News >> കപ്പൽപള്ളിയിൽ പലിശയില്ലാതെ വായ്പ


എറവ്: സെന്റ് തെരേസാസ് കപ്പൽപള്ളി ഇടവകയിലെ അംഗങ്ങളായ കുടുംബങ്ങൾക്ക് ഇനി പലിശയില്ലാതെ വായ്പ.ആദിമ ക്രൈസ്തവ സഭയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്ന തിരുവചനം പ്രാവർത്തികമാക്കുന്നതിനുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇടവകാംഗങ്ങൾക്ക് മാത്രമാണ് വായ്പ. ഇടവകയിലെ സാമൂഹ്യക്ഷേമ സമിതിയാണ് നേതൃത്വം നൽകുന്നത്.

അയ്യായിരം രൂപ മുതൽ കാൽലക്ഷം രൂപ വരെയാണ് വായ്പ നൽകുക. വായ്പാസംഖ്യ അമ്പത് ആഴ്ചകൾക്കുള്ളിൽ തുല്യതവണ സംഖ്യകളായി തിരിച്ചടയ്ക്കണം.
മദ്യപാനികൾ, ഈശ്വരവിശ്വാസത്തിന് വിരുദ്ധരായി നിരീശ്വരപ്രസ്ഥാനങ്ങളിൽ ഉള്ളവർ, സന്മാർഗനിഷ്ഠയില്ലാത്തവർ എന്നിവർക്കൊന്നും വായ്പ നൽകില്ല.

കുടുംബപ്രാർത്ഥനയിൽ വീഴ്ച വരുത്താത്തവർ, സഭാനിയമങ്ങൾ പാലിക്കുന്നവർ, കുടുംബകൂട്ടായ്മ, ഇടവക പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവർ എന്നിവർക്കാണ് വായ്പ ലഭിക്കുക.
വീടിന്റെ അറ്റകുറ്റപ്പണി, പ്രാഥമിക ആവശ്യങ്ങൾക്ക് സംവിധാനമുണ്ടാക്കൽ, അമിത പലിശയ്‌ക്കെടുത്ത കടംവീട്ടൽ, സ്വയംതൊഴിൽ കണ്ടെത്തൽ, പറമ്പ് നനയ്ക്കൽ, കുടിവെള്ളം, കൃഷി, കുട്ടികളുടെ പഠനം, ചികിത്സ എന്നിവയ്ക്കാണ് വായ്പ നൽകുന്നത്. അപേക്ഷകൾ ലഭിച്ചാൽ ബന്ധപ്പെട്ട ഭാരവാഹികൾ വീട് സന്ദർശിച്ച് അർഹരായവരെ കണ്ടെത്തിയശേഷമാണ് വായ്പ അനുവദിക്കുന്നത്.
ഇടവകയിലെ എല്ലാ കുടുംബങ്ങളും നൽകിയ ത്യാഗപൂർണമായ സംഭാവനകൾ സ്വരൂപിച്ചാണ് പലിശരഹിത വായ്പാപദ്ധതിക്ക് ആവശ്യമായ ഫണ്ട് ഒരുക്കിയിട്ടുള്ളത്.
പലിശരഹിതവായ്പ പദ്ധതിയുടെ ഉദ്ഘാടനം മോൺ. തോമസ് കാക്കശേരി നിർവഹിച്ചു. വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് അധ്യക്ഷനായിരുന്നു.

Source: Sunday Shalom