News >> ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിൽ നിന്നും ക്രിസ്ത്യാനികളെ ഒഴിവാക്കുന്നു
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിൽനിന്നും ക്രിസ്ത്യാനികളെ ഒഴിവാക്കാൻ ശ്രമം. കമ്മീഷൻ നിലവിൽവന്ന ശേഷം ആദ്യമായിട്ടാണ് ഇങ്ങനൊരു നീക്കം. 2004-ൽ യുപിഎ ഗവൺമെന്റിന്റെ കാലത്താണ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ അധികാരങ്ങളോടുകൂടി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. സിവിൽ കോടതിയുടെ അധികാരങ്ങളോടുകൂടി ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അർദ്ധ ജൂഡീഷ്യൽ സമിതിയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും കേന്ദ്ര ഗവൺമെന്റാണ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. നിലവിൽ അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുകയാണ്.കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ആ പദവിയിലേക്ക് ജൈന മതത്തിൽപ്പെട്ട ഒരാളെ നിയമിക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ വരുന്നുണ്ടെന്ന് മുൻ ന്യൂനപക്ഷ കമ്മീഷനംഗവും സുപ്രീംകോടതി അഭിഭാഷകയുമായ സിസ്റ്റർ ജെസി കുര്യൻ പറയുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലുകൾ വഴി ജൈന വിഭാഗത്തിന് 2014-ലാണ് ന്യൂനപക്ഷ പദവി ലഭിച്ചത്. എണ്ണംകൊണ്ട് ന്യൂനപക്ഷങ്ങളിൽ രണ്ടാം സ്ഥാനത്താണ് ക്രൈസ്തവർ. അതേസമയം ജൈനവിഭാഗത്തെക്കാളും ആറിരട്ടിയിലധികമാണ് ക്രൈസ്തവരുടെ സംഖ്യ. അതിലുപരി ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് ക്രൈസ്തവരാണ്. 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രൈസ്തവരുടേതായുണ്ട്. സ്വാഭാവികമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള കമ്മീഷനിൽനിന്നും ഒഴിവാക്കുന്നത് ക്രൈസ്തവരോടുള്ള വിവേചനമാണെന്ന് സിസ്റ്റർ ജെസി കുര്യൻ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ മുസ്ലീം സമുദായത്തിൽനിന്നും രണ്ട് അംഗങ്ങളും സിഖ് വിഭാഗത്തിൽനിന്നും ഒരാളുമാണ് കമ്മീഷനിലെ അംഗങ്ങൾ.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളെ ഉപദേശിക്കുവാനുള്ള അധികാരവും ഈ സമിതിക്കുണ്ട്. പുതിയ കോഴ്‌സുകൾ ആരംഭിക്കാൻ ഗവൺമെന്റിന്റെ അംഗീകാരം ലഭിക്കാതിരിക്കുക, വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപക തസ്തികകൾ അനുവദിക്കുന്നതിൽ ഉണ്ടാകുന്ന തടസം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് തടസപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിൽ എളുപ്പത്തിലും വേഗത്തിലും പരിഹാരം നിർദ്ദേശിക്കുവാനുള്ള അധികാരം കമ്മീഷനുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിനുള്ള അധികാരവും കമ്മീഷനാണ്. നിലവിലെ അംഗങ്ങളിൽ നിയമമേഖലയിൽനിന്നുള്ള ആരുമില്ലെന്നത് കമ്മീഷന്റെ പോരായ്മയായാണ് വിലയിരുത്തപ്പെടുന്നത്. ഹൈക്കോടതികളും സുപ്രീംകോടതിയും പുറപ്പെടുവിച്ച വിധിന്യായങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കമ്മീഷൻ പല പരാതികളിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. അപ്പോൾ നിയമപരിജ്ഞാനം ഇല്ലെങ്കിൽ തീരുമാനങ്ങളിൽ പോരായ്മകൾ കടന്നുകൂടാനുള്ള സാധ്യതകൾ ഏറെയാണെന്നും കോടതികളിൽ അവ ചോദ്യംചെയ്യപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.മുസ്ലീം വിഭാഗത്തിൽനിന്നും ഒരംഗമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ഗവൺമെന്റ് അധികാരത്തിൽ എത്തിയതിനുശേഷം ആ വിഭാഗത്തിൽനിന്നും മറ്റൊരു അംഗത്തെക്കൂടി നിയമിക്കുകയായിരുന്നു. രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായ നിയമനങ്ങൾ നടന്നെങ്കിൽ മാത്രമേ ഇത്തരം കമ്മീഷനുകൾകൊണ്ട് ന്യൂനപക്ഷങ്ങൾക്ക് പ്രയോജനം ലഭിക്കൂ.Source: Sunday Shalom