News >> കുട്ടികൾ വിശ്വാസത്തിനു സാക്ഷ്യം നൽകണം: മാർ ആലഞ്ചേരി
കൊച്ചി: സഭയിലും സമൂഹത്തിലും മുതിർന്നവർക്കൊപ്പം കുട്ടികളും വിശ്വാസസാക്ഷ്യം നൽകേണ്ടവരാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. സഭയുടെ മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രതിഭാസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വാക്കുകളിലും പ്രവൃത്തികളിലും യേശുസ്‌നേഹം നിഴലിക്കണം. തങ്ങൾക്കു ലഭിച്ച കഴിവുകൾ കാരുണ്യത്തോടെ പങ്കുവച്ചുകൊണ്ടു വിശ്വാസത്തിനു സാക്ഷ്യം വഹിച്ചു ജീവിക്കാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ, കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഓഫീസ് സെക്രട്ടറി സിസ്റ്റർ ലിസ്‌നി, സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു. ഫാ. ഡായി കുന്നത്ത്, ജിബി വർഗീസ്, നേവി ജോർജ് എന്നിവർ സെഷനുകൾക്കു നേതൃത്വം നൽകി.സനൽ സ്റ്റാൻലിൻ ആലപ്പാട്ട് (തൃശൂർ), ആൽഫിൻ ടോം വെട്ടിക്കൊമ്പിൽ (കാഞ്ഞിരപ്പള്ളി), അലിൻ മരിയ പുതുശേരിൽ (തൃശൂർ), സിനറ്റ് ഡെന്നീസ് പഴയിടത്ത് (പാല) എന്നിവർ പ്രതിഭാപുരസ്‌കാരത്തിന് അർഹരായി. വിവിധ രൂപതകളിൽ ഏഴാം ക്ലാസിൽ വിശ്വാസ പരിശീലനം നടത്തുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു പ്രതിഭാസംഗമത്തിൽ പങ്കെടുത്തത്.Source: Sunday Shalom