News >> വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപന കര്‍മ്മം : വേദി വത്തിക്കാനെന്ന് സ്ഥിരീകരിച്ചു
മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപനം സെപ്തംബര്‍ 4-ാ തിയതി വത്തിക്കാനില്‍ നടത്തപ്പെടും. വത്തിക്കാന്‍റെ സ്ഥിരീകരണം പ്രസിദ്ധപ്പെടുത്തി.ജീവിക്കുന്ന വിശുദ്ധയെന്നും പാവങ്ങളുടെ അമ്മയെന്നും ലോകം വിശേഷിപ്പിച്ച കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തപ്പെടുമെന്ന് ആരാധനക്രമ കാര്യാലയത്തിന്‍റെ പ്രസ്താവന സ്ഥിരീകരിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയായിരിക്കും 'കാരുണ്യത്തിന്‍റെ അമ്മ'യെന്നും ലോകം വിളിക്കുന്ന ഉപവികളുടെ മിഷണറിമാരുടെ (Missionaries of Charity) സന്ന്യാസിനീ സഭാസ്ഥാപിക കൂടിയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍, ജൂണ്‍ മുതല്‍ സെപ്തംബര്‍ ഉള്‍പ്പെടെയുള്ള മാസങ്ങളിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍ വത്തിക്കാന്‍ മെയ് 14-ാം തിയതി ശനിയാഴ്ച പ്രസിദ്ധപ്പെടുത്തി. മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലത്തിന്‍റെ മേധാവി, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. രാജ്യാന്തര പ്രാതിനിധ്യവും വന്‍ജനക്കൂട്ടവും പ്രതീക്ഷിക്കുന്നതിനാല്‍ ക്രമീകരണങ്ങളുടെ പ്രായോഗികത മാനിച്ചുകൊണ്ടാണ് പാവങ്ങളുടെ അമ്മയുടെ വിശുദ്ധപദ പ്രഖ്യാപനകര്‍മ്മം തനിച്ചു നടത്തുന്നതെന്ന് മോണ്‍സീഞ്ഞോര്‍ മരീനി അറിയിച്ചു.
ജൂണ്‍-ജൂലൈ മാസങ്ങളിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍ :ജൂണ്‍ 3-ാം തിയതി തിരുഹൃദയത്തിരുനാള്‍. വൈദികരുടെ ആഗോളക്കൂട്ടായ്മയുടെ ജൂബിലി ആചരമണത്തില്‍ പാപ്പാ വൈദികരെ ധ്യാനിപ്പിക്കും, അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും.ജൂണ്‍ 5-ാം തിയതി പോളിഷ് വൈദികന്‍, വാഴ്ത്തപ്പെട്ട സ്റ്റനിസ്ലാവുസ് ജോണ്‍ പാസിന്‍സ്ക്കി (1631-1701), സ്വീഡനിലെ സന്ന്യാസിനി, മരിയ എലിസബത്ത് ഹെസല്‍ബാള്‍ഡ് (1870-1957) എന്നിവരെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷയില്‍ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തും.ജൂണ്‍ 12-ാം തിയതി വത്തിക്കാനില്‍ രോഗികളുടെയും അംഗവൈകല്യമുള്ളവരുടെയും ജൂബിലിയാചരണം - പാപ്പാ പങ്കെടുത്ത്, അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും.ജൂണ്‍ 24-മുതല്‍ 26-വരെ അര്‍മേനിയയിലേയ്ക്കുള്ള ത്രിദിന അപ്പസ്തോലിക യാത്രയും പരിപാടികളുമാണ്.ജൂണ്‍ 29-ാം തിയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ വത്തിക്കാനിലെ ബസിലിക്കയില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും. ആഗോളസഭയിലെ നവമെത്രാപ്പോലീത്തമാര്‍ക്ക് 'പാലിയം ഉത്തരീയം' ആശീര്‍വ്വദിച്ചു നല്കും.ജൂലൈ 27-മുതല്‍ 31-വരെ തിയതികളില്‍ പാപ്പാ പോളണ്ടിലെ ക്രാക്കോയില്‍ അരങ്ങേറുന്ന 31-ാമത് ലോക യുജസംഗമത്തില്‍ പങ്കെടുക്കും.Source: Vatican Radio