News >> മിഷൻ കാനഡ: ലക്ഷ്യം "സീറോ ടു ഹീറോ"


ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ ജനം തയാറാകുമോ; ഇംഗ്ലീഷ് ദൈവാലയങ്ങൾ നിരവധിയുള്ളപ്പോൾ പുതിയ എക്‌സാർക്കേറ്റിനോടുള്ള അവരുടെ പ്രതികരണമെന്താകും; സീറോ മലബാർ വിശ്വാസീസമൂഹത്തിനു ലഭിച്ച പുതിയ സംവിധാനത്തെ എങ്ങനെയാകും ഇംഗ്ലീഷ് സമൂഹം വീക്ഷിക്കുക? ഇങ്ങനെ നിരവധി ചിന്തകളുമായാ ണ് കാനഡയിൽ ചിന്നിച്ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസീകൂട്ടായ്മകളെ സന്ദർശിക്കാൻ ഞാൻ യാത്രയാരംഭിച്ചത്.

എന്നാൽ, അത്ഭുതാവഹമായിരുന്നു ഇവിടത്തെ സീറോ മലബാർ സമൂഹത്തിൽ പ്രകടമായ വിശ്വാസതീക്ഷ്ണത. അതിനേക്കാൾ എന്നെ അമ്പരപ്പിച്ചത്, സീറോ മലബാർ സമൂഹത്തോട് ഇംഗ്ലീഷ് സമൂഹം കാട്ടുന്ന വിശേഷാൽ പരിഗണനയാണ്. ഒരു ലാറ്റിൻ ബിഷപ്പിന്റെ സ്വകാര്യ ചാപ്പൽ സീറോ മലബാർ സമൂഹത്തിന്റെ ആരാധനയ്ക്കായി വിട്ടുകൊടുത്തു എന്ന പറഞ്ഞാൽ വിശ്വസിക്കാനാകുമോ? യാത്രയ്ക്കിടയിൽ അപ്രകാരം ഒരു അത്ഭുതവും കാണാനിടയായി. ഫോർട്ട് മക്മറിയിലെ സെന്റ് പോൾസ് രൂപതാകേന്ദ്രത്തിലാണ് ആ അത്ഭുതം!

സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസതീക്ഷ്ണതയെക്കുറിച്ച് പറഞ്ഞത് അതിശയോക്തിയല്ല. അതിന് വ്യക്തമായ നിരവധി തെളിവുകളും യാത്രയ്ക്കിടെ ഞാൻ കണ്ടു. അതിലൊന്നായിരുന്നു എഡ്മണ്ടണിലേത്. ദൈവാലയത്തിലെത്തുന്നവരുടെ എണ്ണം കുറഞ്ഞതിനാൽ അടച്ചുപൂട്ടാൻ ഉദ്ദേശിച്ചിരുന്ന അവിടത്തെ ഒരു ദൈവാലയം വീണ്ടും സജീവമായി മാറിയത് സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസതീക്ഷ്ണതയിൽ ആകൃഷ്ടരായതിനാലാണ്. അടച്ചുപൂട്ടാനിരുന്ന ആ ദൈവാലയം വാടകയ്‌ക്കെടുത്ത് ആരാധന നടത്തി ആത്മീയമായി അഭിവൃദ്ധിനേടുന്ന മലയാളീസമൂഹത്തിന്റെ മുന്നേറ്റം അവരെ ചിന്തിപ്പിച്ചിട്ടുണ്ടാകാം.

എന്തായാലും, വിറ്റൊഴിവാക്കാൻ തീരുമാനിച്ചിരുന്ന ആ ദൈവാലയം ഇന്ന് ഇംഗ്ലീഷുകാരുടെ സജീവമായ ആരാധനകേന്ദ്രമാണ്. എഡ്മണ്ടൺ അതിരൂപതാ സഹായമെത്രാൻ ഡോ. ഗ്രിഗറി ബിറ്റ്മാൻ സീറോ മലബാർ സഭാംഗങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണം ലോകമെമ്പാടുമുള്ള സഭാമക്കൾക്ക് അഭിമാനം പകരുന്നതാണ്. നിങ്ങളുടെ ജനം ജനങ്ങളുടെ രൂപതയ്ക്കും നാടിനും അനുഗ്രഹമാണ്, എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ നമുക്ക് ഉത്തരവാദിത്വം തിരിച്ചറിയാനാവണം.

വിശ്വാസീസമൂഹത്തെക്കുറിച്ച് ഉണ്ടായിരുന്ന ആശങ്കകൾ പിഴുതുകളയാൻ മാത്രമല്ല, എക്‌സാർക്കേറ്റി നുള്ള അനവധിയായ സാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കാനും സഹായമായി യാത്ര. അതിൽനിന്ന് ലഭിച്ച അനുഭവങ്ങളെക്കുറിച്ചും അതിന്റെ വെളിച്ചത്തിൽ കാനഡയിൽ വിഭാവനംചെയ്യുന്ന അജപാലനപദ്ധതികളെക്കുറിച്ചും എഴുതാൻ കാരണം, ലോകമെമ്പാടും പ്രവാസികളായി കഴിയുന്ന മലയാളി ക്രൈസ്തവരുടെ ദൗത്യത്തിന് ഊർജം പകരാൻ സഹായിക്കുമെന്ന പ്രത്യാശയിലാണ്.

ഉന്നതമായ തൊഴിൽ, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങളാകാം കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ പലരേയും പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്നാൽ, അതിനേക്കാൾ വലിയൊരു ദൈവപദ്ധതിയുടെ ഭാഗമാണ് മലയാളികളായ നമ്മുടെ പ്രവാസജീവിതമെന്ന് തിരിച്ചറിയണം. അപ്പോൾ മാത്രമേ നമ്മുടെ ദൗത്യം പൂർണമാകൂ, ജീവിതം സാർത്ഥകമാകൂ. എന്താണ് ആ ദൗത്യം എന്നല്ലേ, ലോകസുവിശേഷവത്ക്കരണംതന്നെ. ഒരു കാലത്ത്, നമുക്ക് ഏക രക്ഷകനായ ക്രിസ്തുവിനെ പകർന്നുതന്നവരുടെ പിന്മുറക്കാരെ ക്രിസ്തുവിലേക്ക് നയിക്കുന്ന പുനഃസുവിശേഷവത്ക്കരണവും നമ്മുടെ ദൗത്യമാണ്.

18> 21> 30... അതിവേഗം ബഹുദൂരം

വലുപ്പത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് കാനഡ. 10 പ്രൊവിൻസുകളും മൂന്ന് ടെറിറ്ററികളുമായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തിന്റെ വിസ്തീർണം 9.98 മില്യൺ സ്‌ക്വയർ കിലോമീറ്റർവരും. കാനഡയിൽ വ്യാപിച്ചുകിടക്കുന്ന മിസിസാഗാ സീറോ മലബാർ എക്‌സാർക്കേറ്റിന്റെ ഭൂമിശാസ്ത്രം വ്യക്തമാകാനാണ് ഇക്കാര്യങ്ങൾ പറഞ്ഞ്. പല സ്ഥലങ്ങളിലായി ചിന്നിച്ചിതറിപ്പാർക്കുന്ന സീറോ മലബാർ കൂട്ടായ്മകളെ കണ്ടെത്തുകതന്നെ ശ്രമകരം!

കഴിഞ്ഞ ആഗസ്റ്റ് ആറിന് മിസിസാഗാ എക്‌സാർക്കേറ്റ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ മിഷൻ കേന്ദ്രങ്ങളെക്കുറിച്ച് ലഭ്യമായ വിവരം 18 എണ്ണം എന്നായിരുന്നു. ഒരു മാസത്തിനുശേഷം രൂപതയുടെ ഉദ്ഘാടനമായപ്പോഴേക്കും മൂന്നു മിഷൻ കേന്ദ്രങ്ങളെക്കുറിച്ചുകൂടി വിവരം ലഭിച്ചു. 'ദൈവത്തിന്റെ മഹത്വത്തിനുവേണ്ടി' എന്ന ആപ്തവാക്യവുമായി മിസിസാഗയുടെ അധ്യക്ഷനായി ചമുതലയേൽക്കുമ്പോൾ ഒരു കാര്യം എനിക്കുറപ്പായിരുന്നു, എല്ലാറ്റിനും ദൈവം കൂട്ടുണ്ടാകും. അതിനായി ഞാനും എക്‌സാർക്കേറ്റും ചെയ്യേണ്ടത് ഒന്നുമാത്രം: 'നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും,' (മത്താ.6:33).

വിശ്വാസീഗണത്തെക്കുറിച്ച്, അവരുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലേ അവരെ ഉചിതമാംവിധം നയിക്കാനാകൂ. അതായിരുന്നു കാനഡയിലുടനീളം സഞ്ചരിച്ച് സീറോ മലബാർ കൂട്ടായ്മകളെ കണ്ടെത്തി മനസ്സിലാക്കുക എന്ന ചിന്തയ്ക്ക് കാരണമായത്. അതോടൊപ്പം പ്രാദേശികസഭകളുടെ (ഇംഗ്ലീഷ് രൂപതകളിലെ) ഇടയന്മാരെയും സന്ദർശിക്കാൻ തീരുമാനിച്ചു. എക്‌സാർക്കേറ്റിന്റെ ഭാവിപ്രവർത്തനങ്ങൾക്ക് പിന്തുണതേടുകയായിരുന്നു ലക്ഷ്യം. ഒക്‌ടോബർ 12ന് ലണ്ടണിൽ തുടക്കംകുറിച്ച് ഡിസംബർ 27ന് കേംബ്രിഡ്ജിൽ പൂർത്തിയാക്കിയ ഒന്നാംഘട്ട സന്ദർശനത്തിലൂടെ 30 കൂട്ടായ്മകളെ, അവരുടെ വിശ്വാസതീക്ഷ്ണതയെ തിരിച്ചറിയാനായി എന്നത് എക്‌സാർക്കേറ്റിന്റെ വളർച്ചയിൽ പുതിയ ദിശാബോധം പകരാൻ സഹായിച്ചു.

ടൊറന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്, സാസ്‌ക്കറ്റൂൺ ബിഷപ്പ് ഡോണാൾഡ് ബോലൻ, ഹാമിൽട്ടൺ ബിഷപ്പ് ഡേവിഡ് ഡഗ്ലസ് കോസ്‌ബേ, ലണ്ടൻ ബിഷപ്പ് റൊണാൾഡ് പീറ്റർ ഫാബ്രോ, ഹാമിൾട്ടൺ ബിഷപ്പ് ഡേവിഡ് ഡഗ്ലസ് ക്രോസ്‌ബെ, ഫോർട്ട് മക്മുറി ബിഷപ്പ് പോൾ ടെറിയോ, എഡ്മണ്ടൺ ആർച്ച്ബിഷപ്പ് റിച്ചാർഡ് സ്മിത്ത്, വാൻകൂവർ ആർച്ച്ബിഷപ്പ് മൈക്കിൾ മില്ലർ, കാൽഗരി ബിഷപ്പ് ഫെഡ്രിക് ഹെൻറി, വിന്നിപെഗ് ആർച്ച്ബിഷപ്പ് റിച്ചാർഡ് ഗാഗ്‌നോൺ, സെന്റ് ബോണിഫസ് ബിഷപ്പ് ആൽബർട് ലിഗാർട്ട്, റെജീന ബിഷപ്പ് ഡോനിയൽ ജെ. ബോഹൻ, സെന്റ് കാതറിൻ ബിഷപ്പ് ജെറാൾഡ് പോൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയും ഫലപ്രദമായി.

ഏഴു പ്രൊവിൻസുകളിലെ സ ന്ദർശനം ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന മൂന്ന് പ്രൊവിൻസുകളിലും ടെറിറ്ററികളിലും സന്ദർശനം പൂർണമാകുന്നതോടെ കൂട്ടായ്മകളുടെ എണ്ണം വർദ്ധിക്കുമെന്നുമാത്രമല്ല, അവിട ങ്ങളിലെ ഇംഗ്ലീഷ് രൂപതകളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്നും വിശ്വാസമുണ്ട്.

അഞ്ചു വർഷംകൊണ്ട് രൂപത!

സന്ദർശനത്തിന്റെ വെളിച്ചത്തിൽ എക്‌സാർക്കേറ്റിലെ അജപാലനം കാര്യക്ഷമമാക്കാൻ മൂന്നു ഘട്ടങ്ങളുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മിഷൻ/ ഇടവക കൂട്ടായ്മകളുടെ രൂപീകരണമാണ് ആദ്യ ഘട്ടം. മുഴുവൻ സമയ വൈദികരെ ലഭ്യമാക്കി അവ ശക്തീകരിക്കു കയാണ് രണ്ടാം ഘട്ടം. സ്വന്തം ദൈ

വാലയം, സ്വന്തം വൈദികൻ എന്ന നിലയിലേക്ക് കൂട്ടായ്മകളെ എത്തിക്കുകയാണ് മൂന്നാമത്തെ ഘട്ടം. ഇതോടൊപ്പം കത്തീഡ്രൽ, കൂരിയ, മൈനർ സെമിനാരി, പാസ്റ്ററൽ സെന്റർ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. അഞ്ചു വർഷംകൊണ്ട് രൂപതയ്ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യംവെക്കുന്നത്.

കൂട്ടായ്മകൾ രൂപീകരിക്കുക എന്ന ആദ്യഘട്ടം പൂർത്തിയായിവരികയാണ്. വികാരി ജനറൽ ഫാ. ജോൺ കുടിയിരുപ്പിൽ, ചാൻസിലർ ഫാ. ജോൺ മൈലംവേലി, പ്രൊക്യുറേറ്റർ ഫാ. തോമസ് വാലുമ്മേൽ എന്നിവരാണ് എക്‌സാർക്കേറ്റിൽ ഇപ്പോഴുള്ള വൈദികർ.

ഇവരെക്കൂടാതെ ഇംഗ്ലീഷ് രൂപതകളിൽ സേവനംചെയ്യുന്ന 16 സീറോ മലബാർ വൈദികരുടെയും സഹായത്തോടെയാണ് ഇപ്പോഴുള്ള 30 കൂട്ടായ്മകളിൽ അജപാലശുശ്രൂഷ ഉറപ്പാക്കുന്നത്.

ആഴ്ചയിലൊരിക്കലുള്ള ദിവ്യബലിയർപ്പണം, മതബോധനം, കുടുംബസമ്മേളനങ്ങൾ എന്നിവ അവിടങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ പ്രവർത്തങ്ങൾക്ക് ചിട്ടയുണ്ടാകാൻ ഒരു അഡ്‌ഹോക്ക് കമ്മിറ്റിക്കും രൂപംകൊടുത്തു. മൂന്നൂറും അതിലധികവും കിലോമീറ്റർ യാത്രചെയ്ത് വിവിധ സ്ഥലങ്ങളിൽ ആത്മീയശുശ്രൂഷ ചെയ്യാനെത്തുന്ന വൈദികരുടെ സേവനം എത്ര പ്രശംസിച്ചാലും അധികമാവില്ല. കുറഞ്ഞത് 25 പേരെങ്കിലും ഒരുമിച്ചുകൂടുന്ന കൂട്ടായ്മകളെ മിഷൻകേന്ദ്രമായിമാറ്റാനാണ് ഉദ്ദേശിക്കുന്നത്.

കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്ന രണ്ടാം ഘട്ടവും തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലീഷ് ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച അതിന് ശക്തിപകർന്നിട്ടുണ്ട്. നിലവിൽ മുഴുവൻ സമയ വൈദികരുടെ സേവനമുള്ളത് മിസിസാഗ, സ്‌കാർബറോ, എഡ്മണ്ടൺ എന്നിവിടങ്ങളിലാണ്. എല്ലാ കൂട്ടായ്മകളിലും വൈദികരുടെ സേവനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ് ഇംഗ്ലീഷ് ബിഷപ്പുമാരിൽനിന്ന് ലഭിച്ചിട്ടുള്ളത്. സീറോ മലബാർ വൈദികരെ ഇംഗ്ലീഷ് ദൈവാലയങ്ങളിൽ അസിസ്റ്റന്റ് പാസ്റ്റർമാരായി നിയമിച്ചുകൊണ്ട് സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ ഇടയന്മാരായി പ്രവർത്തിക്കാനുള്ള അനുവാദം ബിഷപ്പുമാർ അറിയിച്ചത് ശുഭവാർത്തയാണ്.

അവരുടെകൂടെ സഹകരണത്തോടെ കേരളത്തിൽനിന്ന് വൈദികരെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. മുഴുവൻ സമയ അജപാലസേവനം ലഭ്യമാകുന്നതോടെ ദൈവാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ഭക്തസംഘടനകൾ ശക്തിപ്പെടുക യും അതിനനുസരിച്ചുള്ള ആ ത്മീയവളർച്ച സഭാംഗങ്ങൾക്കുണ്ടാവുകയുംചെയ്യും.

സ്‌കാർബറോയിലെ സഭാമക്കൾ സ്വന്തമാക്കിയ സെന്റ് തോമസ് ദൈവാലയം കൂദാശചെയ്യപ്പെട്ടതോ ടെ 'സ്വന്തം ദൈവാലയം, സ്വന്തം വൈദികൻ' എന്ന മൂന്നാം ഘട്ടവും ആരംഭിച്ചെന്നുപറയാം. കുടിയേറ്റത്തിന്റെ നാല് പതിറ്റാണ്ടുകൾ പി ന്നിടുന്ന കാനഡയിലെ സീറോ മലബാർ സമൂഹം സ്വന്തമാക്കിയ പ്രഥമ ദൈവാലയമാണത്. ആദ്യത്തെ ഇടവകയുമാണിത്. എക്‌സാർക്കേറ്റ് ആസ്ഥാനമായ മിസിസാഗയിലും പുതിയ ദൈവാലയം സ്വന്തമാകുന്ന കാര്യവും അഭിമാനപൂർവം അറിയിക്കട്ടെ.

എക്‌സാർക്കേറ്റ് രൂപീകരണത്തിലൂടെ ഇവിടത്തെ സമൂഹത്തിനുണ്ടായ പുത്തനുണർവിന്റെ അളവുകോലായി ഇതിനെ കാണാമെന്നാണ് എനിക്ക് തോന്നുന്നത്. രൂപതാ സംവിധാനങ്ങളുടെ കാര്യത്തിൽ കാനഡയിൽ 'സീറോ' ആയ സീറോ മലബാർ സമൂഹം ഹീറോയായി മാറണമെന്ന ആഹ്വാനം സഭാംഗങ്ങൾ ഏറ്റെടുക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം. ഇരുന്നൂറിൽപ്പരം അംഗസഖ്യയുള്ള കൂട്ടായ്മകളിൽ സ്വന്തം വൈദികനെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ അതിന് അർഹമായ 10 ദൈവാലയങ്ങൾ കാനഡയിലുണ്ട്. വൈദികരെ ലഭിക്കുന്നതിൽ കേരളത്തിൽനിന്നുള്ള രൂപതകളുടെ പിന്തുണ ഉറപ്പായിക്കഴിഞ്ഞു.

പത്ത് വൈദികർ, അഞ്ച് സന്യാസിനീസഭകൾ

അടുത്ത ഒരു വർഷത്തിനകം 10 വൈദികരെ കേരളത്തിൽനിന്ന് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച് സന്യാസിനീസമൂഹങ്ങളുടെ സേവനവും ലഭ്യമാക്കും. അതിനാ യുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതോടൊപ്പം കത്തീഡ്രൽ, മൈനർ സെമിനാരി, കൂരിയ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പൗരോഹിത്യ ജീവിതവിളി സ്വീകരിക്കാനാഗ്രഹിക്കുന്ന മൂന്ന്, നാലുപേരെ കാനഡയിൽനിന്നുതന്നെ കണ്ടെത്താനായി എന്നതാണ് മൈനർ സെമിനാരിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന ചിന്തയ്ക്ക് കാരണം.

കേരളത്തിൽനിന്ന് മിസിസാഗാ എക്‌സാർക്കേറ്റിനായി പൗരോഹിത്യം സ്വീകരിക്കാനാഗ്രഹിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. അവരെ അടുത്ത വർഷം കേരളത്തിലെ വിവിധ സെമിനാരികളിൽ പരിശീലനത്തിന് അയക്കും. ഒന്നു രണ്ടു വർഷത്തിനകംതന്നെ അവർക്ക് ഒരുമിച്ച് വസിക്കാനുള്ള ഒരു സെമിനാരി ഹൗസ് കേരളത്തിൽ തുടങ്ങണമെന്നാണ് ആഗ്രഹം. അവിടെ താമസിച്ചുകൊണ്ട് സമീപസ്ഥമായ മൈനർ സെമിനാരിയിലായിരിക്കും പിന്നെ അവർക്ക് പരിശീലനം.

വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ മിസിസാഗയിൽ പൂർത്തിയാകുന്ന കത്തീഡ്രൽ മാർച്ചിൽ കൂദാശയ്‌ക്കൊരുങ്ങും. അതിനായി വാങ്ങിയ കെട്ടിടത്തിൽ ആവശ്യമായ നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാര്യങ്ങൾ പ്രതീക്ഷിക്കുംപോലെ മുന്നോട്ടുപോയാൽ ഈ വിശുദ്ധവാര തിരുക്കർമങ്ങൾ അവിടെ നടത്താനാകുമെന്നാണ് പ്രതീക്ഷ.

എക്‌സാർക്കേറ്റിൽ നിലവിൽ സിസ്റ്റേഴ്‌സിന്റെ സേവനം ലഭ്യമല്ല. എന്നാൽ, ഒന്നാം പിറന്നാൾ ആഘോഷിക്കുമ്പോഴേക്കും കേരളത്തിലെ പ്രധാനപ്പെട്ട കോൺഗ്രിഗേഷൻസിന്റെ സേവനം കാനഡയ്ക്ക് ഉറപ്പാക്കണമെന്നാണ് ആഗ്രഹം. സി.എം.സി, ഹോളി ഫാമിലി, സെന്റ് ജോസഫ് മെഡിക്കൽ സിസ്റ്റേഴ്‌സ്, ഒബ്‌ളേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഡിവൈൻ പ്രൊവിഡന്റ്‌സ് എന്നീ സഭകൾ കാനഡയിലേക്ക് വരാനുള്ള ആഗ്രഹം ഇതിനകം അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ തുടങ്ങുക എന്നതിനപ്പുറം അജപാലനപരമായ ഉത്തരവാദിത്വങ്ങൾക്കായിരിക്കും സിസ്റ്റഴ്‌സിന്റെ ശുശ്രൂഷകളിൽ പ്രധാനം. കുടുംബ പ്രേഷിതത്വം, മതബോധനം, ഭവനസന്ദർശനം, ധ്യാനപരിപാടികൾ ഫാമിലി കൗൺസിലിംഗ്, ഡി അഡിക്ഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാവും അവരുടെ പ്രവർത്തനം.

ജാഗ്രതയോടെ മുന്നോട്ട്

അനന്തമായ സാധ്യതകൾക്കൊപ്പം വലിയ വെല്ലുവിളികളും കാനഡയിൽ നമ്മെ കാത്തിരിപ്പുണ്ട്. സെക്കുലറിസത്തിന്റെ അതിപ്രസരം വിശ്വാസക്ഷതത്തിനുള്ള എല്ലാ സാധ്യതകളും സൃഷ്ടിക്കുന്നതാണ്. ഇംഗ്ലീഷ് ജനതയുടേതിന് സമാനമായിട്ടല്ലെങ്കിലും നമ്മുടെ ജനവും അതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നുണ്ട്. അവിടെ ജന