News >> ലോകമേ, ഇനിയും വൈകരുതെ


മിഡിൽ ഈസ്റ്റിൽ മതസ്വാതന്ത്ര്യം ഇല്ലാതിരിക്കുകയും സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിക്കുന്ന ലക്ഷണമൊന്നും കാണാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ പ്രശ്‌നത്തിൽ ഇടപെടണമെന്ന് വിവിധ ക്രൈസ്തവ നേതാക്കൾ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം വത്തിക്കാൻ നിരീക്ഷകന്റെ ഓഫീസ് സ്‌പോൺസർ ചെയ്ത കോൺഫ്രൻസിലാണ് ഈ ആവശ്യം ഉയർന്നുവന്നത്. മതന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചവരും ഇരയായവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

സിറിയൻ യുദ്ധത്തിന്റെ ഭീകരതകൾ ഏറെ ഏറ്റുവാങ്ങിയ ആലപ്പോയിൽ നിന്നുള്ള സിസ്റ്റർ മരിയ ഡെ ഗ്വാഡലൂപ്പ റോഡ്രിഗോയുടെ സാക്ഷ്യം ശ്രദ്ധേയമായിരുന്നു. യുദ്ധം ആരംഭിച്ച ആദ്യ കാലങ്ങളിൽ പുറത്തിറങ്ങാതെയാണ് ദിനങ്ങൾ കഴിച്ചുകൂട്ടിയത്. പുറത്ത് വെടിയൊച്ചയും സ്‌ഫോടനങ്ങളും കേൾക്കാം. ഞങ്ങൾക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് ദിവസങ്ങൾ മാസങ്ങളായി. മാസങ്ങൾ വർഷങ്ങളും. ഇന്ന് കുട്ടികൾ റോഡിൽ ചിതറിക്കിടക്കുന്ന വെടിയുണ്ടകൾ ഉപയോഗിച്ചാണ് കളിക്കുന്നത് പോലും; അനന്തമായി നീണ്ടുപോകുന്ന യുദ്ധത്തെക്കുറിച്ചുള്ള ദുഃഖം സിസ്റ്റർ പങ്കുവച്ചു.

ഐഎസ് തീവ്രവാദികളുടെ പീഡനത്തിനിരയായ സാമിയ സ്ലെമാൻ എന്ന പെൺകുട്ടിയുടെ സാക്ഷ്യം കോൺഫ്രൻസിനെത്തിയവരുടെ വേദനയായി. ആറ് മാസക്കാലം പട്ടിണിക്കിട്ടതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും അനുഭവങ്ങൾ പങ്കുവച്ച സാമിയ തന്നെപ്പോലെ നിരവിധി കുട്ടികളെ ഐഎസ് ദുരുപയോഗം ചെയ്തതായി വിവരിച്ചു. പല കുട്ടികൾക്കും ഏഴും എട്ടും വയസു മാത്രമെ പ്രായമുള്ളു. പ്രായമായ അവരുടെ അമ്മമാരെ പലപ്പോഴും തീവ്രവാദികൾ കൊലപ്പെടുത്തും; മാതാപിതാക്കൾ ഇപ്പോഴും ഐഎസ് പിടിയിലുള്ള സാമിയ വ്യക്തമാക്കി. നൈറ്റ്‌സ് ഓഫ് കൊളംബസ് സിഇഒ കാൾ ആൻഡേഴ്‌സൺ, മിഡിൽ ഈസ്റ്റിലെ മനുഷ്യാവകാശസംരക്ഷണത്തിനായി പ്രവൃത്തിക്കുന്ന സന്നദ്ധസംഘടനയുടെ വൈസ്പ്രസിഡന്റ് ജാക്വലിൻ ഐസക്ക് എന്നിവർ പ്രസംഗിച്ചു. 'ലോകമേ നീ എവിടെയാണ്?' എന്ന ചോദ്യമുന്നയിച്ചുകൊണ്ട് ജാക്വലിൻ നടത്തിയ പ്രസംഗം കരഘോഷത്തോടെയാണ് കോൺഫ്രൻസിനെത്തിയവർ സ്വാഗതം ചെയ്തത്.

Source: Sunday Shalom