News >> കേരളത്തില്‍ പിറവിയെടുത്ത ജീസസ് യൂത്തിന് പൊന്തിഫിക്കല്‍ പദവി
മെയ് 20-ാം തിയതി വെള്ളിയാഴ്ച ഇറ്റലിയിലെ സമയം രാവിലെ 11 മണിക്ക് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Laity) റോമിലെ ഓഫിസില്‍വച്ചു നടത്തപ്പെടുന്ന ഹ്വസ്വമായ ചടങ്ങിലായിരിക്കും ഇപ്പോള്‍ 35 രാജ്യങ്ങളിലായി 5 ഭൂഖണ്ഡങ്ങളിലും വേരെടുത്തിട്ടുള്ള പ്രസ്ഥാനത്തിന് പൊന്തിഫിക്കല്‍ അംഗീകാരം ലഭിക്കുന്നതെന്ന് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായ മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.ജീസസ് യൂത്ത് യുവജന പ്രസ്ഥാനത്തിന് വത്തിക്കാന്‍റെ അംഗീകാരം നല്കുന്ന ചടങ്ങില്‍ അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോ അദ്ധ്യക്ഷപദം അലങ്കരിക്കും. ഭാരതസഭയെ പ്രതിനിധീകരിച്ച് നാഗപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതുകുളങ്ങര എസ്.വി.ഡി.യും, ഇന്ത്യില്‍നിന്നും ലോകത്തിന്‍റെ മറ്റു രാജ്യങ്ങളില്‍നിന്നുമുള്ള ആത്മീയ ഉപദേഷ്ടാക്കളായ വൈദികരും സന്ന്യസ്തരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയില്‍നിന്നും ലോകത്തിലെ മറ്റു രാജ്യങ്ങളില്‍നിന്നും എത്തുന്ന ജീസസ് യൂത്തിന്‍റെ 50 പ്രതിനിധികള്‍ അംഗീകാര കര്‍മ്മത്തിന് സാക്ഷികളായിരിക്കും.യുവജനങ്ങളുടെ സുഹൃത്തും, ലോകയുവജനമേളയുടെ ഉപജ്ഞാതാവുമായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഭൗതികശേഷിപ്പുകളുടെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുള്ള അള്‍ത്താരയില്‍ മെയ് 18-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ജീസസ് യൂത്തിന്‍റെ ആഗോള പ്രതിനിധികള്‍ പങ്കെടുത്തു. പൊന്തിഫിക്കല്‍ അംഗീകാരം വാങ്ങുന്നതിനുള്ള ഔദ്യോഗിക പരിപാടിക്കായുള്ള ഒരുക്കമായിരുന്നു ഈ കൃതജ്ഞതാബലി. ജീസസ് യൂത്തിന്‍റെ ഇന്ത്യയിലെ ആത്മീയ ഉപദേഷ്ടാവും ദേശീയ മെത്രാന്‍ സമിതിയുടെ യുവജനകമ്മിഷന്‍റെ ചെയര്‍മനുമായ ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതുകുളങ്ങരയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്മൃതിമണ്ഡപത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടത്.ജീസസ് യൂത്തിന്‍റെ നേതൃനിരയും, മറ്റ് പ്രതിനിധികളും ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ പങ്കെടുത്ത് പാപ്പാ ഫ്രാന്‍സിസിനെ അഭിവാദ്യംചെയ്തു. ആശീര്‍വ്വാദം സ്വീകരിച്ചു.റോമിലെ ജീസസ് യൂത്ത് അംഗങ്ങള്‍ക്കും മറ്റ് അഭ്യൂദയകാംക്ഷികള്‍ക്കുമായി മെയ് 19-ാം തിയതി വൈകുന്നരം ഒരുക്കിയിരിക്കുന്ന ലളിതമായ സ്നേഹവിരുന്ന് നന്ദിയുടെയും കൂട്ടായ്മയുടെയും പ്രതീകമായിരിക്കുമെന്ന് മനോജ് സണ്ണി പ്രസ്താവിച്ചു.Source: Vatican Radio