News >> മതങ്ങളുടെ സഹവര്‍ത്തിത്വം ലോകത്തിന് അനിവാര്യമെന്ന് പാപ്പാ ഫ്രാന്‍സിസ്


മെയ് 17-ാം തിയതി ചൊവ്വാഴ്ച La Cruix  'ലാ ക്രോഹെ' എന്ന ഫ്രഞ്ചു ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ലോകത്തു സംഭവിക്കുന്ന വന്‍കുടിയേറ്റ പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തിലാണ് മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തെയും സഹവര്‍ത്തിത്വത്തെയുംകുറിച്ച് പാപ്പാ പരാമര്‍ശിച്ചത്. 

ഇസ്ലാമിക ഭീകരപ്രവര്‍ത്തനം നവയുഗത്തിന്‍റെ ഭീതിദമായ പ്രതിഭാസമാണെങ്കിലും ദൈവത്തിനും ദൈവിക ഐക്യത്തിനുമായുള്ള മതാത്മക തൃഷ്ണ മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനവും അടിത്തറയുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.  ലോകത്ത് മതനിരപേക്ഷത (secularism) ഇന്ന് ശക്തിപ്പെടുന്നുണ്ടെങ്കിലും മതസ്വാതന്ത്ര്യം മാനിക്കുന്ന മതേതരരാഷ്ട്രങ്ങളും, ജനാധിപത്യ ഭരണസംവിധാനങ്ങളും സമൂഹത്തിന്‍റെ ന്യായമായ നിലപാടാണെന്ന് പാപ്പാ വ്യക്തമാക്കി.  അടിസ്ഥാനപരമായി ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചും,  അവിടുത്തെ അറിഞ്ഞും ആരാധിച്ചും ജീവിക്കേണ്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു.


ഈശ്വര വിശ്വാസം അല്ലെങ്കില്‍ മതാത്മക ജീവിതം 'സംസ്ക്കാരമില്ലായ്മ'യാണെന്നു ചിന്തിക്കുന്നതു തെറ്റാണ്. കാരണം മതം സംസ്ക്കാരികതയല്ല. ദൈവത്തിലുള്ള വിശ്വാസം, ആത്മീയത, ദൈവികജീവന്‍ എന്നിവ മനുഷ്യജീവിതത്തിന് അടിസ്ഥാനവും അനിവാര്യവുമാണ്. കാരണം മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണ്. പാപ്പാ പ്രസ്താവിച്ചു.  മൗലികമായ അവകാശങ്ങളെക്കുറിച്ച് ഓരോ രാജ്യത്തും ജനങ്ങള്‍ ഉയരുന്ന വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഭരണകര്‍ത്താക്കള്‍ മാനിക്കേണ്ടതാണ്. കാരണം അത് അടിസ്ഥാന മനുഷ്യാവകാശമാണ്. ഉദാഹരണത്തിന് കാരുണ്യവധം, ഭ്രൂണഹത്യ, സ്വവര്‍ഗ്ഗവിവാഹം എന്നിവ മനുഷ്യാവകാശത്തിന്‍റെ ലംഘനവും മനുഷ്യാന്തസ്സിനോടുള്ള നിഷേധാത്മകമായ നിലപാടുമാണെന്ന് മനസ്സിലാക്കേണ്ടതാണ്. ഇതു സംബന്ധിച്ചുള്ള ജനങ്ങളുടെ വിമര്‍ശനങ്ങളും പ്രതിഷേധ ധ്വനികളും ഭരണകര്‍ത്താക്കള്‍ വേണ്ടത്ര മാനിക്കാതെ നിയമരൂപീകരണത്തിലേയ്ക്കു പോകുന്നത് തെറ്റാണെന്ന് പാപ്പാ അഭിമുഖത്തില്‍ വിശദീകരിച്ചു.

'ക്രിസ്ത്യന്‍ യൂറോപ്പ്,' എന്ന പ്രയോഗത്തോട് താന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ലെന്ന്, മറ്റൊരു ചോദ്യത്തിന് ഉത്തരമായി പാപ്പാ പ്രതികരിച്ചു. യൂറോപ്പിന്‍റെ രൂപീകരണത്തിലും വളര്‍ച്ചയിലും ക്രിസ്തീയതയുടെ ശുശ്രൂഷയും സേവനവും വലുതാണ്. എന്നാല്‍ ഇതര സമൂഹങ്ങളെയും സാംസ്ക്കാരിക ഘടകങ്ങളെയും അവഗണിച്ചുകൊണ്ടുള്ള ഒരു വിജയഭാവവും triumphalism, മേല്‍ക്കോയ്മയും supreamacy ക്രിസ്തീയ അരൂപിയല്ലെന്ന് പാപ്പാ പ്രസ്താവിച്ചു.  കാലുകഴുകി, സേവിക്കുന്ന ദാസന്‍റെ വിനീതഭാവമാണ് ക്രിസ്തീയതയുടെ സേവനരീതിയെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തു പകര്‍ന്നു നല്കിയ ശൈലി വിനീതഭാവത്തിന്‍റെയും സേവനത്തിന്‍റെയുമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

Source: Vatican Radio