News >> പരദൂഷണക്കാരി സ്ത്രീക്കു കുമ്പസാരക്കാരന്‍ നല്കിയ പ്രായശ്ചിത്തം : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചിന്തനം
വാക്കാല്‍ ഉണ്ടാകുന്ന ഭിന്നതയാണ് സമൂഹത്തെ വിഭജിക്കുന്നതും, നശിപ്പിക്കുന്നതും. ഐക്യത്തിനായി പരിശ്രമിക്കേണ്ടവരാണ് ക്രൈസ്തവര്‍, അവര്‍ ഐക്യത്തിന്‍റെ സാക്ഷികളാകേണ്ടവരാണ്. മെയ് 12-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷ വിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
വിശുദ്ധ ഫിലിപ്പ് നേരിയുടെ ജീവിതത്തില്‍നിന്നും പാപ്പായൊരു സംഭവം വിവരിച്ചുകൊണ്ടാണ് കുര്‍ബ്ബാനയിലെ വചനചിന്ത തുടങ്ങിയത്. പരദൂഷണക്കാരിയായ സ്ത്രീക്ക് കുമ്പസാരത്തിനുശേഷം സിദ്ധന്‍ പാപപരിഹാരം കൊടുത്തത്, കോഴിയെക്കൊന്ന് അതിന്‍റെ പപ്പുംപൂടയും അയല്‍പക്കത്തെല്ലാം വിതറാനായിരുന്നു. പോരാ, പിന്നീട് അത് പെറുക്കിയെടുക്കുകയും വേണം! സ്ത്രീ പറഞ്ഞു, അത് നടക്കില്ല! ആ പ്രായശ്ചിത്തം വേണ്ടെന്ന്! ഇതുപോലെയാണ് പരദൂഷണം, തേജോവധം ചെയ്യല്‍..!. പറഞ്ഞ പരദൂഷണമൊന്നും തിരിച്ചെടുക്കാനാവില്ല. പാപ്പാ വചനചിന്തയില്‍ സ്ഥാപിച്ചു. പിറുപിറുക്കലും പരദൂഷണവും നീചവും, നിന്ദ്യവും നാശോത്മുഖവുമാണ്. അത് സമയം കൊല്ലുക മാത്രമല്ല, ജീവിതം നശിപ്പിക്കുന്നു. കുടുംബങ്ങളില്‍ അന്തഃഛിദ്രം വിതയ്ക്കുന്നു. കാരണം, സത്യത്തിനു വിരുദ്ധമാണത്, പരദൂഷണം അസത്യവും, അത് യുക്തിക്കു നിരക്കാത്തതുമാണ്.പീഡാസഹനത്തിനുമുന്‍പ് ശിഷ്യന്മാരുടെ ഐക്യത്തിനായിത്തന്നെ ക്രിസ്തു ആദ്യം പ്രാര്‍ത്ഥിച്ചു (യോഹ. 17, 21-23). ലോകം ക്രിസ്തുശിഷ്യരില്‍ വിശ്വസിക്കണമെങ്കില്‍ അടിസ്ഥാനപരമായി അവരുടെമദ്ധ്യേ ആദ്യം ഐക്യമുണ്ടാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. "ഞാനും പിതാവും ഒന്നായിരിക്കന്നതുപോലെ...," എന്ന് പറഞ്ഞ ക്രിസ്തു പിതൃസന്നിധിയിലെ തന്‍റെ ഐക്യവും കൂട്ടായ്മയുമാണ് മാതൃകയായി ശിഷ്യന്മാര്‍ക്കു നല്‍കുന്നത്. ക്രൈസ്തവ സമൂഹങ്ങളും കുടുംബങ്ങളും ഐക്യത്തിന്‍റെ മാതൃകകളാകണം. (യോഹന്നാന്‍ 17, 21). പിതാവിനാല്‍ അയക്കപ്പെട്ടവനാണ് ക്രിസ്തു എന്നുള്ളതിനു തെളിവായിരിക്കത്തക്ക വിധത്തില്‍ പിതാവും പുത്രനും തമ്മിലുള്ള ഐക്യംപോലെ ക്രൈസ്തവ ജീവിതത്തിലെ ഐക്യം എന്നും കാത്തുപാലിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. എന്നാല്‍ ക്രൈസ്തവ സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, മെത്രാസന മന്ദിരങ്ങള്‍, കുടുംബങ്ങള്‍.. എന്നിവയിലെ കൂട്ടായ്മയുടെ അന്തരീക്ഷം ഇന്നു കുറഞ്ഞും ക്ലേശകരമായുമാണ് കാണപ്പെടുന്നത്. അവിടങ്ങളിലെ പ്രശ്നം ഐക്യമില്ലായ്മയാണ്. ചരിത്രത്തില്‍ ക്രിസ്തീയത ഐക്യത്തിന്‍റെ എതിര്‍ സാക്ഷ്യം ഏറെ നല്‍കിയിട്ടുണ്ട്. നാണംകെടുത്തുന്ന തരത്തിലുള്ള കലഹത്തിന്‍റെയും തമ്മിലടിയുടെയും പോര്‍ക്കളമായിട്ടുണ്ട് ചില ക്രൈസ്തവസമൂഹങ്ങള്‍! പാപ്പാ തുറന്നു പ്രസ്താവിച്ചു. 30 വര്‍ഷക്കാലം നീണ്ട കുരിശുയുദ്ധത്തിന്‍റെ കഥ വചനചിന്തയില്‍ പാപ്പാ ഗോപ്യമായി പരാമര്‍ശിച്ചു.ക്രൈസ്തവര്‍ കലഹത്തിലായാല്‍ പിന്നെ ജീവിതസാക്ഷ്യം ഇല്ലാതാകും. നാം നല്കിയിട്ടുള്ള എതിര്‍ സാക്ഷ്യങ്ങള്‍ക്ക് ദൈവത്തോടു മാപ്പിരക്കേണ്ടതാണ്. ക്രൈസ്തവരുടെ എതിര്‍ സാക്ഷ്യത്തിന്‍റെയും വിഭജനത്തിന്‍റെയും സംഭവങ്ങള്‍ പഴങ്കഥകളല്, നാം ഇന്നും വിഭജിതരും വ്യതിരിക്തരുമാണെന്ന് പലയിടങ്ങളിലും ലോകം ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് പാപ്പാ സമര്‍ത്ഥിച്ചു.Source: Vatican Radio