News >> ഐക്യത്തിന്റെ ഇഴയിൽ ലോകത്തെ നെയ്‌തെടുക്കാൻ


റോം: സന്യാസിനീ സമൂഹങ്ങളുടെ സുപ്പീരിയർ ജനറൽമാരുടെ പ്രസിഡന്റ് സിസ്റ്റർ കാർമൻ സാമുട്ട് മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന സുപ്പീരിയർ ജനറൽമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്യാസിനിമാർ തങ്ങളുടെ ഉള്ളിലുള്ള പരമമായ സത്യത്തെ ഉണർത്തുന്ന സ്വപ്നങ്ങൾ നെയ്‌തെടുക്കുന്നവരാകണമെന്ന് സിസ്റ്റർ കാർമൻ തന്റെ സന്ദേശത്തിൽ പറഞ്ഞു. 'ആഗോള ഐക്യത്തിന്റെ നെയ്ത്തുകാർ' എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം.

ആഗോള ഐക്യത്തിനുള്ള പ്രതിബദ്ധത നെയ്ത്തു പോലെ സഹിഷ്ണതയും പ്രാഗത്ഭ്യവും ആവശ്യമായ മനോഹരവും സങ്കീർണവുമായ പ്രവൃത്തിയാണെന്ന് സിസ്റ്റർ കാർമൻ പങ്കുവച്ചു. നെയ്ത്തുപോലെ ഒരു തുന്നൽകൊണ്ട് ആരംഭിച്ച് തുടരേണ്ട പ്രവൃത്തിയാണത്. അകലങ്ങളിലായിരിക്കുമ്പോഴും നമ്മുടെ ശൃംഗല കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുന്നത് ഈ നെയ്ത്തിലൂടെയാണ്; സിസ്റ്റർ സാമുട്ട് പറഞ്ഞു.
വികസിത ലോകത്തിന്റെ ജീവിതശൈലി സ്വീകരിക്കുന്നത് മൂലം മനസ് മരവിക്കാനും ഹൃദയങ്ങൾ അന്ധമാകാനും സാധ്യതയുണ്ടെന്ന് ചടങ്ങിൽ പ്രസംഗിച്ച യു.എസിൽ നിന്നുള്ള സിസ്റ്റർ കരോൾ സിൻ പറഞ്ഞു. വിദ്യാഭ്യാസത്തിനും ജോലിക്കും സുരക്ഷിതമായ താമസത്തിനുമുള്ള സാധ്യതകൾ പ്രധാനപ്പെട്ടതാണ്. പക്ഷെ മറ്റുള്ളവരുടെ വേദന മനസിലാക്കാൻ പറ്റാത്ത വിധത്തിലുള്ള മരവിപ്പ് മനസാക്ഷിയെ പിടികൂടാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ സന്യാസിനിമാർ നേരിടുന്ന വെല്ലുവിളിയാണ്.

ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ടതിന് കരഞ്ഞുകൊണ്ടുനിന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാനായി നിന്നതുമൂലം വീട്ടിൽ വൈകിയെത്തിയ പെൺകുട്ടിയുടെ കഥ സിസ്റ്റർ സിൻ പങ്കുവച്ചു. ഇതാണ് നമ്മുടെ വിളിയുടെ ഹൃദയം. ഇന്നത്തെ ലോകത്തിന്റെ പ്രതിസന്ധികളിൽ നമ്മുടെ ഹൃദയങ്ങൾ പകുത്ത് നൽകിക്കൊണ്ട് എങ്ങനെ ലോകത്തോടൊപ്പം ആയിരിക്കാൻ സാധിക്കും? യാഥാർത്ഥ്യത്തെ അവഗണിക്കാൻ വളരെ എളുപ്പമാണ്. പലപ്പോഴും നമ്മുടെ മുമ്പിലുള്ള യാഥാർത്ഥ്യത്തോട് പ്രതികരിക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഈ ലോകത്തിന്, ഭൂമി മുഴുവനും, സർവ്വ ജീവജാലങ്ങൾക്കും ഈ സമയം നിങ്ങളെ ആവശ്യമുണ്ട്; ഫ്രാൻസിസ് മാർപാപ്പയെ ഉദ്ധരിച്ചുകൊണ്ട് സിസ്റ്റർ സിൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് സിസ്റ്റർ സാമുട്ടും യൂണിയന്റെ എക്‌സിക്ക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ പട്രീഷ്യാ മുറേയും വിശദീകരിച്ചു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് അഞ്ച് പേരടങ്ങുന്ന കാനൻനിയമ വിദഗ്ധരുടെ സംഘത്തിന് രൂപം നൽകിയത് ശ്രദ്ധേയമായി. കാനൻ നിയമ വിഷയങ്ങളിൽ ഈ സംഘമായിരിക്കും ലോകത്തിലെ വിവിധ സന്യാസിനീ സമൂഹങ്ങൾക്ക് ഉപദേശം നൽകുക.

Source: Sunday Shalom