News >> ലോക യുവജനസമ്മേളനം ജൂലൈ 25 മുതൽ
ന്യൂഡൽഹി: ലോകമെങ്ങുമുള്ള കത്തോലിക്ക യുവജനങ്ങളുടെ മഹാസംഗമമായ ലോക യുവജന സമ്മേളനം ജൂലൈ 25 മുതൽ 31 വരെ പോളണ്ടിലെ ക്രാക്കോവിൽ ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്യും. വേൾഡ് യൂത്ത് ഡേ തുടങ്ങിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മനാടായ ക്രാക്കോവിൽ നടക്കുന്ന സമ്മേളനം ചരിത്രത്തിലെ ഏറ്റവും വിപുലവും മികച്ചതുമാകുമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോയും പോളണ്ട് അംബാസഡർ തോമസ് ലൂക്കാസുക്കും പത്രസമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യയിൽനിന്ന് ചുരുങ്ങിയത് കാൽലക്ഷത്തോളം പേർ ക്രാക്കോവിലെ ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇരുവരും വിശദീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കത്തോലിക്ക യുവജന സമ്മേളനമാകുമിത്. ജൂലൈ 31-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. ജോൺ പോൾ രണ്ടാമന്റെ ദിവ്യബലി എന്ന പ്രത്യേക സംഗീത പരിപാടിയും സമാപന ചടങ്ങിൽ ഉണ്ടാകും. ലത്തീൻ ഭാഷയിൽ എഴുതി ഹെൻറിക് ജാൻ ബോതോർ സംവിധാനം ചെയ്ത ഈ സംഗീത പരിപാടി വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പോളണ്ടിലെ പ്രശസ്തരായ 300 പേരുടെ ഗായകസംഘവും നൂറുപേരുടെ ഓർക്കസ്ട്രയും ചടങ്ങിനെ സംഗീതസാന്ദ്രമാക്കും.ജൂലൈ 27-ന് ഉച്ചകഴിഞ്ഞ് ഫ്രാൻസിസ് മാർപാപ്പയുടെ പോളണ്ടിലെ ആദ്യ ഔദ്യോഗിക സന്ദർശനം തുടങ്ങുമെന്ന് അംബാസഡർ തോമസ് ലൂക്കാസുക് പറഞ്ഞു. പോളണ്ട് പ്രസിഡന്റ് അന്ദ്രേജ് ദൂദയുമായും പോളണ്ടിലെ ബിഷപ്പുമാരുമായും അന്നുതന്നെ മാർപാപ്പ കൂടിക്കാഴ്ച നടത്തും. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും രീതിയുടെ തുടർച്ചയായി വൈകുന്നേരം ക്രാക്കോവിലെ ബിഷപ്‌സ് ഹൗസിന്റെ ജനാലയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. യുവജനസമ്മേളന പ്രതിനിധികളോട് മാർപാപ്പയുടെ പോളണ്ടിലെ ആദ്യ പ്രസംഗം ഇതാകുമെന്ന് ആർച്ച് ബിഷപ് ഡോ. പെനാക്കിയോ വ്യക്തമാക്കി.പോളണ്ടിലെ നാസി പീഡനകേന്ദ്രങ്ങളായിരുന്ന ഓഷ്‌വിറ്റ്‌സ് - ബുർക്കിനാവ് ക്യാമ്പുകൾ 29-ന് സന്ദർശിക്കുന്ന മാർപാപ്പ അവിടെ നടക്കുന്ന പ്രത്യേക ചടങ്ങിലും പ്രസംഗിക്കും. 28-ന് സെസ്‌തോചോവായിലും 30-ന് ലാഗിയെൻ വിനിക്കിയിലും തീർത്ഥാടനകേന്ദ്രങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തും. വേൾഡ് യൂത്ത് ഡേയും മാർപാപ്പയുടെ സന്ദർശനവും വിജയകരമാക്കാൻ പോളണ്ടിലെ സർക്കാരും കത്തോലിക്ക സഭയും ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്. സമ്മേളനത്തിനായി 25,000 യുവവോളണ്ടിയർമാരും രംഗത്തുണ്ടാകും.രണ്ടാം തവണയാണ് ലോക യുവജനദിന സമ്മേളനത്തിന് പോളണ്ട് ആതിഥ്യം വഹിക്കുന്നതെന്ന് വത്തിക്കാൻ, പോളണ്ട് സ്ഥാനപതിമാർ വിശദീകരിച്ചു. ആദ്യസമ്മേളനത്തിൽ 15 ലക്ഷം യുവജനങ്ങൾ പങ്കെടുത്തു. ഇത്തവണ പത്തുലക്ഷം പേരെങ്കിലും കൂടുതലായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 1991-ൽ പോളണ്ടിലെ സെസ്‌തോചോവായിൽ ആയിരുന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആദ്യ സമ്മേളനം വിളിച്ചുചേർത്തത്. ഇതിന്റെ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് 28-ന് ഇതേ വേദിയിലെത്തി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥന നടത്തും. ബ്രസീലിലെ റിയോ ഡിഷാനേറോയിൽ 2013-ൽ നടന്ന കഴിഞ്ഞ ലോക യുവജനസമ്മേളനത്തിന്റെ സമാപനത്തിൽ ഫ്രാൻസിസ് മാർപാപ്പയാണ് ക്രാക്കോവിൽ 2016-ലെ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചത്.സി.ബി.സി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ മോൺ. ജോസഫ് ചിന്നയ്യൻ, വത്തിക്കാൻ കൗൺസിലർമാരായ മോൺ. ഹെൻറിക് ജോഗ്ദ്‌സിൻസ്‌കി, മോൺ. മൗറോ ലല്ലി, മോൺ. തൂവോമോടി, വിംപാരി എന്നിവരും പ്രസ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ നസീം എ. കാസ്മിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.Source: Sunday Shalom