News >> മനുഷ്യഹൃദയങ്ങളില്‍ വാസംകൊള്ളുന്ന ദൈവാത്മാവ് : പെന്തക്കോസ്ത മഹോത്സവം
വിശുദ്ധ യോഹന്നാന്‍ 14:
15-16, 23-26.ഇന്ന് പെന്തക്കൂസ്താത്തിരുനാളാണല്ലോ! അതുകൊണ്ടുതന്നെ ഇന്നത്തെ സുവിശേഷഭാഗത്ത് വായിച്ചു കേള്‍ക്കുന്നത് പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. ക്രിസ്തുവിന്‍റെ ശിഷ്യരിലേയ്ക്ക് പരിശുദ്ധാത്മാവ് സവിശേഷമായി വന്നതിന്‍റെ ഓര്‍മ്മയാണ് പെന്തക്കൂസ്ത! ദൈവാത്മാവ് ക്രിസ്തുവില്‍ വന്നു വസിച്ചപ്പോഴാണ് അവിടുന്നു ദൈവപുത്രനാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതുതന്നെയാണ് ക്രിസ്തുവിന്‍റെ ശിഷ്യരിലും സംഭവിക്കുന്നത്. ദൈവാത്മാവു വന്നു വസിക്കുമ്പോള്‍ നാം ദൈവപുത്രരായിത്തീരുന്നു. നാം ദൈവത്തിന്‍റെ മകനും മകളുമായി മാറുന്നു. മാത്രമല്ല, ഓരോ വ്യക്തിയും ദൈവത്തിന്‍റെ ഭവനമായും ആലയമായും പരിണമിക്കുന്നു. അതുകൊണ്ടുതന്നെ എങ്ങനെ ഒരുവന് ദൈവത്തിന്‍റെ ആലയമായി മാറാം, ദേവാലയമായി മാറാം എന്നതാണ് ഇന്നത്തെ വചനത്തില്‍ ഉളിഞ്ഞുകിടക്കുന്ന സന്ദേശം.യോഹന്നാന്‍റെ സുവിശേഷത്തില്‍ 14-ാം അദ്ധ്യായത്തിലെ 15-ാമത്തെ വചനമാണ് ശ്രദ്ധിക്കേണ്ടത്.. "നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പന പാലിക്കും." മുന്നോട്ടു പോകുമ്പോള്‍ 23-ാമത്തെ വചനത്തില്‍ ഈ 'കല്പന' എന്ന വാക്കിനു പകരമായിട്ട്, 'തന്നെ സ്നേഹിക്കുന്നവന്‍ തന്‍റെ വചനം പാലിക്കും' എന്നു പറയുന്നു. 'വചനം' ഈശോയുടെ കല്പന തന്നെയാണ്. എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ കല്പന പാലിക്കും (യോഹ.14, 23). എന്താണ് ഈ കല്പന? 13-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്, "ഞാന്‍ ഒരു പുതിയ കല്പന തരുന്നു - നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍" (യോഹ. 13, 34). ഇതാണ് ഈശോ പറഞ്ഞത്. അതായത്, ഈശോയെ സ്നേഹിക്കുന്നവന്‍, അവന്‍റെ കല്പന പാലിക്കും. പരസ്പര സ്നേഹത്തിന്‍റെ കല്പന പാലിക്കുന്നു. അങ്ങനെ ഈശോയെ സ്നേഹിച്ച് അവിടുത്തെ കല്പന പാലിക്കുന്നവരില്‍ എന്തു സംഭവിക്കും? അതാണ് 23-ാമത്തെ വചനം പറയുന്നത്. "എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും." അതായത്, "എന്‍റെ കല്പന അനുസരിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും, അവന്‍റെ പക്കല്‍ വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും." ഇതു ശ്രദ്ധിക്കേണ്ടതാണ്. ഈശോയെ സ്നേഹിക്കുന്നവന്‍റെ അല്ലെങ്കില്‍ ഈശോയുടെ കല്പന പാലിക്കുന്നവന്‍റെ അടുത്ത് പിതാവ്, ദൈവം വന്ന് വാസമുറപ്പിക്കുന്നു. ദൈവം വസിക്കുന്ന ഭവനം അല്ലെങ്കില്‍ ആലയമായി ഒരുവന്‍ മാറുന്നു. ദേവാലയമായി മാറുന്നു. ഒരു വ്യക്തി ദൈവത്തിന്‍റെ ആലയമായി മാറുന്ന പ്രക്രിയയാണ് ഈശോ വചനത്തിലൂടെ ഇന്നും നമ്മെ ഓര്‍മ്മിപ്പിക്കുകയും നമ്മളോട് ആവശ്യപ്പെടുകയും ചെയ്യുന്നത്. ഈശോയെ സ്നേഹിക്കുക, അവിടുത്തെ കല്പന പാലിക്കുക! പരസ്പരം സ്നേഹിക്കുവാനുള്ള കല്പന, സഹോദരനെ സ്നേഹിക്കാന്‍, എളിയവരെ സ്നേഹിക്കാന്‍, ചെറിയവനെ സ്നേഹിക്കുവാനുള്ള കല്പന പാലിക്കുമ്പോള്‍ അവിടുന്ന് അവനില്‍ വന്നു വസിച്ച്, അവന്‍ ദൈവത്തിന്‍റെ ഭവനമായി മാറുന്നു, ദേവാലയമായി മാറുന്നു.എവിടമാണ് ദേവാലയം? ഏത് അവസ്ഥയാണ് ദേവാലയം? ഇതിനെക്കുറിച്ച് ഇസ്രായേലില്‍ റബിമാര്‍ പറഞ്ഞിരുന്ന കഥ 'മിദ്രാഷി'ല്‍ (Midrash) രേഖപ്പെടുത്തിയിട്ടുണ്ട്. ജരൂസലേം ദേവാലയം ഇരുന്നിരുന്ന സ്ഥലം മോറിയാ മലയെന്നാണ് ഹെബ്രായ സങ്കല്പം. പണ്ട് ജനതകളുടെ പിതാവായ അബ്രാഹം തന്‍റെ ഏകപുത്രനെ ബലിയര്‍പ്പിച്ച സ്ഥാനം! അത് യഹൂദര്‍ എന്നും പൂജ്യമായി കരുതിപ്പോന്നു. ഇന്ന് ജരൂസലേമില്‍, പഴയ ജരൂസലേമില്‍ മുസ്ലീങ്ങളുടെ മോസ്ക്ക് ഇരിക്കുന്ന സ്ഥലം, The Temple Mount! ഈ മോറിയാ മല ദൈവത്തിന്‍റെ വിശുദ്ധമായ വാസസ്ഥാനമായി മാറിയതിന്‍റെ കഥയാണിന്ന്. പണ്ട് അത് കൃഷിയിടമായിരുന്നത്രേ. രണ്ടു സഹോദരന്മാര്‍ കൃഷിചെയ്തു. എന്നിട്ടോ... അവരുടെ പിതാവ് മരിക്കാറായപ്പോള്‍ ഈ സ്ഥലം മക്കള്‍ക്കു രണ്ടു പേര്‍ക്കുമായിട്ട് ഭാഗിച്ചുകൊടുത്തു. അതില്‍ ഒരാള്‍ കല്യാണം കഴിച്ച്, കുറെ മക്കളുമായി അങ്ങനെ അവര്‍ക്കൊപ്പം ജീവിക്കുകയാണ്. രണ്ടാമത്തവനോ, ഏകസ്ഥനായി വിവാഹം കഴിക്കാതെ ജീവിക്കുന്നു. ദാ..! വിളവെടുപ്പു കാലമായി. സമൃദ്ധമായ വിളവ്!! ഇതു കണ്ട്, ഏകസ്ഥന്‍ വിചാരിച്ചു. ഇത്രയും വലിയ വിളവു ദൈവം നല്കി അനുഗ്രഹിക്കുന്നതിന്‍റെ കാരണം. തന്‍റെ സഹോദരന് ഭാര്യയും മക്കളും കുട്ടികളും മറ്റു പ്രാരബ്ധവുമുണ്ട്. അതുകൊണ്ട് അവരെയെല്ലാം പോറ്റാന്‍ വേണ്ടിയാണ് ദൈവം ഈ വിളസമൃദ്ധി പ്രത്യേകമായി നല്കിയിരിക്കുന്നത്. അയാള്‍ എന്തുചെയ്തെന്നോ?! കൊയ്തെടുത്ത ധ്യാന്യശേഖരത്തില്‍ കുറെ എടുത്ത് രാത്രിയില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത്... രാത്രിക്കു രാത്രി അത് തന്‍റെ സഹോദരന്‍റെ ധാന്യക്കളത്തില്‍ കൊണ്ടുപോയിട്ടു!അപ്പോള്‍ മറ്റേ സഹോദരന്‍ ഇങ്ങനെ ചിന്തിച്ചു. ഞാന്‍ പ്രായമായി കഴിയുമ്പോള്‍ തന്നെ നോക്കാന്‍ മക്കളുണ്ട്. അവര്‍ തന്നെ നോക്കിക്കൊള്ളും. എന്നാല്‍ തന്‍റെ സഹോദരനെ നോക്കാന്‍ ആരുമില്ല. അവന്‍ ഏകനാണ്. അവനെ പിന്‍തുണയ്ക്കാനും സഹായിക്കുവാനും വേണ്ടിക്കൂടിയായിരിക്കണം ഇക്കുറി ഇത്രയേറെ സമൃദ്ധമായ വിളവു ദൈവം തന്നിരിക്കുന്നത്. അതിനാല്‍ വിളവിന്‍റെ കുറെയെങ്കിലും സഹോദരനു കൊടുക്കണം എന്നു വിചാരിച്ചു. രാത്രിക്കു രാത്രി പറ്റുന്നത്ര ചുമന്ന് ഏകസ്ഥനായ സോഹദരന്‍റെ കളത്തില്‍ കൊണ്ടുചെന്നിടുന്നു. രണ്ടുപേരും രാവിലെ നോക്കുമ്പോള്‍ വിളയുടെ അളവില്‍ യാതൊരു കുറവുമില്ല. പിറ്റെദിവസവും ഇത് ആവര്‍ത്തിക്കപ്പെടുന്നു. രണ്ടാം ദിവസവും വിളയില്‍ കുറവൊന്നും കാണുന്നില്ല. മൂന്നാം ദിവസവും ഇതുതന്നെ സംഭവിക്കുന്നു. എന്നിട്ടും വിളയിലോ ധ്യാനശേഖരത്തിലോ കുറവൊന്നു കാണുന്നില്ല. അങ്ങനെ ദിവസങ്ങള്‍ നീണ്ട ഈ പരസ്പര സഹായത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും പ്രകൃയയില്‍, ഒരു രാത്രിയില്‍ ധാന്യം കൊണ്ടുപോകവെ, രണ്ടു സഹോദരങ്ങളും വഴിയില്‍വച്ച് കണ്ടുമുട്ടുവാന്‍ അല്ല, കൂട്ടിമുട്ടുവാന്‍ ഇടയായി. ഒരുവന്‍ മറ്റൊരുവന്‍റെ കളത്തിലേയ്ക്ക് ധ്യാന്യം ധൃതിയില്‍ ചുമന്നുകൊണ്ടിടാനുള്ള പരാക്രമത്തില്‍ അവര്‍ പരസ്പരം കണ്ടുമുട്ടി, കൂട്ടിമുട്ടി, താഴെ വീണു. 'മിദ്രാഷി'ലെ (Midrash) ഹെബ്രായ പാരമ്പര്യം പറയുന്നത്, എവിടെ ആ സഹോദരങ്ങള്‍ കണ്ടുമുട്ടി വീണുവോ, ആ സ്ഥാനത്ത് ദൈവം തന്‍റെ വാസ്ഥാനം ഉറപ്പിക്കാന്‍ തീരുമാനിച്ചു. അതാണ് മൂറിയ... അതാണ് പിന്നീട് ജരൂസലേം ദേവാലയമായിത്തീര്‍ന്ന സ്ഥലം. അതാണ് ദൈവത്തിന്‍റെ ആലയമായി യഹൂദര്‍ കരുതുന്ന സ്ഥലം!സഹോദരങ്ങള്‍ പരസ്പരം പങ്കുവച്ചു ജീവിക്കുമ്പോള്‍, കൊടുക്കുമ്പോള്‍, സ്നേഹത്തില്‍ ജീവിക്കുന്നമ്പോള്‍, രമ്യതയില്‍ ജീവിക്കുമ്പോള്‍ ദൈവം അവിടെ വന്നു വസിക്കുന്നു. പരസ്പരം സ്നേഹത്തില്‍ ജീവിക്കുന്നവരുടെ മദ്ധ്യേ ഞാനും എന്‍റെ പിതാവും വന്ന് വാസമുറപ്പിക്കുന്നു. സ്നേഹിക്കുന്നവനില്‍ ദൈവം വസിക്കുന്നു. സ്നേഹിക്കുന്നവന്‍ ദൈവത്തിന്‍റെ ആലയമായി മാറുന്നു. ഇത് ഒരു വ്യക്തിയെ സംബന്ധിച്ച് ശരിയാണ്. അതായത്, ഒരുവന്‍ യേശുവിനെ സ്നേഹിക്കുകയും, അവിടുത്തെ കല്പനയായ സ്നേഹം തന്‍റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുയും ചെയ്യുമ്പോള്‍ ദൈവം അവനില്‍ വന്നു വസിക്കുന്നു. അവന്‍ ദൈവത്തിന്‍റെ വാസസ്ഥലം, ദേവാലയമായി മാറുന്നു.അതോടൊപ്പംതന്നെ ഇതിന് വേറൊരു മാനമുണ്ട്,
Dimension ഉണ്ട്. ഒന്നില്‍ക്കൂടുതല്‍ വ്യക്തികള്‍ ഒരുമിച്ചു വസിക്കുമ്പോള്‍, പ്രത്യേകിച്ച് കുടുംബങ്ങളിലെ കൂട്ടായ്മയില്‍ വ്യക്തികള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ കൂടെയുള്ളവരോടുള്ള സ്നേഹം, അവനോടുള്ള കരുതല്‍, അവനോടുള്ള പരിഗണന..., പിന്നെ അവനോടുള്ള കാരുണ്യം...! ആ കാരുണ്യത്തോടെ ജീവിക്കുമ്പോള്‍ അവിടെ പ്രാവര്‍ത്തികമാകുന്നത് ഈശോയുടെ കല്പനയാണ്. യേശുവിന്‍റെ സ്നേഹത്തിന്‍റെ കല്പന തന്നെയാണ്. അങ്ങനെ മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും ആദരിച്ചു ജീവിക്കുമ്പോള്‍ എന്താണു സംഭവിക്കുന്നത് - കുടുംബം ദൈവത്തിന്‍റെ ആലയമായി മാറുന്നു. കുടുംബം ദേവാലയമായി മാറുന്നു! ഇതാണ് 'ഗാര്‍ഹികസഭ' എന്നൊക്കെ സഭാപഠനങ്ങളില്‍ പറയുന്നത്. കുടുംബം ഒരു സഭയാണ്, അത് ദൈവം വസിക്കുന്നിടം, ദേവാലയമാണ്!ഇത്തവണ പാപ്പാ ഫ്രാന്‍സിസ് ഇറക്കിയിരിക്കുന്ന പ്രബോധനം ശ്രദ്ധേയമാണ്! 2016 മാര്‍ച്ചു മാസത്തില്‍ പുറപ്പെടുവിച്ച പ്രബോധനം... Amoris Laetitia, The Joy of Love ! "സ്നേഹത്തിന്‍റെ സന്തോഷ"മെന്ന കുടുംബത്തെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനം! അതിനകത്ത് കുടുംബ ജീവിതത്തിന്‍റെ ആത്മീയത എന്നു പറയുന്ന അവസാനത്തെ അദ്ധ്യായമുണ്ട്, The spirituality of families. അതിന്‍റെ ആത്മാവ് ഇതാണ് - കുടുംബജീവിതത്തില്‍ കാണുന്ന പരസ്പര സ്നേഹവും, പങ്കുവയ്ക്കലും, ആനന്ദവും, സ്നേഹവും, കൊടുക്കലും, ക്ഷമയും പൊറുതിയും എല്ലാമാണ് അതിന്‍റെ ആത്മീയത! ഇത് ഈശോയുടെ കല്പനയാണ്. 'നിങ്ങള്‍ പര്സ്പരം സനേഹിക്കുക,' എന്ന അവിടുത്തെ സ്നേഹത്തിന്‍റെ കല്‍പനയുടെ വളരെ സ്പഷ്ടവും പ്രകടവുമായ, (Concrete) 'കോണ്‍ക്രീറ്റാ'-യുള്ള പ്രകടനമാണ്. അങ്ങനെ കല്പന അനുസരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. പിതാവും പരിശുദ്ധാത്മാവും വന്നു നമ്മില്‍ വസിക്കുന്നു. ദൈവത്തിന്‍റെ ആലയമായിട്ട് വ്യക്തിബന്ധങ്ങള്‍ മാറുന്നു. അങ്ങനെ കുടുംബം ദേവാലയമായി മാറുന്നു.
നമുക്കു പ്രാര്‍ത്ഥിക്കാം :ഈശോയേ, അങ്ങില്‍ ജീവിച്ചിരുന്ന ദൈവാത്മാവിനെ അവിടുത്തെ ശിഷ്യന്മാര്‍ക്ക് അങ്ങ് പകര്‍ന്നു നല്‍കിയല്ലോ! നാഥാ, ഇന്നും അവിടുത്തെ അനുഗമിക്കുകയും അവിടുത്തെ പിന്‍ചെല്ലുമ്പോള്‍, അങ്ങ് ഞങ്ങളെ ശക്തിപ്പെടുത്തുന്നത് ഈ ആത്മാവിനെ തന്നാണ്, പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടാണ് ഞങ്ങളെ അങ്ങ് ബലപ്പെടുത്തുന്നത്, നയിക്കുന്നത്. ഈശോയേ, ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയുടെ ചൈതന്യംകൊണ്ട്, ആത്മാവിനെക്കൊണ്ടു നിറയ്ക്കണമേ! എന്നു പറഞ്ഞാല്‍, ഈ ആത്മാവ് അങ്ങില്‍ ഉണര്‍ത്തിയ സ്നേഹചൈതന്യം തന്നെയാണ് ഞങ്ങള്‍ക്കും നല്കുന്നത്. ഈശോയേ, ഞങ്ങളെ ആ സ്നേഹ ചൈതന്യംകൊണ്ടു കൂടുതല്‍ ബലപ്പെടുത്തണമേ, ശക്തരാക്കണമേ! അങ്ങേ സ്നേഹത്തില്‍ ഞങ്ങളെ വളര്‍ത്തണമേ!! കുടുതല്‍ സ്നേഹിക്കാന്‍, കൂടുതല്‍ ക്ഷമിക്കാന്‍, കൂടുതല്‍ കാരുണ്യം കാണിക്കാനുള്ള കൃപകള്‍ ധാരാളമായി ഞങ്ങള്‍ക്കു തരണമേ, ഈശോയേ, പ്രത്യേകിച്ച് കുടുംബ ജീവിതത്തില്‍ പരസ്പരസ്നേഹവും കരുതലുമുള്ളവരായും പങ്കുവയ്ക്കുന്നവരായും, ഞങ്ങളെ മാറ്റേണമേ! അതിലൂടെ അങ്ങേ കല്പനകള്‍ അനുസരിക്കുന്നവരാക്കി ഞങ്ങളെ മാറ്റേണമേ! അങ്ങനെ ഞങ്ങളെ ഓരോരുത്തരെയും, ഞങ്ങളുടെ കുടുംബങ്ങളെയും അങ്ങ് വസിക്കുന്ന ഇടമാക്കി, ദേവാലയമാക്കി മാറ്റേണമേ! ആമേന്‍!!Source: Vatican Radio