News >> നിങ്ങൾ ക്രിസ്തുവിന്റെ സാക്ഷികളാണ്


വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ സംരക്ഷണച്ചുമതലയുള്ള സ്വിസ് ഗാർഡുകൾ ക്രിസ്തുവിന്റെ സാക്ഷികളാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രൊ പരോളിൻ. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത സ്വിസ് ഗാർഡ്‌സിനോട് നടത്തിയ പ്രസംഗത്തിലാണ് കർദിനാൾ ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവർഷവും മെയ് ആറിന് നടക്കുന്ന ചടങ്ങിൽ മാർപാപ്പയെ തങ്ങളുടെ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ച സ്വിസ് ഗാർഡ്‌സ് പ്രതിജ്ഞ എടുക്കുന്ന ചടങ്ങുണ്ട്. 1527ൽ നടന്ന യുദ്ധത്തിൽ ക്ലെമെന്റ് ഏഴാമൻ മാർപാപ്പയെ സംരക്ഷിക്കുന്നതിനായി 147 ഗാർഡുകൾ തങ്ങളുടെ ജീവൻ ത്യജിച്ച സംഭവത്തിന്റെ ഓർമദിവമാണ് മെയ് ആറ്. അന്ന് വത്തിക്കാനിൽ നിന്ന് രഹസ്യവഴിയിലൂടെ ടൈബർ നദിയുടെ സമീപമുള്ള കാസ്റ്റൽ സാന്ത് ആഞ്ചലോയിലേക്ക് മാർപാപ്പ രക്ഷപെടുകയായിരുന്നു.

വിശ്വസ്തരായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് കർദിനാൾ പരോളിൻ പറഞ്ഞു. അന്ന് ജീവൻ ത്യജിച്ച ഗാർഡുകൾക്കും അത് എളുപ്പമുള്ള കാര്യമായിരുന്നില്ല. പ്രിയപ്പെട്ട പടയാളികളെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഇപ്പോൾ തന്നെ ആരംഭിക്കുക. അനുദിനശുശ്രഷയിൽ പരിശുദ്ധ സിംഹാസനത്തോട് പുലർത്തുന്ന വിശ്വസ്തതയിലൂടെ അത് സാധിക്കും. നിങ്ങൾ തമ്മിലുള്ള സാഹോദര്യത്തിലൂടെയും നല്ല ബന്ധത്തിലൂടെയും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് സാധിക്കും. വിശ്വാസത്തിന്റെ മാതൃകകളായി ജീവിച്ചുകൊണ്ട് ജീവിക്കുന്ന ദൈവത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് സാധിക്കും; കർദിനാൾ വിശദീകരിച്ചു.

ധൈര്യവും വിശ്വസ്തതയും ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന 120 പേർ മാത്രമുൾക്കൊള്ളുന്ന സ്വിസ് ഗാർഡ്‌സ് ലോകത്തലെ ഏറ്റവും പുരാതനവും ഏറ്റവും ചെറുതുമായ സൈന്യനിരയാണ്.

Source: Vatican Radio