News >> കൂട്ടായ്മയുടെ പ്രേരകശക്തി ദൈവാരൂപിയെന്ന് പാപ്പാ ഫ്രാന്‍സിസ്
കൂട്ടായ്മയുടെ അനുഭവം നിലനിര്‍ത്തുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 15-ാം തിയതി ഞായറാഴ്ച പെന്തക്കോസ്താ മഹോത്സവത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കവെ നല്കിയ വചന വിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്."നിങ്ങളെ അനാഥരായി വിടുകയില്ല." മനുഷ്യരുടെകൂടെ ആയിരിക്കുവാനും നയിക്കുവാനും കര്‍ത്താവിന്‍റെ അരൂപിയെ പിതാവായ ദൈവമാണ് ലോകത്തിനു നല്കിയത് (യോഹ. 14, 18) എന്ന പ്രസ്താവത്തോടെയാണ് പാപ്പാ വചനചിന്തയ്ക്ക് തുടക്കം കുറിച്ചത്. പിതാവ് അയക്കുകയും, നല്‍കുകയുംചെയ്യുന്ന ദൈവാരൂപി നമ്മെ പിതാവുമായി ബന്ധപ്പെടുത്തുന്നു. അങ്ങനെ ദൈവമക്കളുടെ പദത്തിലേയ്ക്ക് നാം ഉയര്‍ത്തപ്പെടുന്നു. അനാഥരല്ല നാം, ദൈവത്തിന്‍റെ പിതൃത്വത്തിലുള്ള പുത്രരാണ്, ദൈവമക്കളാണ് എന്ന് വചനാധിഷ്ഠിതമായി പാപ്പാ ഉദ്ബോധിപ്പിച്ചു.ലോകത്ത് ചിലര്‍ അനുഭവിക്കുന്ന ആന്തരികവും, ചിലപ്പോള്‍ അസ്തിത്വപരവുമായ ഏകാന്തത പാപജീവിതത്തിന്‍റെ ഫലമാണ്. നമ്മിലുള്ള ദൈവാത്മാവിനെ പാപംമൂലം നഷ്ടപ്പെടുത്തുകയും, സഹോദരങ്ങളില്‍നിന്നും ദൈവത്തില്‍നിന്നുതന്നെയും നാം അകന്നുപോകാന്‍ ഇടയാകുകയും ചെയ്യുന്നു. പാപം കാരണമാക്കുന്ന ദൈവമനുഷ്യബന്ധത്തിന്‍റെ വിള്ളലാണ് നാം അനുഭവിക്കുന്ന ഏകാന്തതയും ആത്മീയ പാപ്പരത്തവും! അതിനാല്‍ പാപാധിക്യംമൂലം പ്രാര്‍ത്ഥിക്കാന്‍ കെല്പില്ലാത്തവരായി നാം മാറുന്നു. അങ്ങനെ നാം ദൈവികബന്ധം നഷ്ടപ്പെടുത്തുന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണമാണ് നമുക്ക് ദൈവാത്മാവിനെയും അവിടുന്നിലുള്ള നവജീവനും നേടിത്തന്നത്.ക്രിസ്തു ഈ ഭൂമിയില്‍നിന്നും കടന്നുപോകുന്നതിനു മുന്‍പ് ഉറപ്പുനല്കിയിരുന്നു, "ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല!" ആശ്വാസദായകനെ, സഹായകനെ അവിടുന്ന് നമുക്കായി നല്കി. അങ്ങനെ ദൈവമക്കളുടെ സ്ഥാനത്തേയ്ക്കുള്ള പുനര്‍ജീവനമാണ് ക്രിസ്തുവില്‍ സാധിതമായതെന്ന് പാപ്പാ വ്യക്തമാക്കി. ക്രിസ്തുവുമായി വിശ്വാസത്തില്‍ ഐക്യപ്പെട്ടവര്‍ പരിശുദ്ധാരൂപിയെ സ്വീകരിക്കുന്നു. കുടുംബങ്ങളിലും സമൂഹത്തിലും നവമായ സാഹോദര്യ ബന്ധത്തിലേയ്ക്കും, അനുദിനജീവിതത്തില്‍ കൂട്ടായ്മയുടെ അനുഭവത്തിലേയ്ക്കും ദൈവാത്മാവ് നമ്മെ വളര്‍ത്തുന്നു. അങ്ങനെ ദൈവം നല്കുന്ന കൃപയുടെ സമൃദ്ധിയും കുത്തൊഴുക്കുമാണ് പരിശുദ്ധാവ്, ദൈവാത്മാവ്! വചനചിന്തയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.സെഹിയോനിലെ ഊട്ടുശാലയില്‍വച്ച് പരിശുദ്ധാത്മാവിനെ ഉള്‍ക്കൊണ്ട ആദ്യത്തെ അപ്പസ്തോലക്കൂട്ടായ്മയെ പ്രാര്‍ത്ഥനയില്‍ നയിച്ചത് കന്യകനാഥയാണ്. അങ്ങനെ പരിശുദ്ധ കന്യകനാഥ പുത്രനായ ക്രിസ്തുവിന്‍റെ ജീവിക്കുന്ന ഓര്‍മ്മയാണ്! അതുപോലെ ഇന്നും ദൈവാരൂപിയെ നമുക്കായി നേടിത്തരുന്ന അമ്മയും മാദ്ധ്യസ്ഥയുമാണ് പരിശുദ്ധ കന്യകനാഥ! മരിയന്‍ ചിന്തയോടെയാണ് പാപ്പാ വചനചിന്ത ഉപസംഹരിച്ചത്.Source: Vatican Radio