News >> മനുഷ്യരെക്കാൾ വളർത്തു മൃഗങ്ങളെ സ്‌നേഹിക്കുന്നത് ആത്മീയ അപകടത്തിന്റെ ലക്ഷണം: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള മൃഗസ്‌നേഹികളെ തെല്ല് നിരാശപ്പെടുത്തിക്കൊണ്ട് എന്നു വേണമെങ്കിൽ പറയാം, ഫ്രാൻസിസ് പാപ്പ പറഞ്ഞു, "നിങ്ങളുടെ അയൽക്കാരെക്കാൾ കൂടുതലായി വളർത്തുമൃഗങ്ങളെ സ്‌നേഹിക്കരുത്." നിരാശ്രയരായ മനുഷ്യർക്കാണ് കൂടെത്താമസിക്കുന്ന മൃഗങ്ങളെക്കാൾ നമ്മെ ആവശ്യം. "പൂച്ചയോടും, നായയോടും അതിയായ സ്‌നേഹം പ്രകടിപ്പിക്കുന്ന മനുഷ്യരെ നാം എവിടെയും കാണുന്നു. അവരിൽ പലരും അവശ്യക്കാരായ അയൽക്കാരെ നിർദ്ദയം മറക്കുന്നു. ഇത് സ്വീകാര്യമാവില്ല." പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.കരുണയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചൂകൂടിയ അനേകായിരങ്ങളോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. "ദൈവത്തിന്റെ കരുണയുടെ പ്രതിഫലനമാണ് മനുഷ്യരിൽ കാണുന്ന അനുകമ്പ. നമ്മോടൊപ്പം ജീവിക്കുന്ന മൃഗങ്ങളോടുള്ള വൈകാരികമായി അടുപ്പവും യഥാർത്ഥ കരുണയും തമ്മിൽ വേർതിരിക്കപ്പെടണം. ചില സമയങ്ങളിൽ മൃഗങ്ങളെ സ്‌നേഹിക്കാൻ നമുക്ക് സാധിക്കും, കൂടെയും അയൽപക്കത്തുമുള്ള മനുഷ്യരെ നിരാകരിക്കുകയും ചെയ്യും. സഹിക്കുന്ന മനുഷ്യരോടുള്ള അവഗണനയും, വളർത്തുമൃഗങ്ങളോടുള്ള അനുകമ്പയും ഒരേസമയം നമ്മിൽ കാണുമ്പോൾ ആത്മീയ അപകടത്തിന്റെ ലക്ഷണമാണത്."ഈശോയുടെ സ്‌നേഹമത്രയും അവിടുന്ന് പ്രകടിപ്പിച്ചത് കൂടെയുള്ള മനുഷ്യരോടാണ്. കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ എന്ന് നിലവിളിച്ച എല്ലാവർക്കും അവിടുന്ന് ചെവികൊടുത്തു. മറ്റുള്ളവരുടെ വേദനയിൽ അവിടുന്ന് പങ്കുചേരുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തു. ഇതേ രീതിയിൽ നാമും കരുണ കാട്ടുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. സഹജീവികളുടെ വേദന മനസിലാക്കാത്ത, അതിന് പരിഹാരം കാണാൻ ശ്രമിക്കാത്ത ആത്മീയ ജീവിതം യഥാർത്ഥ്യത്തിൽനിന്ന് അകലെയാണ്. ഫ്രാൻസിസ് പാപ്പ ഉദ്‌ബോധിപ്പിച്ചു.
Source: Sunday Shalom