News >> അപകടത്തിൽ സ്വരം നഷ്ടപ്പെട്ട ഗായകൻ വീഡിയോ ആൽബവുമായി ജീവിത പോരാട്ടത്തിൽ
തൊടുപുഴ : പരിശുദ്ധ കന്യാകമറിയമെ, ഹൃദയത്തിൽ നൊമ്പരം ഏറിടും വിനാശ കൊടുങ്കാറ്റ് പോകുവോളം നിൻ ചിറകിൽ കീഴിൽ ഒളിച്ചോട്ടെ.... എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തിയതിന്റെ സന്തോഷത്തിലാണ് ഗായകൻ എം എസ് സത്യൻ. അപകടം ഗായകനായ യുവാവിന്റെ സ്വരം തിരിച്ചുപിടിച്ചിട്ടും സംഗീതത്തെ ജീവശ്വാസമായി കാണുകയാണുസത്യൻ. സ്വരം നഷ്ടപ്പെട്ടിട്ടും തോറ്റു പിൻമാറാൻ ഈ യുവാവ് തയ്യാറായില്ല. വേദിയിൽ നിന്നു ഒരു ഗാനം പോലും ആലപിക്കാൻ സാധിക്കില്ലെന്ന അറിവ് മനസിൽ നീറ്റലായി കിടക്കുമ്പോഴും സംഗീതത്തെ സ്‌നേഹിക്കുകയാണ് ഈ ഗായകൻ. ഏഴുവർഷം മുമ്പ് സംഭവിച്ച അപകടം ജീവിതത്തെ തീറെഴുതിയെടുത്തിട്ടും ഈ ഗായകൻ തളരുന്നില്ല. 2009 ൽ ഗാനമേളയ്ക്ക് പോയപ്പോഴുണ്ടായ അപകടമാണ് എംഎസ് സത്യൻ എന്ന ഗായകന്റെ ജീവിതം മാറ്റി മറിച്ചത്. മുതലക്കോടം ഫൊറോന പള്ളി ഇടവകാംഗമായ എം എസ് സത്യന്റെ തലയ്‌ക്കേറ്റ ക്ഷതം സ്വരത്തെ ബാധിച്ചു. മാസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ജീവിതം തിരിച്ചുകിട്ടി. പക്ഷേ, സ്വരം നഷ്ടപ്പെട്ടു.മുതലക്കോടം ശാസ്താംപാറയിൽ മാളിയകുന്നേൽ വീട്ടിൽ താമസിക്കുന്ന സത്യൻ ഇഎംഎസ് ഭവന പദ്ധതിയിലൂടെ നിർമ്മിച്ച വീട്ടിലാണ് താമസിക്കുന്നത്. 5 സെന്റ് ഭൂമിയാണ് സ്വന്തമായിട്ടുള്ളത്. 23 വർഷമായി ഗാനമേള രംഗത്തും ചർച്ച് ക്വയറിലും സജീവമായിരുന്നു. ഇന്നു മരുന്നിന്റെ ബലത്തിൽ ജീവിക്കുമ്പോഴും ഗാനമേള, ചർച്ച് ക്വയറൊന്നും ഉപേക്ഷിക്കുന്നില്ല. എല്ലാറ്റിനേയും ഒന്നിപ്പിച്ചു നയിക്കുകയാണ്. ആകെയുള്ള ഒരു അത്താണിയാണിന്ന്, ഒരു കാലത്ത് കോതമംഗലം, പാലാ, ഇടുക്കി രൂപതകളിലെ പള്ളികളിൽ സജീവമായിരുന്നു. തിരുനാൾ, വിവാഹം, എന്തുമാകട്ടെ സത്യന്റെ ചർച്ച് ക്വയറുണ്ടാകുമായിരുന്നു. ഇന്നും ഗാനമേളകളും ചർച്ച് ക്വയറുകളുമുണ്ടെ ങ്കിലും സജീവമല്ല. എങ്കിലും നിരവധി ഗായകരെ ചേർത്തു ഗാനമേ ള ഗ്രൂപ്പുമായി മുന്നോട്ട് പോവുകയാണ്. തൊടുപുഴ ഗിന്നസ് വോയ്‌സ് എന്ന ട്രൂപ്പിലൂടെ പുതിയ തലമുറയ്ക്കായി വഴി തുറക്കുന്നു. നിരവധി കുട്ടികളേയും യുവാക്കളേയും ഗാനമേളയിലൂടെ പരിചയപ്പെടുത്തി. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആൻമരിയയെ ചർച്ച് ക്വയറിലൂടെ സംഗീത രംഗത്തുസജീവമാക്കിയതു സത്യനായിരുന്നു. അപകടത്തെ തുടർന്നു ജീവിതമാർഗം അടഞ്ഞ ഗുരുനാഥനുവേണ്ടി ഗാനമേളപോലും ആൻമരിയ അവതരിപ്പിച്ചു. അത്രമാത്രം ശിഷ്യഗണങ്ങൾ ഗുരുനാഥനെ സ്‌നേഹിക്കുന്നു. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ്, ഡീപോൾ സ്‌കൂൾ, കോ-ഓപ്പറേറ്റീവ് സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളിലെ കുട്ടികളെ സംഗീതം പഠിപ്പിച്ചു. ന്യൂമാൻ കോളേജിൽ നിന്നും ബി എ ലിറ്ററേച്ചർ പാസ്സായി. പ്രൈവറ്റായി എംഎയ്ക്ക് ചേർന്നെങ്കിലും രണ്ടാംവർഷത്തെ പരീക്ഷ എഴുതാൻ സാധിച്ചില്ല. ഭാര്യ സോഫിയ. മകൾ സോന.ജീവിതത്തിലേക്കുള്ള രണ്ടാംവരവിലാണ് ഏഴുവർഷം മുമ്പ് ഈണം ഓഡിയോസ് പുറത്തിറക്കിയ ദയാപരൻ എന്ന ഓഡിയോ കാസറ്റിൽ സത്യൻ പാടിയ പരിശുദ്ധ കന്യകാമറിയത്തെ സ്തുതിക്കുന്ന ഗാനം ദൃശ്യാവിഷ്‌കരിച്ചത്. കരിമണ്ണൂർ കലാസ്റ്റുഡിയോയിലെ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം കലാകാരന്മാരാണ് വീഴ്ചയിൽ നിന്നും എഴുന്നേറ്റ സത്യന്റെ ഗാനം ദൃശ്യാവിഷ്‌കരിച്ചത്. ഇവരോടെല്ലാം ഏറെ കടപ്പാടുണ്ടെന്ന് സത്യൻ പറഞ്ഞു. കഴിഞ്ഞദിവസം മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് അടപ്പൂര് വീഡിയോ ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചു. ഫാ.സിറിയക് കോടമുള്ളിൽ ഏറ്റുവാങ്ങി. ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജീവിതത്തിലേക്ക് വീണ്ടും പിച്ചവച്ച് വരുന്ന സത്യന് വിവാഹം ഉൾപ്പെടെയുള്ള അവസരങ്ങളിൽ ക്വയർ നൽകിയാൽ അത് ഒരു കലാകാരന് നൽകുന്ന പ്രോത്സാഹനവും സഹായവുമാകും. അമ്മ കൈപിടിച്ചു നടത്തുമെന്ന വിശ്വാസത്തിൽ സത്യൻ സംഗീതയാത്ര തുടരുകയാണ്. ഫോൺ : 9447612630.Source: Sunday Shalom