News >> ശ്രീലങ്കൻ നേവി ഒരുകോടി രൂപയുടെ ദൈവാലയം നിർമിച്ചു നൽകുന്നു
കൊളംമ്പോ: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷിക്കുന്ന കച്ചത്തീവ് ദ്വീപിൽ, ശ്രീലങ്കൻ നാവികസേന ഒരുകോടി രൂപ മുടക്കി പുതിയ ദൈവാലയം നിർമിക്കും. ശ്രീലങ്കൻ നേവിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ക്രൈസ്തവ ദൈവാലയം നേവി സേനാംഗങ്ങൾ നിർമിച്ചു നൽകുന്നത്.ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ അധീനതയിലാണ് ഈ ദ്വീപ്. ജാഫ്‌ന രൂപത വികാരി ജനറാൾ ഫാ. ജോസഫ് ദാസ് ജബരത്തിനം പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപന ആശീർവാദകർമം നിർവഹിച്ചു. ശ്രീലങ്കൻ നേവിയുടെ നോർത്തേൺ നേവൽ ഏറിയ കമാണ്ടർ റീയർ അഡ്മിറൽ പിയാൽ ഡി സിൽവ, ജാഫ്‌ന ഡെ.കമാണ്ടർ മെറിൽ സുദർശന, ഇടവക വികാരി ഫാ. ആന്റണി ജയരജ്ഞൻ, അസിസ്റ്റന്റ് വികാരി ഫാ. നിക്‌സൺ കോളിൻ എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ഫെബ്രുവരി 20, 21 തിയതികളിൽ നടന്ന വിശുദ്ധ അന്തോനീസിന്റെ തിരുനാൾ വേളയിൽ ജാഫ്‌ന രൂപത ബിഷപ് ജസ്റ്റിൻ ബർണാർഡ് ജ്ഞാനപ്രകാശമാണ് ദൈവാലയത്തിന്റെ അഭാവത്തെക്കുറിച്ച് ശ്രീലങ്കൻ നേവൽ ചീഫ് വൈസ് അഡ്മിറൽ രവി വിജി ഗുണത്‌നയോടും നേവിയിലെ ഉയർന്ന റാങ്കിലുള്ള ഓഫിസർമാരോടും അഭ്യർത്ഥിച്ചത്.ബിഷപ്പിന്റെ അഭ്യർത്ഥനയുടെ വെളിച്ചത്തിൽ നേവിയുടെ ഉന്നതതല കമ്മിറ്റി സമ്മേളിക്കുകയും തുടർന്ന് ക്രിസ്റ്റ്യൻ അഫയേഴ്‌സ് മന്ത്രാലയം ഒരുകോടി രൂപ മുടക്കി ദൈവാലയം നിർമിച്ചു നൽകുന്നതിനും തീരുമാനിക്കുകയും ചെയ്തു. വൈസ് അഡ്മിറൽ രവീന്ദ്ര വിജി ഗുണരത്തെ നോർത്തേൺ നേവൽ ഏരിയ കമാണ്ടർ റീയർ അഡ്മിറൽ പിയാൽ ഡി സിൽവ എന്നിവർ ദൈവാലയ നിർമാണത്തിന് നേതൃത്വം നൽകും. ദൈവാലയനിർമാണത്തോടനുബന്ധിച്ചുള്ള അനുബന്ധ പ്രവർത്തനങ്ങൾക്ക് ജാഫ്‌ന രൂപത നേവിയെ സഹായിക്കും. ഈ വർഷം ഇന്ത്യയിൽനിന്ന് 3249 തീർത്ഥാടകരും ശ്രീലങ്കയിൽനിന്ന് 4512 തീർത്ഥാടകരും കച്ചത്തീവിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാളിൽ പങ്കെടുത്തു. പാസ്‌പോർട്ടോ വീസയോ ഇല്ലാതെ മറ്റൊരു രാജ്യത്തെ തിരുനാളിൽ പങ്കെടുക്കാം എന്നതാണ് തിരുനാളിന്റെ പ്രത്യേകത.മത്സ്യത്തൊഴിലാളികളുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഈ കൊച്ചുദൈവാലയം കച്ചത്തീവ് ദ്വീപ് മേഖലയിൽ മത്സ്യബന്ധനം നടത്തിയിരുന്ന രാമശ്വേരത്തിലെ മത്സ്യത്തൊഴിലാളികൾ 1905-ൽ പണി കഴിപ്പിച്ചതാണ്. ഈ ദ്വീപ് രാമനാഥപുരം നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് മദ്രാസ് പ്രവിശ്യയുടെ ഭാഗമായി. 1974-ൽ കച്ചത്തീവ് ദ്വീപ്, ഇന്ത്യ ശ്രീലങ്കയ്ക്ക് ഇഷ്ടദാനമായി നൽകി. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് 1983-ൽ ഈ ദ്വീപിലേക്കുള്ള തീർത്ഥാടനം ശ്രീലങ്കൻ നേവി നിരോധിച്ചിരുന്നു. ആഭ്യന്തരയുദ്ധം 2009-ൽ അവസാനിച്ചതോടെ 2010 മുതൽ തീർത്ഥാടനം പുനരാരംഭിച്ചു.രാമശ്വേരത്തുനിന്ന് പുറപ്പെടുന്ന തീർത്ഥാടകരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അന്തർദേശീയ സമുദ്രാതിർത്തിവരെ അനുഗമിക്കും. അവിടെനിന്ന് തീർത്ഥാടകരുടെ സുരക്ഷ ശ്രീലങ്കൻ നേവി ഏറ്റെടുക്കും. തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി അന്നേദിവസം ഈ മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചിരുന്നു.തിരുനാളിന് കച്ചത്തീവിൽ എത്തുന്നവർക്ക് സൗജന്യ ഭക്ഷണം, താമസം, വാഹനസൗകര്യം ഇവയെല്ലാം ശ്രീലങ്കൻ നേവിയുടെ നേതൃത്വത്തിലാണ് നൽകുന്നത്. ശ്രീലങ്കയിലും തമിഴ്‌നാട്ടിലുമുള്ളവർക്ക് ഈ തിരുനാൾ ഒരു സംഗമവേദികൂടിയാണ്.പാസ്‌പോർട്ടോ വീസയോ ഇല്ലാതെ ഇരുരാജ്യങ്ങളിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിനും സ്‌നേഹം പങ്കുവയ്ക്കുന്നതിനുമുള്ള സുവർണാവസരംകൂടിയാണ് ഇവർക്ക് തിരുനാൾ. തലേദിവസം താൽക്കാലിക ടെന്റുകളിലും കടൽത്തീരത്തുമായി ഈ കുടുംബങ്ങൾ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നു.തിരുനാളിനോടനുബന്ധിച്ച് കുരിശിന്റെ വഴി, ജപമാല പ്രദക്ഷിണം, വിശുദ്ധ കുർബാന, തേര് പ്രദക്ഷിണം, നൊവേന, വാഴ്‌വ് എന്നിവ നടത്തപ്പെടുന്നു. ഈ തീർത്ഥാടനത്തിനുള്ള അപേക്ഷകൾ എല്ലാ വർഷവും ജനുവരിയിൽ രാമേശ്വരത്തുള്ള സെന്റ് ജോസഫ് ദൈവാലയത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രാമേശ്വരത്തുനിന്ന് 17 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് കച്ചത്തീവ്. 285 ഏക്കർ 20 സെന്റാണ് ഈ ദ്വീപിന്റെ വിസ്തൃതി. ജാഫ്‌ന രൂപതാതിർത്തിക്കുള്ളിലാണ് കച്ചത്തീവ്. ഏകദേശം 300 വർഷത്തോളം ഈ പ്രദേശം കൊച്ചി രൂപതയുടെ കീഴിലായിരുന്നു. 1886 സെപ്റ്റംബർ ഒന്നിനാണ് ജാഫ്‌നാ രൂപത രൂപീകൃതമായത്.കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറുമ്പോൾ ഉടമ്പടിയിൽ എട്ട് നിബന്ധനകളാണുള്ളത്. അതിലെ അഞ്ചാമത്തെ നിബന്ധനയനുസരിച്ച്, കച്ചത്തീവ് ദ്വീപ് സന്ദർശിക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ടോ വീസായോ ആവശ്യമില്ലെന്നുള്ളതാണ്.SOurce: Sunday Shalom