News >> ദയാവധം നിയമവിധേയമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെസിബിസി
കൊച്ചി: ദയാവധം ഭാഗികമായി നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാന ഗവർമെന്റുകളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, ദയാവധം അനുവദിക്കരുതെന്ന് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെസിബിസി നിർദ്ദേശിച്ചു. ദയാവധം അതിന്റെ എല്ലാ രൂപത്തിലും കൊലപാതകമോ ആത്മഹത്യയോ ആണെന്നതാണ് അതിനു കാരണം.ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിക്കാൻ കഴിയുന്ന രോഗികൾ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പായാൽ അവർക്ക് സ്വസ്ഥമായ മരണം അനുവദിക്കാമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നറിയുന്നു.ക്രിസ്തീയ വിശ്വാസമനുസരിച്ചും ഭാരതത്തിന്റെ പൗരാണിക കാഴ്ചപ്പാടിലും ജീവന്റെയും മരണത്തിന്റെയും മേൽ അധികാരമുള്ളത് ദൈവത്തിനു മാത്രമാണ്. ജീവൻ ദൈവത്തിന്റെ ദാനമാണ്. അവിടത്തെ സ്വത്താണ്.
അതിനാൽ വധശിക്ഷ ഉൾപ്പെടെ മനുഷ്യജീവന്റെ മേലുള്ള എല്ലാ കടന്നുകയറ്റവും ദൈവത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്.മാനുഷികമെന്നു തോന്നിക്കുന്ന വാദമുഖങ്ങളുപയോഗിച്ച് അംഗവൈകല്യമുള്ളവരെയും രോഗികളെയും വൃദ്ധരെയും വധിക്കുന്നത് നിഷ്ഠൂരമാണ്. അവർക്ക് ശുശ്രൂഷ ചെയ്യുന്നതിലാണ് യഥാർത്ഥ മാനുഷികത അടങ്ങിയിരിക്കുന്നത്. മരിക്കുന്നതിനല്ല, ജീവിക്കുന്നതിനാണ് രോഗികൾക്കും വേദനിക്കുന്നവർക്കും സഹായം ആവശ്യമുള്ളത്.വൃദ്ധരെയും മാതാപിതാക്കന്മാരെയും ആദരിക്കുന്ന നമ്മുടെ സംസ്‌കാരം ദയാവധത്തിനു നിയമാനുമതി നല്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ദയാവധത്തിനു സാധ്യത നല്കുന്ന നിയമം ഏറെ ദുരുപയോഗത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. രോഗിയുടെ മരണം തികച്ചും ഉറപ്പാകുന്ന നിമിഷത്തിൽ ഉദ്ദേശിക്കുന്ന ഫലത്തോടു ആനുപാതികമല്ലാത്ത അസാധാരണവും ഭാരിച്ചതുമായ ചികിത്സ വേണ്ടെന്നു വച്ച്, അയാൾക്ക് സ്‌നേഹവും പരിചരണവും നല്കി സമാധാനപൂർവം മരിക്കാൻ അനുവദിക്കുന്നതും ദയാവധം നടത്തുന്നതും ഒന്നല്ല. സാധാരണ ശുശ്രൂഷയും മരുന്നും ഭക്ഷണവും രോഗിക്ക് ഒരിക്കലും ഇല്ലാതാക്കാനാവില്ല. അതാണ് മനുഷ്യമഹത്ത്വത്തോടും ജീവനോടും ഉള്ള ആദരം. ഇതിന് പുതിയ ഒരു നിയമനിർമ്മാണത്തിന്റെ ആവശ്യമുണ്ടെന്നു കരുതുന്നില്ല.ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ സ്വതന്ത്രമായി മരിക്കാനും അവകാശമുണ്ടെന്നു പറയുന്നത് വൈരുധ്യമാണ്. മരിക്കാനല്ല അന്തസ്സോടെ ജീവിക്കാനാണ് മനുഷ്യന് അവകാശമുള്ളത്. മനുഷ്യജീവൻ അതിന്റെ ആരംഭം മുതൽ 'സ്വാഭാവികമായ അന്ത്യം' വരെ ആദരിക്കപ്പെടണം എന്നതാണ് സഭയുടെ നിലപാട്. ജീവനെ യഥേഷ്ടം കൈകാര്യം ചെയ്യാൻ അവസരം ഒരുക്കുന്ന ദയാവധത്തിന് ഒരു കാരണവശാലും അനുമതി കൊടുക്കരുത്.മനുഷ്യജീവന്റെ അമൂല്യതയ്ക്കും മഹത്ത്വത്തിനും എതിരായ നിലപാടു കേരള ഗവർമെന്റ് എടുക്കരുതെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് കരിയിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദയാവധം പാടില്ല എന്നതിനുള്ള നിയമപരവും ധാർമ്മികവും മതപരവും ജീവശാസ്ത്രപരവും താത്ത്വികവുമായ ന്യായങ്ങൾ വിശദീകരിച്ച് കേരള ഗവർമെന്റിന് കെസിബിസി പഠനറിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
റവ. ഫാ. വർഗീസ് വള്ളിക്കാട്ട്ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./ഡയറക്ടർ, പി.ഒ.സി.
Source: Sunday Shalom