News >> മാധ്യമ 'അധർമ്മം' വരുത്തുന്ന വിനകൾ!


യു.എസ്.എ: അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം, ഏകദേശം 170 മില്യൺ ആളുകൾ ഓരോ ദിവസവും ഫെയ്‌സ്ബുക്ക് നൽകുന്ന പ്രധാനവാർത്തകൾ വായിക്കുന്നവരാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വാർത്തകൾക്കായി ഫെയ്‌സ്ബുക്ക് പലപ്പോഴും ആശ്രയിക്കുന്നത് ന്യൂയോർക്ക് ടൈംസ്, ബിബിസി, സിഎൻഎൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെയാണ്.

അടുത്തിടെ ഫെയ്‌സ്ബുക്കിലെ ജോലി ഉപേക്ഷിച്ച റിപ്പോർട്ടർമാരുടെയും അവിടെ ഇന്റർനെറ്റ് മാനേജ് ചെയ്തിരുന്നവരുടെയും വിപുലമായ ഒരു ഇന്റർവ്യൂ നടത്തപ്പെടുകയുണ്ടായി. അവരിൽ ഭൂരിഭാഗവും നൽകിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ; "ലോകത്താകമാനം, പ്രത്യേകിച്ച് അമേരിക്കയിൽ ജനപ്രീതിയുള്ള വാർത്തകളെ ഇന്റർനെറ്റിന്റെ സഹായത്തോടെ അവലോകനം ചെയ്ത് ഓട്ടോമാറ്റിക് റെസ്‌പോൺസിലൂടെ കണ്ടെത്തുകയായിരുന്നു ഞങ്ങളുടെ ജോലി. അങ്ങനെ കണ്ടെത്തുമ്പോൾ പലപ്പോഴും ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വാർത്തകൾക്കാവും കൂടുതൽ വായനക്കാരുടെ പിന്തുണ. സ്വവർഗവിവാഹം, ഭ്രൂണഹത്യ തുടങ്ങിയ കാര്യങ്ങളെ അനുകൂലിക്കുന്നവരുടെയും അവയെക്കുറിച്ച് നൽകപ്പെടുന്ന സർവേകളുടെയും വാർത്തയ്ക്ക് പലപ്പോഴും വായനക്കാരുടെ പിന്തുണ ഉണ്ടാകാറില്ല. അവയൊന്നും അത്ര 'ട്രെൻഡിംഗ്' ആയിരുന്നിരുന്നില്ല എന്നു സാരം."

"എന്നാൽ വായനക്കാരുടെ പിന്തുണയനുസരിച്ച് മുൻഗണനാക്രമം നിശ്ചയിക്കപ്പെടേണ്ടുന്ന വാർത്തകളെ പലപ്പോഴും മാറ്റിമറിക്കുവാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുമായിരുന്നു. ഭ്രൂണഹത്യ, സ്വവർഗബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് ലോകമെങ്ങും വായനക്കാരുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു അവിടെ നടന്നിരുന്നത്. ന്യൂയോർക്ക് ടൈംസ്, ബിബിസി, സിഎൻഎൻ തുടങ്ങിയ ചാനലുകളും വാർത്താമാധ്യമങ്ങളും പോലും ഇത്തരത്തിൽ ട്രെൻഡിംഗ് ന്യൂസുകളുടെ കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വാർത്തയ്ക്ക് കൂടുതൽ വായനക്കാരുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നതോടെ സമാനമായ വാർത്തകൾ നല്കുവാൻ അവരും നിർബന്ധിക്കപ്പെടും."

പ്രസിഡന്റ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരുടെ അഭിപ്രായങ്ങളും പ്രസംഗങ്ങളും ജനപിന്തുണയുള്ളതും ഇല്ലാത്തതും ആക്കുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുൻ ജോലിക്കാർ പറയുന്നു. കഴിഞ്ഞ പ്രാവശ്യത്തെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മിറ്റി റോമ്‌നിയെക്കുറിച്ചുള്ള ധാരാളം വാർത്തകൾ ഇപ്രകാരം അപ്രസക്തമാക്കുവാൻ കഴിഞ്ഞു, അതിന് പാരിതോഷികങ്ങളും ലഭിച്ചു എന്നു ജോലിക്കാർ പറയുമ്പോൾ ഏതറ്റം വരെയെത്തുന്നു മാധ്യമ അധർമ്മം എന്നു കാണണം ലോകം. സ്വവർഗവിവാഹത്തെയും ഭ്രൂണഹത്യയെയും പരസ്യമായി എതിർത്ത വ്യക്തിയായിരുന്നു മിറ്റ് റോമ്‌നി. മാധ്യമരംഗത്ത് നടക്കുന്ന ഇത്തരം ചതിപ്രയോഗങ്ങളെക്കുറിച്ചുള്ള അനുഭവസ്ഥരുടെ കുറിപ്പുകൾ ലോകം ഞെട്ടലോടെയാണ് കേൾക്കുന്നത്.

ഭൂരിപക്ഷം വ്യത്യസ്തമായ അഭിപ്രായമുള്ളവരാകുമ്പോഴും ജനങ്ങളുടെ ചിന്താഗതി ഇങ്ങനെയൊക്കെയാണെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചെറിയൊരു വിഭാഗം ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളെ സാർവത്രികമാക്കുവാൻ ഇതിലൂടെ അവർക്ക് സാധിച്ചു. ജനദ്രോഹപരമായ പല നടപടികളും അനേകർ പിന്തുണയ്ക്കുന്ന ഒന്നാക്കി വരുത്തിത്തീർക്കുവാൻ അധികാരികൾക്കായി പ്രവർത്തിച്ച മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ചില കാര്യങ്ങൾക്കുള്ള ജനപിന്തുണ ഇപ്രകാരം കെട്ടിച്ചമച്ചതാണെന്നുള്ള വെളിപ്പെടുത്തലുകൾ കേൾക്കുമ്പോൾ നാം എത്രമാത്രം ജാഗരൂകരാകേണ്ടിയിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് അതു വിരൽചൂണ്ടുന്നത്. "ഇക്കാലത്ത് ജനങ്ങൾ ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്" എന്നു കരുതി വഴിതെറ്റിപ്പോകുന്ന എത്രയോ യുവജനങ്ങളുണ്ട് നമ്മുടെ മുമ്പിൽ. അങ്ങനെയൊന്നുമല്ല അനേകർ ചിന്തിക്കുന്നത് എന്ന് അവരോട് ആരുപറയും? സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാക്കപ്പെടുകയാണ് ഇവിടെ.

മറ്റ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഫെയ്‌സ്ബുക്കിൽ ട്രെൻഡിംഗ് അല്ലാതാകുമ്പോഴും ഇത്തരം ടെക്‌നിക്കുകൾ അവർ പ്രയോഗിക്കാറുണ്ടായിരുന്നത്രേ. പാരീസ് ആക്രമണവും, മലേഷ്യൻ വിമാനത്തിന്റെ തിരോധാനവുമൊക്കെ അപ്രകാരം ട്രെൻഡിംഗ് ആക്കിയെടുക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്. റേറ്റിംഗ് താഴെയാണെന്ന് സമ്മതിക്കാനുള്ള വിഷമവും ഇതിന് പിന്നിലുണ്ടായിരുന്നു. ഫെയ്‌സ്ബുക്ക് മാത്രമല്ല മറ്റനേകം ഓൺലൈൻ വാർത്താമാധ്യമങ്ങളും ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്നു.

സെക്കുലർ മാധ്യമങ്ങളുടെ ഈ ന്യൂസ് ഗെയിം വലിയ വില കൊടുക്കേണ്ടിവരുന്ന ഒന്നാണെന്ന് നിഷ്പക്ഷരായ പത്രപ്രവർത്തകർ വിലയിരുത്തുന്നു. കാരണം, ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് പകരം, മാധ്യമങ്ങൾ സമൂഹത്തെ നയിക്കുന്ന അവസ്ഥയാണ് പരിണതഫലം. ഇക്കാരണത്താൽ തിന്മയ്‌ക്കെതിരായ ജനങ്ങളുടെ വികാരം പോലും മാനിക്കപ്പെടാതെ പിന്തള്ളപ്പെടും. വളരെ ചെറിയൊരു സമൂഹത്തിന് എല്ലാവരുടെയും ചിന്ത ഇങ്ങനെയാണെന്ന് വരുത്തിത്തീർക്കാനുമാവും.

സെക്കുലർ മാധ്യമങ്ങളുടെ ഇത്തരം ചതിപ്രയോഗങ്ങൾക്കിടയിൽ സത്യസന്ധമായ മാധ്യമപ്രവർത്തനം ആധുനിക ലോകത്തിന്റെ അനിവാര്യതയായിരിക്കുകയാണ്.

Source: Sunday Shalom