News >> ഫാത്തിമാനാഥയോടു ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്
- ലോകസമാധാനത്തിന് ഫാത്തിമാനാഥയുടെ മാദ്ധ്യസ്ഥം :
മെയ് 13 വെള്ളിയാഴ്ച ആഗോളസഭ ആചരിക്കുന്ന ഫാത്തിമാനാഥയുടെ തിരുനാളിനെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ട് ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിലാണ് ലോകസമാധാനത്തിനുള്ള ആഹ്വാനം നടത്തിയത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രാര്‍ത്ഥനയ്ക്കും അനുതാപത്തിനും മാനസാന്തരത്തിനുമായി ഫാത്തിമയില്‍ കന്യാകാനാഥ ലോകത്തോടു നടത്തിയ ആഹ്വാനം ഇന്നും ആവര്‍ത്തിക്കുന്നുണ്ടെന്ന് പാപ്പാ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.ദൈവഹിതത്തിനെതിരായി മനുഷ്യന്‍ തിന്മ പ്രവര്‍ത്തിക്കരുതെന്ന സന്ദേശമാണ് ഫാത്തിമാനാഥ ലോകത്തിന് ഇന്നും നല്കുന്നത്. മനുഷ്യരാശി ദൈവത്തിലേയ്ക്ക് തരിയേണ്ടതിന്‍റെയും മനുഷ്യര്‍ ദൈവോന്മുഖരായി ജീവിക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് ഫാത്തിമാനാഥ ഇന്നും നമ്മെ അനുസ്മരിപ്പിക്കുകയും മാനസാന്തരത്തിലേയ്ക്കു മാടിവിളിക്കുകയുമാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റേയും സ്രോതസ്സായ ദൈവസന്നിധിയില്‍ നമുക്ക് ഫാത്തിമാനാഥയുടെ മദ്ധ്യസ്ഥതയില്‍ നമുക്ക് മാനവരാശിയെ സമര്‍പ്പിക്കാം, എന്ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെത്തിയ ആയിരങ്ങളെ പാപ്പാ അനുസ്മരിപ്പിച്ചു.ഫാത്തിമാനാഥയുടെ ഭക്തനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മാതൃക അനുകരണീയമാണെന്നും, മാതൃസന്നിധിയില്‍ പ്രത്യാശയോടെ അണഞ്ഞുകൊണ്ട് നമുക്ക് ലോകസമാധാനത്തിനായി അനുദിനം പ്രാര്‍ത്ഥിക്കാമെന്നും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ സന്നിധിയില്‍ സന്നിഹിതരായിരുന്ന വിശ്വാസസമൂഹത്തെ പാപ്പാ ആഹ്വാനംചെയ്തു. വേദയില്‍ വിശ്വാസത്തിന്‍റെ പ്രഘോഷണമെന്നോളം ജനാവലി കരഘോഷം മുഴക്കി.
- വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായും ഫാത്തിമ ഭക്തിയും :
1981 മെയ് 13 തിയതി - ഫാത്തിമാനാഥയുടെ തിരുനാളിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ വധിക്കാനുള്ള ശ്രമം നടന്നത്. അന്നൊരു ബുധനാഴ്ചയായിരുന്നു. തുറന്ന പേപ്പല്‍ വാഹനത്തില്‍ വേദിയിലേയ്ക്ക് നീങ്ങുകയായിരുന്ന പാപ്പായുടെ നെഞ്ചിലേയ്ക്ക് ജനക്കൂട്ടത്തില്‍നിന്നും മഹമ്മെദ് അലി അഖാ എന്ന അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. നെഞ്ചിലും ഉദരഭാഗത്തുമായി വെടിയേറ്റ പാപ്പാ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫാത്തിമാനാഥയാണു തന്നെ താങ്ങി രക്ഷിച്ചതെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശ്വാസത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. "ഒരു കൈ തന്നെ വധിക്കാന്‍ ശ്രമിക്കവെ, മറ്റൊരു കരം തന്നെ താങ്ങി രക്ഷിച്ചു. അത് ഫാത്തിമാനാഥയുടെ കരമായിരുന്നു!" ഇങ്ങനെയായിരുന്ന സംഭവത്തെക്കുറിച്ച് പാപ്പായുടെ ലളിതമായ ഭാഷ്യം.വധ ശ്രമം നടത്തിയ മഹമ്മദ് അലി ആഖായെ ജയിലില്‍ ചെന്നുകണ്ട് പാപ്പാ മാപ്പു നല്കി. തന്‍റെ നെഞ്ചില്‍നിന്നു ശസ്ത്രക്രിയവഴി പുറത്തെടുത്ത നാലു ബുള്ളറ്റികളില്‍ ഒന്ന്, 2000-ാമാണ്ട് മഹജൂബിലിയിലെ മെയ് 13-ന് ഫാത്തിമായിലെത്തിയ വിശുദ്ധനായ പാപ്പാ കന്യകാനാഥയുടെ കിരീടത്തില്‍ ചാര്‍ത്തി.
- ഫാത്തിമ ദര്‍ശനത്തിന്‍റെ ഹ്രസ്വചരിത്രം:
1917-ാമാണ്ടിലെ മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളുടെ 13-ാം തിയതികളിലാണ്
പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ ഇടയക്കുട്ടികളായ ലൂസിയ, ജെസ്സീന്താ, ഫ്രാന്‍സിസ് എന്നിവര്‍ക്ക് കന്യകാനാഥ പ്രത്യക്ഷപ്പെട്ടത്. അവര്‍ക്ക് യഥാക്രമം 10, 9, 7 വയസ്സുകള്‍ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ആടുകളെ മേയിച്ചിരുന്ന കുട്ടികള്‍ക്ക് വിജനപ്രദേശത്തെ ഒരു മരച്ചുവട്ടിലാണ് കന്യകാനാഥ ദര്‍ശനം നല്കിയത്. 'കൊവാ ദി ഇറീയാ' (Valley of the village, Iriya) എന്ന സ്ഥലത്തു പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യകാനാഥ ലോകസമാധാനത്തിന്‍റെ സന്ദേശമാണ് കുട്ടികള്‍ക്കു നല്കിയത്. 1917-ല്‍ ഒക്ടോബര്‍ 13-ാം തിയതിയാണ് ദൈവമാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കിയത്. ഫാത്തിമാനാഥയുടെ തിരുനാള്‍ ആഗോളസഭയില്‍ ആചരിക്കുന്നത് മെയ് 13-ാം തിയതിയാണ്.1918-ല്‍ തല്‍സ്ഥാനത്ത് ഒരു പ്രാര്‍ത്ഥനാലയം അവിടത്തുകാര്‍ പണിതുയര്‍ത്തി. ദര്‍ശന ഭാഗ്യമുണ്ടായ മൂന്നുപേരില്‍ മൂത്തവളായ ലൂസിയായുടെ വിവരണപ്രകാരം നിര്‍മ്മിച്ച രൂപമാണ് 'ഫാത്തിമനാഥ'യെന്നപേരില്‍ ലോകപ്രസിദ്ധമായത്. വൃക്ഷച്ചില്ലകള്‍ക്കിടയിലെ മേഘപാളിയില്‍ ഉയര്‍ന്നുനിന്ന് താഴെ നില്ക്കുന്ന ഇടയക്കുട്ടികളെ അലിവോടും വാത്സല്യത്തോടുംകൂടെ കടാക്ഷിക്കുന്ന ശുഭ്രവസ്ത്രധാരിണിയും തേജോമുഖിയുമായ സ്ത്രീരൂപമാണ് ഫാത്തിമനാഥാ!ഫാത്തിമായിലെ ദിവ്യദര്‍ശകരില്‍ ഒരാളായ ഫ്രാന്‍സിസ് 1919-ല്‍ 11-ാമത്തെ വയസ്സിലും, ജസീന്ത 1920-ല്‍ 13-ാമത്തെ വയസ്സിലും മരണമടഞ്ഞു. 2000-ാമാണ്ട് ജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഫാത്തിമായിലെത്തി കന്യകാനാഥയുടെ ദര്‍ശനമുണ്ടായ ജസീന്ത, ഫ്രാന്‍സിസ് എന്നിവരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി. ദര്‍ശന ഭാഗ്യമുണ്ടായ ജസീന്ത അന്ന് പോര്‍ച്ചുഗലിലെ കോയിമ്പ്രായിലെ കര്‍മ്മലീത്താ മഠത്തില്‍ സന്ന്യാസിനിയായിരുന്നു. സിസ്റ്റര്‍ ജെസീന്ത തന്‍റെ കൂട്ടുകാരുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന കര്‍മ്മത്തില്‍ പങ്കെടുക്കുകയും വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ നേരില്‍ക്കണ്ടു സംസാരിക്കുകയും ഫാത്തിമാരഹസ്യങ്ങള്‍ പങ്കുവയ്ക്കുയും ചെയ്തിട്ടുണ്ട്. കന്യകാനാഥയുടെ ദര്‍ശനങ്ങളുടെ സാക്ഷിയും രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരില്‍ അവസാനത്തെ കണ്ണിയുമായ സിസ്റ്റര്‍ ജസീന്ത പോര്‍ച്ചുഗലിലെ മഠത്തില്‍ 2005-ാമാണ്ട് ഫെബ്രുവരി 14-ാം തിയതി 97-ാമത്തെ വയസ്സില്‍ ചരമമടഞ്ഞു.Source: Vatican Radio