News >> കണ്ണീര് തോരുന്ന കാലം


വത്തിക്കാൻ സിറ്റി: 'ലോകത്തിൽ ഒരോ നിമിഷത്തിലും എന്തുമാത്രം കണ്ണീരാണ് ചിന്തപ്പെടുന്നത്. വ്യത്യസ്തമായ കാര്യങ്ങൾക്കുവേണ്ടിയാവാം, പക്ഷെ ഇവയെല്ലാം കൂടിച്ചേർന്ന് കാരുണ്യത്തിനും ദയക്കും ആശ്വാസത്തിനുമായി കേഴുന്ന ദുഃഖത്തിന്റെ ഒരു സമുദ്രം തന്നെ തീർക്കുന്നു. എന്നാൽ ഈ വേദനകളുടെ മധ്യത്തിൽ നാമാരും ഒറ്റയ്ക്കല്ല. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതുമൂലം കണ്ണീർ പൊഴിച്ച ഈശോയ്ക്ക് നമ്മുടെ കണ്ണുനീരിനെക്കുറിച്ച് നന്നായി അറിയാം.'- ആശ്വാസം ആവശ്യമുള്ള എല്ലാവർക്കുമായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ ജാഗരണ പ്രാർത്ഥന നയിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്.

മനുഷ്യന്റെ ദുഷ്ടതയുടെ ഫലമായി ഉണ്ടാകുന്ന കണ്ണീരാണ് ഏറ്റവും കയ്‌പ്പേറിയതെന്ന് പാപ്പ വിശദീകരിച്ചു. പ്രിയപ്പെട്ടവരെ ക്രൂരമായ വിധത്തിൽ തങ്ങളിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുന്നത് കാണേണ്ടി വന്ന മാതാപിതാക്കളുടെയും മക്കളുടെയും വേദനയാണത്. ഇത്തരം സന്ദർഭങ്ങളിൽ ആശ്വാസത്തിനായി നാം ചുറ്റും നോക്കുന്നു. നമ്മുടെ വേദന മനസിലാകുന്ന ആരെങ്കിലുമുണ്ടോ എന്ന് തിരയുന്നു. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ നമ്മുടെ മനസ്സിനെ കീഴടക്കും. ഹൃദയത്തിന്റെ യുക്തി ഏറ്റവുമധികം ആവശ്യമുള്ള സാഹചര്യമാണ് ഏകാന്തതയുടെ നിമിഷങ്ങൾ.

ഈശോയുടെ കണ്ണുനീർ നൂറ്റാണ്ടുകളായി ദൈവശാസ്ത്രജ്ഞൻമാരുടെ പഠനവിഷയമാണെന്ന് പാപ്പ പറഞ്ഞു. അതിലുപരിയായി വേദനയനുഭവിച്ചുകൊണ്ടിരുന്ന നിരവധി മനുഷ്യഹൃദയങ്ങൾക്കുള്ള ഔഷധമായി അത് മാറി. വേദനയുടെ നിമിഷങ്ങളിൽ കണ്ണീർ പൊഴിക്കുന്നതിന്റെ അർത്ഥം മാത്രമല്ല മരണത്തിന്റയും ക്ലേശങ്ങളുടെയും വേദനയും പത്രോസും യൂദാസും തള്ളിപ്പറഞ്ഞതിന്റെ നിരാശയും യേശു അനുഭവിച്ചിട്ടുണ്ട്. യേശുവിന് കരയാമെങ്കിൽ എനിക്കും കരയാം... യേശു എന്റെ ദുഃഖം മനസിലാക്കുന്നു എന്നതാണെന്റെ ആശ്വാസം; പാപ്പ വിശദീകരിച്ചു.

സഹോദരങ്ങളുടെ ദുഃഖത്തെ നിസംഗതയോടെ നോക്കുന്ന ലോകത്തിനുള്ള മറുമരുന്നാണ് യേശുവിന്റെ കണ്ണീരെന്ന് പാപ്പ തുടർന്നു. മറ്റുള്ളവരുടെ വേദന എന്റെ വേദനയായി സ്വീകരിക്കുവാൻ അത് പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ ക്ലേശങ്ങളിലും വേദനകളിലും പങ്കുപറ്റുവാൻ അതെന്നെ പ്രചോദിപ്പിക്കുന്നു. ക്രിസ്തുവിന്റെ അനുയായികളിൽ നിന്ന് യാതൊരു പ്രതികരണവുമില്ലാതെ യേശുവിന്റെ കണ്ണുനീർ നഷ്ടപ്പെടുവാൻ അനുവദിക്കരുത്. യേശു ആശ്വാസിപ്പിച്ചതുപോലെ മറ്റുള്ളവരെ ആശ്വസിപ്പിക്കാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. പ്രാർത്ഥനയാണ് ക്ലേശങ്ങളിലുള്ള നമ്മുടെ മരുന്ന്. പ്രാർത്ഥനയിൽ ദൈവസാന്നിധ്യം അനുഭവിക്കാൻ സാധിക്കും; പാപ്പ വ്യക്തമാക്കി.

Source: Sunday Shalom