News >> ഇല്ല, ഇവർക്ക് മാതൃദിനം ആഘോഷിക്കാനാവില്ല


റോം: ലോകമെമ്പാടുമുള്ള ജനങ്ങൾ മെയ് 8ന് മാതൃദിനം ആഘോഷിച്ചു. ഭൂമിയിൽ ജനിക്കാനും വളരാനും സ്വന്തം ശരീരവും മനസ്സും മക്കൾക്ക് വിട്ട് നൽകിയ മാതാക്കളെ ലോകം നന്ദിയോടെ ഓർമിച്ച ദിനമായിരുന്നു അത്. എന്നാൽ ചൈനയിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷം പേർക്കും അതൊരു വേദനയുടെ ദിനമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു വർഷം ഒരു കോടി 30 ലക്ഷം കുട്ടികളെ ഗർഭപാത്രത്തിൽ കൊന്നൊടുക്കുന്ന രാജ്യത്തിന് അല്ലെങ്കിലും ആഘോഷിക്കാൻ അധികമൊന്നും ബാക്കിയുണ്ടാവാൻ തരമില്ല.

അനൗദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ ഒരു വർഷം രണ്ട് കോടി 30 ലക്ഷം കുട്ടികളാണ് ഗർഭപാത്രത്തിൽ കൊല്ലപ്പെടുന്നത്. ഇതിൽ എത്രയെണ്ണമാണ് ഗവൺമെന്റ് നിയമപ്രകാരമുള്ള നിർബന്ധിത ഗർഭഛിദ്രമെന്നുള്ളതിന്റെ കണക്കുകൾ വ്യക്തമല്ല.

ചൈനയിലെ കുടുംബാസൂത്രണ പോലീസിന്റെ ഭീകരതയിൽ നിന്ന് രക്ഷപെട്ടതുകൊണ്ട് മാത്രം ഇന്ന് ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച പെൺകുട്ടിയാണ് ഷാംഗ് ആനി. മനുഷ്യാവകാശപ്രവർത്തകനായ അവളുടെ പിതാവ് പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ പോലീസ് നടത്തിയ പീഡനത്തെ തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം വീൽ ചെയറിലായി. രണ്ട് കുട്ടികൾ നിയമവിരുദ്ധമായിരുന്ന കാലഘട്ടത്തിലാണ് ഷാംഗ് ആനിയുടെ അമ്മ രണ്ടാമതും ഗർഭിണിയാകുന്നത്. ഗർഭഛിദ്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം കുടുംബത്തിൽ കയറിയിറങ്ങിയ കുടുംബാസൂത്രണ പോലീസ് ചൈനയിലെ മറ്റ് നിരവധി കുടുംബങ്ങളുടെയെന്നപോലെ ഇവരുടെയും ഉറക്കം കെടുത്തി. അവസാനം രണ്ടാമത്തെ ഭാര്യയുടെ ആദ്യത്തെ കുട്ടിയാണ് എന്ന് വാദിച്ചാണ് ആ കുടുംബം ആനിയെ രക്ഷപെടുത്തിയത്.

ഗർഭഛിദ്രത്തിൽ നിന്നും രക്ഷപെട്ടെങ്കിലും ആനിയുടെ ജീവിതം സുരക്ഷിതമായിരുന്നില്ല. പിതാവിന്റെ പ്രവർത്തനങ്ങളുടെ പേരിൽ പോലീസ് ആനിയെ വേട്ടയാടാൻ ആരംഭിച്ചു. പത്താമത്തെ വയസിൽ ആനി ജയിലിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ചൈനീസ് പെൺകുട്ടിയായി മാറി. ആ സമയത്താണ് അവളുടെ പിതാവ് മകളെ ചൈനയിൽ നിന്നും രക്ഷപെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചത്. തുടർന്ന് ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ ആനിയെയും അവളുടെ സഹോദരി റൂലിയെയും യു.എസിൽ എത്തിച്ചു. ഇന്ന് എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്കോടെ യു.എസിൽ പഠിച്ചുകൊണ്ടിരിക്കുന്ന ആനി അവളുടെ ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളിലൊരാളാണെന്ന് ചൈനയിൽ നിന്ന് യു.എസിലേക്ക് രക്ഷപെടാൻ സഹായിച്ച റെജി ലിറ്റിൽ ജോൺ പറയുന്നു.

പക്ഷെ ആനിക്ക് ലഭിച്ച ഭാഗ്യം ലക്ഷക്കണക്കിന് ചൈനീസ് പെൺകുട്ടികൾക്ക് ഇന്നും അന്യമാണെന്ന് റെജി പറയുന്നു. രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെന്ന് അറിയുമ്പോൾ മിക്കപ്പോഴും ഗർഭഛിദ്രം ചെയ്യുന്നു. അല്ലെങ്കിൽ തന്നെ ചൈനയിലെ 'രണ്ട് കുട്ടികൾ' നിയമത്തിൽ ആഘോഷിക്കാനൊന്നുമില്ല. പണ്ട് ഒരു കുട്ടി ഉണ്ടായിക്കഴിഞ്ഞുള്ള എല്ലാ കുട്ടികളെയും ഗർഭഛിദ്രത്തിന് വിധേയമാക്കി. ഇന്ന് രണ്ട് കുട്ടികൾ കഴിഞ്ഞുള്ള എല്ലാ കുട്ടികളെയും കൊന്നുകളയുന്നു. നിർബന്ധിത ഗർഭഛിദ്രം ഇന്നും തുടരുന്നു. ചൈനയിൽ ഗർഭഛിദ്രം വഴി കൊല്ലപ്പെടുന്ന ഒരോ കുട്ടിയിലൂടെയും ലഭിക്കേണ്ട സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിക്കുന്ന മുഖമാണ് ആനി. അടുത്തിയിടെ ന്യൂയോർക്കിലെ പ്രസിദ്ധമായ കാർണിജി ഹാളിൽ പിയാനൊ വായിക്കാൻ അവൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു;റെജി പങ്കുവച്ചു.

Source: Vatican Radio