News >> സീറോ മലബാര്‍ സഭ അസംബ്ളി 2016 ഓഗസ്റില്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ അസംബ്ളി 2016 ഓഗസ്റ് 26 മുതല്‍ 28 വരെ വിളിച്ചു ചേര്‍ക്കാന്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡ് തീരുമാനിച്ചു.
സഭയുടെ രൂപതകളിലും സന്യാസസമൂഹങ്ങളിലും സെമിനാരികളിലുംനിന്നു നിര്‍ദേശിക്കപ്പെട്ട,

- കുടുംബങ്ങളുടെ പവിത്രതയെ സംരക്ഷിക്കല്‍,

- സഭയുടെ ആര്‍ദ്രതയാര്‍ന്ന മുഖം, 

- സഭയും സമൂഹവും തമ്മിലുള്ള ബന്ധം,

- സുവിശേഷവത്കരണത്തിന്റെ സനാതനമൂല്യങ്ങള്‍,

- പരിസ്ഥിതി സൌഹൃദം, 

- സമര്‍പ്പിത ജീവിതത്തിന്റെ പാവനത, 

- മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്ന വിശ്വാസികളുടെ അജപാലന പരിപോഷണം, 

- ആരാധനക്രമത്തിലെ കൂട്ടായ്മ എന്നീ വിഷയങ്ങള്‍ അസംബ്ളി ചര്‍ച്ച ചെയ്യും. 

സഭയുടെ മുന്നോട്ടുള്ള യാത്രയില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാധ്യതകളുമായാണു വിഷയങ്ങളെ സമീപിക്കേണ്ടതെന്നു സിനഡ് വിലയിരുത്തി. 

മറ്റു അസംബ്ളികളില്‍നിന്നു വ്യത്യസ്തമായി 475ഓളം പേര്‍ പങ്കെടുക്കുന്ന 2016ലെ അസംബ്ളിയില്‍ സഭയെക്കുറിച്ചു കഴിയാവുന്നിടത്തോളം ആളുകളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കപ്പെടണമെന്നാണു സിനഡിന്റെ പ്രതീക്ഷ. അസംബ്ളിയില്‍നിന്നുള്ള ആശയങ്ങളും നിരീക്ഷണങ്ങളും അവയുടെ മൂല്യം വിലയിരുത്തി സഭയുടെ ഘടനയുടെ തീരുമാനങ്ങളായി മാറ്റണമെന്നു സിനഡ് ആഗ്രഹിക്കുന്നു. ക്രിയാത്മകവും കാലികവും പുരോഗമനാത്മകവുമായ ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അസംബ്ളി രൂപം നല്‍കുമെന്നും സിനഡ് പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ 2010 ഓഗസ്റിലാണ് അസംബ്ളി നടന്നത്. സഭാജീവന്റെ സംരക്ഷണത്തിനും സമഗ്രതയ്ക്കും വേണ്ടി എന്നതായിരുന്നു അന്നത്തെ വിഷയം. 

വൈദികരുടെ തുടര്‍പരിശീലനം സഭയുടെ വലിയ കടമയാണെന്നു സിനഡ് വിലയിരുത്തി. മാറി വരുന്ന ദൈവശാസ്ത്ര വിചിന്തനങ്ങളും മാറ്റം വരുന്ന സാമൂഹ്യയാഥാര്‍ഥ്യങ്ങളും തുടര്‍പരിശീലനത്തിലൂടെ അജപാലന രംഗത്തുളള വൈദികര്‍ക്കു പകര്‍ന്നു നല്‍കുന്നതിനു സിനഡ് കമ്മീഷനെ ചുമതലപ്പെടുത്തി.
സഭയിലെ ഏകസ്തരായ സ്ത്രീകള്‍ക്കു വേണ്ടി യേശുവിന്റെ നീട്ടപ്പെട്ട കരമായി മാറുന്നതിനെക്കുറിച്ചു സീറോ മലബാര്‍ സഭ ചിന്തിക്കും. അടുത്ത സിനഡില്‍ അവരെക്കുറിച്ചുള്ള പഠനം അവതരിപ്പിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Source: Deepika