരുണ്യവധം, ആത്മഹത്യ എന്നിവയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുവാന്‍ കഴിവുള്ളവരായിരിക്കണം ജനപ്രതിനിധികളും നമ്മുടെ ഭാവിനേതാക്കളുമെന്ന് മാര്‍ ക്ലീമിസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രത്തിന്‍റെ നന്മയ്ക്കായി കുഞ്ഞുങ്ങള്‍ക്കു ജീവന്‍ നല്ക്കി വളര്‍ത്തുവാന്‍ തയ്യാറാകുന്ന മാതാപിതാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുവാന്‍ കഴിയുന്ന നേതാക്കളെയും, മാതൃത്വത്തിന്‍റെ മഹനീയതയും സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും മാനിക്കുന്ന നേതാക്കളെയുമാണ് ഇന്ന് നാടിനാവശ്യമെന്ന് തിരുവനന്തപുരം മലങ്കര അതിരൂപതിയുടെ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവനയില്‍ വ്യക്തമാക്കി.സമൂഹത്തില്‍ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രത്യേക സംരക്ഷണ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ സന്നദ്ധരാകുന്നവരും, വയോജനങ്ങള്‍, അഗതികള്‍ എന്നിവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കാന്‍ കഴിവുള്ള നേതാക്കളുമാണ് നാടിന് ആവശ്യം. ജാതി മത വര്‍ഗ്ഗ രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി സമൂഹത്തിലെ സകലരെയും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നവരാകണം ഭാവിനേതാക്കളെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവിച്ചു.പ്രാദേശിക സഭയുടെ ജീവനുവേണ്ടിയുള്ള കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ പോള്‍ മാടശ്ശേരി, പ്രഫസര്‍ ജോര്‍ജ്ജ് എഫ്. സേവ്യര്‍, അഡ്വക്കേറ്റ് ജോസി സേവ്യര്‍, യുഗേഷ് പുളിക്കല്‍, സാബു ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നവര്‍ സഭാദ്ധ്യക്ഷന്‍റെ സംയുക്ത പ്രസ്താവനയെ പിന്‍താങ്ങി.Source: Vatican Radio