News >> കര്‍ദ്ദിനാള്‍ ജൊവാനി കോപ്പ അന്തരിച്ചു - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


അപ്പോസ്തോലിക കോടതിയുടെ തലവന്‍, സഭയുടെ നയതന്ത്രവിഭാഗത്തിലെ ദീര്‍ഘകാല സേവകന്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ലത്തീന്‍ ഭാഷാപ്രവീണ്യന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനംചെയ്തു കടന്നുപോകുന്ന കര്‍ദ്ദിനാള്‍ കോപ്പയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അനുശോചനം രേഖപ്പെടുത്തി.

കാലംചെയ്ത കര്‍ദ്ദിനാള്‍ കോപ്പ വടക്കെ ഇറ്റലിയിലെ പിയഡ്മോണ്ട് സ്വദേശിയാണ്. കഴിഞ്ഞ നവംബറില്‍ നവതി ആഘോഷിച്ച കര്‍ദ്ദിനാള്‍ കോപ്പ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ മെയ് 17-ാം ചൊവ്വാഴ്ച രാവിലെയാണ് വത്തിക്കാനില്‍ അന്തരിച്ചത്.

മെയ് 18-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പരേതന്‍റെ ആത്മശാന്തിക്കായി സമൂഹബലിയര്‍പ്പിക്കപ്പെടും. തുടര്‍ന്നുള്ള അന്തിമോപചാര ശുശ്രൂഷ പാപ്പാ ഫ്രാന്‍സിസ് നയിക്കും. വിനായാന്വിതനായ സഭാശുശ്രൂഷകന്‍റെ ഭൗതികദേഹം പാപ്പാ ആശീര്‍വദിച്ച്, യാത്രാമൊഴിചൊല്ലും.

കര്‍ദ്ദിനാള്‍ ജൊവാന്നി കോപ്പയുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം ഇപ്പോള്‍ 214-ആയി കുറയുകയാണ്. അതില്‍ 114-പേരാണ് 80 വയസ്സിനു താഴെ സഭാഭരണത്തില്‍ വോട്ടവകാശമുള്ളവര്‍. ബാക്കി 100-പേര്‍ വോട്ടവകാശം ഇല്ലാത്തവരാണ്.

Source: Vatican Radio