News >> ഇരുകരകളെയും യോജിപ്പിക്കാൻ പണിയുന്ന പാലമാണ് സമ്പർക്കമാധ്യമങ്ങൾ.


ഇത് കരുണയുടെ വിശുദ്ധവത്സരമാണ്. കരുണയും സാമൂഹികസമ്പർക്കവും തമ്മിൽ ഉളവാകേണ്ട ബന്ധത്തെക്കുറിച്ച് നമുക്കു പരിചിന്തനം ചെയ്യാം. കരുണയുടെ പിതാവിന്റെ സാക്ഷാത്തായ അവതാരമാണ് ക്രിസ്തു. ആ ക്രിസ്തുവിനോടു ചേർന്ന് സഭ സത്തയിലും കർമ്മത്തിലും കരുണ പ്രാവർത്തികമാക്കേണ്ടതുണ്ട്; അതാണ് അവളുടെ വ്യതിരിക്തതയുടെ അടയാളം. സഭാമക്കളെന്നനിലയിൽ നാം പറയുന്നതും ചെയ്യുന്നതും - നമ്മുടെ ഓരോ വാക്കും ചലനവും - ദൈവത്തിന്റെ കരുണയെയും ആർദ്രതയെയും ക്ഷമിക്കുന്ന സ്‌നേഹത്തെയും വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. സ്‌നേഹത്തിന്റെ തനതുഭാവം ബന്ധമാണ്; സമ്പർക്കവും വിനിമയവുമാണ്. അതു തുറവിലേക്കും പങ്കുവയ്ക്കലിലേക്കും നയിക്കുന്നു. ഹൃദയവും പ്രവൃത്തികളും ഉപവിയാലും ദൈവസ്‌നേഹത്താലും പ്രചോദിതമെങ്കിൽ നമ്മുടെ സമ്പർക്കങ്ങളും വിനിമയങ്ങളും ദൈവശക്തിയുടെ സ്പർശമുള്ളതായിരിക്കും.

ദൈവമക്കളെന്നനിലയിൽ എല്ലാവരും പരസ്പരസമ്പർക്കത്തിനും വിനിമയത്തിനും വിളിക്കപ്പെട്ടവരാണ്. ആരും ഈ ദൗത്യത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നില്ല. വ്യതിരിക്തത പുലർത്തിക്കൊണ്ടുതന്നെ കരുണയെ അറിയിക്കുവാനും ഹൃദയങ്ങളെ സ്പർശിക്കുവാനും ജീവിത സമ്പൂർണതയിലേക്കുള്ള തീർത്ഥയാത്രയിൽ അവയെ നിലനിർത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് സഭയുടെ ഓരോ വാക്കും പ്രവൃത്തിയും. ജീവിതത്തിന്റെ സമ്പൂർണത എല്ലാവർക്കും നൽകാനാണ് പിതാവ് പുത്രനായ യേശുവിനെ ഈ ലോകത്തിലേക്കയച്ചത്. യേശു ലോകം മുഴുവൻ അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യണമെങ്കിൽ നമ്മൾ തന്നെ സഭാമാതാവിന്റെ ഊഷ്മളസ്‌നേഹത്തെ ഉൾക്കൊള്ളുകയും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം. സ്‌നേഹത്തിന്റെ ഈ ചൂടാണ് വിശ്വാസത്തിന്റെ വചനത്തിന് ആത്മാവു നല്കുന്നത്. നമ്മുടെ പ്രഘോഷണവും സാക്ഷ്യവും അവർക്കു ജീവൻ നല്കുന്ന ആ അഗ്നിസ്ഫുലിംഗത്തെ പ്രോജ്ജ്വലിപ്പിക്കുന്നു.

ബന്ധങ്ങളുടെ നിർമ്മിതി

ഇരുകരകളെയും യോജിപ്പിക്കാൻ പണിയുന്ന പാലമാണ് സാമൂഹിക സമ്പർക്കമാധ്യമങ്ങൾ. ഭാവാത്മകമായ ഒരു കണ്ടുമുട്ടലിനെയും ഉൾക്കൊള്ളലിനെയും അതു ശാക്തീകരിക്കുന്നു. അങ്ങനെ സമൂഹത്തെ മുഴുവൻ ധന്യമാക്കുന്നു. ജനങ്ങൾ തങ്ങളുടെ വാക്കുകളും പ്രവൃത്തികളും കരുതലോടെ തെരഞ്ഞെടുക്കുകയും, തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ പരിശ്രമിക്കുകയും മുറിവേറ്റ ഓർമ്മകൾ സൗഖ്യപ്പെടുത്തുകയും സമാധാനവും ഐക്യവും ചാലിച്ചെടുക്കുകയും ചെയ്യുന്നത് എത്രയോ സുഭഗവും സുന്ദരവുമാണ്! വ്യക്തികൾ തമ്മിലും കുടുംബങ്ങൾ തമ്മിലും പാലം തീർക്കാൻ വാക്കുകൾക്കു കഴിയും. സാമൂഹികസഖ്യങ്ങളും രാഷ്ട്രങ്ങളും തമ്മിൽ ബന്ധമുണ്ടാക്കാനും അതിനു സാധിക്കും. പ്രതികാരത്തിന്റെ വിഷമവൃത്തങ്ങളിൽനിന്നു സ്വതന്ത്രരാവാൻ സഹായിക്കുന്നതായിരിക്കണം നമ്മുടെ വാക്കുകളും പ്രവൃത്തികളും. കാരണം, ഇന്നും വ്യക്തികളും രാഷ്ട്രങ്ങളും അവയുടെ കെണിയിലാണ്. ശപ്തമായ പ്രതികാരഭാവം, അതിശക്തമായ വെറുപ്പ് വളർത്തുന്നു. ക്രിസ്ത്വനുയായികളുടെ വചസുകൾ ഒരുമയും ഐക്യവും അഭംഗുരം പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം. തിന്മയെ വിട്ടുവീഴ്ചയില്ലാതെ അപലപിക്കേണ്ടിവരുമ്പോഴും ബന്ധങ്ങളും സമ്പർക്കങ്ങളും വിണ്ടുകീറാൻ പാടില്ല.

സാമൂഹിക സമ്പർക്ക മാധ്യമങ്ങളുടെ കരുത്ത്

ബന്ധങ്ങളിലും സമൂഹങ്ങളിലും സമാധാനവും ഐക്യവും പുന:സ്ഥാപിക്കാനുള്ള കരുണയുടെ കരുത്തിനെ കണ്ടെത്താൻ ലോകത്തിലെ എല്ലാ സുമനസുകളോടും ഞാൻ ആഹ്വാനംചെയ്യുന്നു. പ്രാചീനകാല മുറിവുകളും അനിഷ്ടങ്ങളും എങ്ങനെയാണ് വ്യക്തികളെ കെണിയിലാക്കുന്നതെന്നും, പരസ്പരവിനിമയത്തിന്റെയും അനുരഞ്ജനത്തിന്റെയും മാർഗത്തിൽ വിഘാതം സൃഷ്ടിക്കുന്നതെന്നും നമുക്കറിയാം. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും ഇതു ബാധകമാണ്. എന്നാൽ ഏതു പരിത:സ്ഥിതിയിലും പുതിയ ഭാഷയും ഭാഷണരീതിയും സൃഷ്ടിച്ചെടുക്കാൻ കരുണയ്ക്കു കഴിയും. 'വെനീസിലെ കച്ചവടക്കാരൻ' എന്ന നാടകത്തിൽ ഷേക്‌സ്പിയർ എത്രയോ വചോവിലാസത്തോടെ ഇതു പറഞ്ഞിരിക്കുന്നു: കരുണയുടെ കരുത്ത് അഭംഗുരമാണ്.

ആകാശത്തുനിന്ന് ഭൂമിയിൽ നിപതിക്കുന്ന മൃദുലമായ മഴപോലെയാണത്. രണ്ടുവിധത്തിലും അത് അനുഗൃഹീതമാണ്. കൊടുക്കുന്നവനെയും സ്വീകരിക്കുന്നവനെയും ഒരുപോലെ അതനുഗ്രഹിക്കുന്നു. (Merchant of Venice Act IV, Scene 1)നമ്മുടെ രാഷ്ട്രീയ, നയതന്ത്രഭാഷകൾ കരുണയാൽ പ്രചോദിതമായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. കാരണം, കരുണയുടെ ഭാഷ പ്രതീക്ഷ കൈവെടിയുന്നതല്ല. സ്ഥാപനങ്ങളുടെയും രാഷ്ട്രങ്ങളുടെയും അധികാരികളോടും, പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന എല്ലാവരോടും ഞാൻ ആവശ്യപ്പെടുന്നു: വഴിമാറി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെക്കുറിച്ചും, തെറ്റുകൾ വരുത്തിയിട്ടുള്ളവരെക്കുറിച്ചും നിങ്ങൾ സംസാരിക്കുമ്പോൾ, അതീവ ജാഗ്രതയും സൂക്ഷ്മതയും പുലർത്തണം.

സംശയത്തിന്റെയും ഭയത്തിന്റെയും വെറുപ്പിന്റെയും ജ്വാലകൾ ആളിക്കത്തിക്കുന്ന സാഹചര്യങ്ങളെ ചൂഷണംചെയ്യാനുള്ള പ്രലോഭനത്തിനു വശംവദരാകാൻ എളുപ്പമാണ്. എന്നാൽ അനുരഞ്ജനത്തിന്റെ പാതയിൽ ജനതയെ നയിക്കുവാൻ ധീരത വേണം. സൂക്ഷ്മമായി ചിന്തിച്ചാൽ അത്തരം ഭാവാത്മകവും സർഗാത്മകവുമായ ധീരതയാണ് പോയകാല സംഘർഷങ്ങൾക്ക് പരിഹാരവും സ്ഥായിയായ സമാധാനം സ്ഥാപിക്കാനുള്ള അവസരവും പ്രദാനംചെയ്യുന്നത്. 'സമാധാന സംസ്ഥാപകർ അനുഗൃഹീതരാകുന്നു, എന്തെന്നാൽ അവർ ദൈവമക്കളെന്നു വിളിക്കപ്പെടും (മത്താ 5,7-9).

അജപാലക വീഥിയിലെ കാരുണ്യസ്പർശം

അജപാലകരെന്ന നിലയിൽ നമ്മുടെ ആശയവിനിമയരീതികളും ശുശ്രൂഷകളും അഹന്തനിറഞ്ഞതാകരുത്. ശത്രുവിന്റെമേൽ വിജയംനേടിയ മേലാളസ്വഭാവം പുലർത്തുന്നതുമാകരുത് എന്നാണെന്റെ ആഗ്രഹം. അതേസമയം, നഷ്ടപ്പെട്ടവരെന്നും അവഗണിക്കപ്പെട്ടവരെന്നും ലോകം കണക്കാക്കുന്നവരെ വിലകുറഞ്ഞവരായി നാം കരുതരുത്. കാരുണ്യത്തിന് ഒരു പ്രത്യേകതയുണ്ട്: ജീവിതത്തിന്റെ കഷ്ടപ്പാടുകളെ മയപ്പെടുത്താൻ അതു സഹായിക്കുന്നു. തണുത്തുറഞ്ഞ നിയമവിധികളുടെ അനുഭവങ്ങൾ മാത്രമുള്ളവർക്ക് ഊഷ്മളമായ ഉത്സാഹം നല്കാനും അതിനു കഴിവുണ്ട്. നമ്മുടെ വിനിമയരീതികൾ, പാപികളെയും നീതിമാന്മാരെയും വേർതിരിച്ചെടുക്കുന്ന നമ്മുടെ മനോഘടനയുടേതാണ്. അതിനെ മറികടക്കേണ്ടിയിരിക്കുന്നു. പാപസാഹചര്യങ്ങളെ - ഹിംസ, അഴിമതി, ചൂഷണം - പ്രത്യേകം വിലയിരുത്തണം. വ്യക്തികളെ വിധിക്കരുത്. ദൈവത്തിനുമാത്രമേ അവരുടെ ഹൃദയത്തിന്റെ അഗാധതകളെ കാണാനാവൂ. തെറ്റുചെയ്യുന്നവരെ ശാസിക്കണം; അനീതികളെയും തിന്മയെയും അപലപിക്കണം. പതിതരെ ഉയർത്താനും ഇരകളെ മോചിപ്പിക്കാനും വേണ്ടിയാവണം അത്. യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു: 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' (യോഹ 8,32). സത്യം എന്നതു ആത്യന്തികമായി ക്രിസ്തുതന്നെയാണ്. സത്യത്തെ പ്രഘോഷിക്കുകയും അനീതിയെ അപലപിക്കുകയും ചെയ്യുന്ന നമ്മുടെ രീതികളെ വിലയിരുത്താനുള്ള അളവുകോലാണ് അവിടത്തെ ആർദ്രമായ കാരുണ്യം. സ്‌നേഹത്തോടെ സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ് നമ്മുടെ പ്രഥമ ദൗത്യം (എഫേ 4,15). ശാന്തതയിലും കരുണയിലും ചാലിച്ച സ്‌നേഹത്തോടെ മൊഴിയുന്ന വചസുകൾക്കേ പാപപങ്കില ഹൃദയങ്ങളെ സ്പർശിക്കാനാവൂ. പരുഷവും ഉപദേശമാത്രവുമായ വാക്കുകളും പ്രവൃത്തികളും അവരെ കൂടുതൽ അകറ്റുകയും, സ്വാതന്ത്ര്യത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കുന്നതിനുപകരം അവരിൽ തിരസ്‌കാരത്തിന്റെയും പ്രതിരോധത്തിന്റെയും ഭാവം ദൃഢീകരിക്കുകയും ചെയ്യും.

കുടുംബ ബന്ധങ്ങളിലെ കാരുണ്യക്കൂട്

കാരുണ്യാധിഷ്ഠിതമായ സാമൂഹികദർശനം അത്യധികം ആദർശാത്മകമോ, അതിരില്ലാത്തവിധം ദയാമയമോ എന്നു സംശയിക്കുന്നുണ്ട് ചിലർ. എന്നാൽ സ്വന്തം കുടുംബബന്ധങ്ങളിലെ പ്രാഥമികാനുഭവം എന്താണെന്ന് ഓർത്തുനോക്കുക. മാതാപിതാക്കൾ നമ്മുടെ കഴിവുകളും നേട്ടങ്ങളും നോക്കിയാണോ നമ്മെ സ്‌നേഹിച്ചതും വിലമതിച്ചതും? അവർ സ്വാഭാവികമായും മക്കളുടെ നന്മമാത്രമേ കാംക്ഷിച്ചുള്ളൂ. പക്ഷേ, അവരുടെ സ്‌നേഹം ഒരു വ്യവസ്ഥയുടെയും അടിസ്ഥാനത്തിലായിരുന്നില്ല. വീട് എപ്പോഴും നമ്മെ സ്വാഗതം ചെയ്യുന്നിടമാണ് (Cf. Lk: 15,13-32), അപരിചിതർ കണ്ടുമുട്ടുകയും മത്സരിക്കുകയും ഒന്നാം സ്ഥാനത്തെത്താൻ വെമ്പുകയും ചെയ്യുന്ന വേദിയല്ല. അതൊരു കുടുംബമാണ്; ഏതുസമയത്തും കയറിച്ചെല്ലാവുന്ന, തുറന്ന വാതിലുകളുള്ള ഒരു വീട്. അങ്ങനെയൊരു സമൂഹസങ്കല്പം ഏവരിലും വളരണമെന്നാണ് എന്റെ ആഗ്രഹം. ഈ ആഗ്രഹം സഫലമാവണമെങ്കിൽ നാം മറ്റുള്ളവരെ ശ്രവിക്കുന്നവരാകണം. ആശയവിനിമയം എന്നത് പങ്കുവയ്ക്കലാണ്. പങ്കുവയ്ക്കലാകട്ടെ, ശ്രവണവും (Listening) സ്വീകരണവുമാണ്. ശ്രവണം വെറുതെ കാതുകൊടുക്കലല്ല. കേൾക്കുക എന്നത് അറിവു സ്വീകരിക്കൽ മാത്രമാണ്; അതേസമയം ശ്രവണമാകട്ടെ, പരസ്പരബന്ധമാണ്; ഇഴയടുപ്പം ആവശ്യപ്പെടുന്നതുമാണ്. ശ്രവണം നേരായ മാർഗം കാണാൻ സഹായിക്കുന്നു. വെറും നിർജീവരായ കാഴ്ചക്കാരോ ഉപയോക്താക്കളോ ആകാൻ അനുവദിക്കുകയുമില്ല. ശ്രവണം ചോദ്യങ്ങളുടെയും സംശയങ്ങളുടെയും പങ്കുവയ്ക്കലാണ്; പരസ്പരം ഓരം ചേർന്ന യാത്രയാണ്. സമ്പൂർണാധികാരത്തിന്റെ അവകാശവാദങ്ങളെ അതു പുറംതള്ളുന്നു; നമ്മുടെ ദാനങ്ങളെയും സിദ്ധികളെയും സമൂഹനന്മയ്ക്കായി ഉപയോഗപ്പെടുത്തുന്ന ശുശ്രൂഷയാക്കി മാറ്റുന്നു.

ശ്രവണം സുഗമമല്ല; കേൾക്കുന്നില്ലെന്നു നടിക്കാൻ എളുപ്പമാണ്. ശ്രവണം ശ്രദ്ധയും ധാരണയുമാണ്, വിലമതിക്കലും ബഹുമാനിക്കലുമാണ്. അപരന്റെ വാക്കുകളെക്കുറിച്ചുള്ള ധ്യാനമാണ്. അത് രക്തസാക്ഷിത്വം അഥവാ ആത്മബലി ആവശ്യപ്പെടുന്നു. കത്തുന്ന മുൾപ്പടർപ്പിനു മുന്നിൽ നില്ക്കുന്ന മോശയെ അനുകരിക്കാൻ ശ്രമിക്കലാണത്. അതിവിശുദ്ധസ്ഥലത്തു നില്ക്കുന്ന നാം ചെരിപ്പുകൾ അഴിച്ചുമാറ്റേണ്ടതുണ്ട്. പുറ. 3:5-ൽ പറയുന്നു: എന്നോടു സംസാരിക്കുന്നവനുമായുളുള നേർക്കാഴ്ചയാണ ശ്രവണം. ശ്രവിക്കാൻ കഴിയുക എന്നത് അളവില്ലാത്ത കൃപയാണ്. നാം ചോദിച്ചുവാങ്ങേണ്ട ദാനമാണത്; അവശ്യമായും ചോദിച്ചുവാങ്ങേണ്ട ഒന്ന്.

നവമാധ്യമങ്ങളുടെ അനന്തസാധ്യതകൾ

ഈ-മെയിൽ സന്ദേശങ്ങൾ, സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ, അനൗപചാരികമായ സംഭാഷണങ്ങൾ - എല്ലാം ആശയവിനിമയത്തിന്റെ ആധുനിക രൂപങ്ങളാണ്. സാങ്കേതിക ശാസ്ത്രമല്ല വിനിമയത്തിന്റെയും ബന്ധങ്ങളുടെയും ആധികാരികത നിർണയിക്കേണ്ടത്. മറിച്ച്, മനുഷ്യഹൃദയവും മുന്നിലെ മാർഗങ്ങളെ വിവേകപൂർവം ഉപയോഗപ്പെടുത്താനുള്ള കഴിവുമാണ്. സാമൂഹിക മാധ്യമങ്ങൾ പരസ്പരബന്ധങ്ങളെ സുഗമമാക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു. അതേസമയം, ജാഗ്രതപുലർത്തിയില്ലെങ്കിൽ കൂടുതൽ ധ്രുവീകരണത്തിനും വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള വിഭജനത്തിനും അതു കാരണമാകാം. ഡിജിറ്റൽ ലോകം ഒരു മഹാചത്വരമാണ് - ഒരു സംഗമഭൂമി. ഒന്നുകിൽ പരസ്പരം അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം, അല്ലെങ്കിൽ പരസ്പരം അപമാനിക്കാം. ഒന്നുകിൽ അർത്ഥപൂർണമായ സംവാദങ്ങളിൽ ഏർപ്പെടാം, അല്ലെങ്കിൽ അന്യായമായ ആക്രമണത്തിൽ മുഴുകാം. കാരുണ്യത്തിൽ ജീവിച്ചുകൊണ്ട് ഈ ജൂബിലിവർഷം കൂടുതൽ തീക്ഷ്ണമായ സംവാദത്തിനു വാതിൽ തുറക്കട്ടെ. അതുവഴി കൂടുതൽ അറിയാം; മനസിലാക്കാം; സംവൃത മനസുകളെ കൂടുതൽ ഉദാരമാക്കാം. ഏതുതരത്തിലുള്ള (അടഞ്ഞ) വിവേചനത്തെയും ഹിംസയെയും വിദൂരതയിലേക്കു മാറ്റിനിർത്താം.

ഇന്റർനെറ്റ് നമ്മെ കൂടുതൽ നല്ല വിശ്വപൗരന്മാരാക്കട്ടെ, ഡിജിറ്റൽ വലയം അയൽക്കാരനോടുള്ള ഒരു ഉത്തരവാദിത്വം നമ്മെ ഏല്പിക്കുന്നു: നാം അവനെ കാണുന്നില്ല, എന്നാൽ അവൻ ഒരു യാഥാർത്ഥ്യമാണ്. ബഹുമാനിക്കപ്പെടേണ്ട അന്തസ് അവനുണ്ട്. വിവേകപൂർവം ഇന്റർനെറ്റ് ഉപയോഗിക്കുക. അങ്ങനെ ആരോഗ്യകരവും പങ്കുവയ്ക്കുന്നതിൽ ഉദാരവുമായ ഒരു സമൂഹത്തെ പടുത്തുയർത്തുക.

ഉപസംഹാരം

ആശയവിനിമയം പുതിയ ചക്രവാളങ്ങൾ തുറക്കുകയാണ്. അത് ദൈവത്തിന്റെ ദാനമാണ്. അതിനാൽത്തന്നെ വലിയ ഉത്തരവാദിത്വം അതുൾക്കൊള്ളുന്നു. സാമീപ്യം(Closeness) എന്നതിനെ വിളിക്കാനാണെനിക്കിഷ്ടം. ആശയവിനിമയബന്ധങ്ങളും കരുണയും തമ്മിലുള്ള നേർക്കാഴ്ച (Encounter) സഫലമാകണമെങ്കിൽ, കരുതലിന്റെയും സാന്ത്വനത്തിന്റെയും സൗഖ്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും ഇഴയടുപ്പം അതു സൃഷ്ടിക്കണം.

Source: Sunday Shalom