News >> ദൈവപുത്രിയുടെ ആരാധകർ!!
റവ. ഡോ. ജോസഫ് പാബ്ലാംനിവ്യവസ്ഥാപിതമതങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ സെക്ടുകൾ ഉയർത്തുന്ന ഭീഷണികൾക്ക് വലിയ പ്രാധാന്യമുണ്ട്. രാഷ്ട്രീയപാർട്ടികളിൽ വിമതരെന്നതുപോലെ മതങ്ങളിൽ സെക്ടുകൾ രൂപംകൊള്ളുന്നു. ബഹുഭൂരിപക്ഷം സെക്ടുകളും അവയുടെ ഉപജ്ഞാതാക്കളുടെ കാലത്തോടെ കാലഹരണപ്പെടുന്നു. ചിലവ ഏന്തിയും മുടന്തിയും അല്പകാലം കൂടി പിടിച്ചു നിൽക്കും. കേരളത്തിൽ അടുത്തകാലത്ത് രഠഗപ്രവേശനം ചെയ്യുകയും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെ എതിർത്തുകൊണ്ട് വിഘടിത ഗ്രൂപ്പുകളായി രൂപമാറ്റം നേടുകയും ചെയ്ത എംപറർ എമ്മാനുവൽ ട്രസ്റ്റ്, സ്പിരിറ്റ് ഇൻ ജീസസ്സ്, ആത്മാഭിഷേക സഭ, സ്വർഗ്ഗീയവിരുന്ന്, അപ്പർ റൂം തുടങ്ങിയ പ്രസ്ഥാനങ്ങൾ സെക്ടുകൾക്ക് പ്രകടമായ ദൃഷ്ടാന്തങ്ങളാണ്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരം രാമനാഥപുരം രൂപതയുടെ അതിർത്തിക്കുള്ളിൽ രൂപം കൊണ്ടിട്ടുള്ള സന്നാരാധന (ദൈവപുത്രിയുടെ ആരാധകർ) എന്ന ഗ്രൂപ്പാണ്. ഈ ഗ്രൂപ്പിന്റെ പഠനങ്ങളിൽ കത്തോലിക്കാ വിശ്വാസത്തിനു കടകവിരുദ്ധമായ പല ആശയങ്ങളുമുണ്ട്.റോമിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ഡോക്ടർബിരുദമുള്ള ഒരു മുൻ കത്തോലിക്കാ സന്യാസിനിയുടെ നേതൃത്വത്തിൽ രണ്ടു കത്തോലിക്കാവൈദികരും വിവിധ സന്യാസിനി സമൂഹങ്ങളിൽ അംഗങ്ങളായിരുന്ന ആറുസന്യാസിനിമാരും പത്തോളം അത്മായ സഹോദരങ്ങളുമടങ്ങുന്നതാണ് ഈ വിഘടിതപ്രസ്ഥാനം. യുവജനങ്ങളുടെ ഇടയിലെ പ്രവർത്തനത്തിലൂടെ പലരെയും ഇവരുടെ കൂട്ടായ്മയിലെത്തിക്കാൻ ഇവർ അശ്രാന്ത പരിശ്രമം ചെയ്യുന്നുണ്ട്. ഈ ഗ്രൂപ്പിന്റെ നേതാക്കളോട് നേരിട്ടു സംസാരിച്ചതിന്റെയും ഇവരുടെ പ്രബോധനങ്ങൾ പഠനവിഷയമാക്കിയതിന്റെയും വെളിച്ചത്തിലാണ് ഈ ലേഖനം എഴുതുന്നത്. ഇതിലെ അഠഗങ്ങളോടുള്ള എതിർപ്പല്ല, അവർ തെറ്റുതിരുത്തി സത്യവിശ്വാസത്തിലേക്കു തിരിച്ചുവരണം എന്ന ആഗ്രഹമാണ് ഈ ലേഖനത്തിന്റെ പ്രേരകം. അവരുടെ പ്രബോധനങ്ങളിലെ അപചയങ്ങൾ ചുവടെ ചേർക്കുന്നു:1. ദൈവത്തിന്റെ രക്ഷാപദ്ധതിയെക്കുറിച്ച് ദൈവിക വെളിപാടിന്റെ ലിഖിതരൂപമായ വിശുദ്ധഗ്രന്ഥത്തിനും അലിഖിതരൂപമായ സഭാപാരമ്പര്യത്തിനും വിരുദ്ധമായ കാഴ്ചടപ്പാടാണ് ഈ സമൂഹം സ്വീകരിച്ചിരിക്കുന്നത്. ദൈവത്തിനു പുത്രൻ മാത്രമല്ല ഒരു പുത്രി കൂടി ഉണ്ട് എന്ന് ഇവർ വാദിക്കുന്നു. വിജ്ഞാന ഗ്രന്ഥങ്ങളിൽ ജ്ഞാനത്തെ സ്ത്രീലിംഗവിശേഷണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന വാക്യങ്ങളെ ആധാരമാക്കിയാണ് ഇത്തരം നിഗമനങ്ങളിൽ ഇവർ എത്തിച്ചേർന്നിരിക്കുന്നത്. വ്യാകരണ നിയമപ്രകാരം സ്ത്രീലിംഗസർവ്വനാമങ്ങൾ ഉപയോഗിച്ചിരിക്കുന്ന വിജ്ഞാനഗ്രന്ഥവാക്യങ്ങളെ ആധാരമാക്കി വിശ്വാസത്തിന്റെ പരമമായ അടിസ്ഥാനമായ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായ പഠനങ്ങളാണ് (CCC. 232266) ഈ ഗ്രൂപ്പ് നൽകുന്നത്.2. ദൈവപുത്രിയിലൂടെ ദൈവപുത്രൻ വീണ്ടും ജനിക്കുമെന്നും സ്ത്രീപുരുഷ ബന്ധത്തിലൂടെയല്ലാതെയുള്ള ഈ ജനനത്തിൽ ദൈവപുത്രന് വളർത്തു പിതാവായി ഒരു വൈദികൻ ഉണ്ടാകുമെന്നും ഇവർ വാദിക്കുന്നു. ദൈവപുത്രി എന്ന സാങ്കൽപിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടും ദൈവപുത്രിയിൽ നിന്ന് ദൈവപുത്രൻ ജനിക്കുമെന്ന വിരോധാഭാസം പഠിപ്പിച്ചുകൊണ്ടും ഈ ഗ്രൂപ്പ് ഈശോയുടെ അനന്യശ്രേഷ്ഠമായ മനുഷ്യാവതാര രഹസ്യത്തെക്കുറിച്ച് (CCC. 441445) വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ ഉളവാക്കാൻ ഇടവരുത്തുന്നുണ്ട്.3. ഈശോയുടെ രണ്ടാം വരവിനുമുമ്പായി ദൈവപുത്രിയിൽ നിന്നുള്ള ഒരു ജനനം കൂടിയുണ്ടാകുമെന്നൂം രക്ഷാകരപ്രവൃത്തി പൂർത്തീകരിക്കുന്നത് ഈ ജനനത്തിലൂടെയാണെന്നും വാദിക്കുന്നതിലൂടെ യേശുവിന്റെ കാൽവരിയിലെ കുരിശുമരണത്തിലൂടെ കൈവന്ന രക്ഷയെക്കുറിച്ചുള്ള സഭാപ്രബോധനം (CCC. 559603) ഈ ഗ്രൂപ്പ് നിഷേധിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നു.4. 2001 ൽ ഒരു ധ്യാനകേന്ദ്രത്തിൽവച്ച് ധ്യാനംകൂടിയപ്പോൾ ഈ ഗ്രൂപ്പിന്റെ നേതാവായി സ്വയം അവരോധിച്ചിരിക്കുന്ന സഹോദരിക്ക് ഉണ്ണീശോയുടെ സാന്നിധ്യഅനുഭവം ഉണ്ടായതായി അവകാശപ്പെടുന്നു. കൊച്ചുകുട്ടികളുടെ രീതിയിൽ സംസാരിക്കുകയും അതിനെ ഉണ്ണീശോയുടെ ഇടപെടലായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയാണ് ഈ ഗ്രൂപ്പ് അനുവർത്തിക്കുന്നത്. ഉണ്ണീശോയുടെ സാന്നിധ്യമുളള ഈ വ്യക്തി വിശുദ്ധകുർബ്ബാനയ്ക്കു തുല്യമായ ആരാധനക്ക് അർഹയാണെന്ന് ഈ ഗ്രൂപ്പ് കരുതുന്നു. സന്നാരാധന എന്ന പേരിൽ ഇപ്രകാരമൊരു ആരാധനാരീതിയും ഇവരുടെ ഇടയിലുണ്ട്. മനുഷ്യവ്യക്തിയെ ആരാധിക്കുന്നു എന്നതിലൂടെ ഒന്നാം ദൈവപ്രമാണത്തിന്റെ നഗ്നമായ ലംഘനം (CCC. 209597) ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിലുണ്ട്.5. വിശുദ്ധ കുർബ്ബാനയിലെ ക്രിസ്തുവിന്റെ യഥാർത്ഥവും സത്യവും സത്താപരവുമായ സാന്നിധ്യത്തെക്കുറിച്ച് കത്തോലിക്കാ വിശ്വാസത്തിനു (CCC. 13731381) നിരക്കാത്ത വ്യാഖ്യാനമാണ് ഈ ഗ്രൂപ്പ് നൽകുന്നത്. കേവലം ഒരു ഗോതമ്പ് അപ്പത്തിൽ ദൈവസാന്നിധ്യമുണ്ടാകുമ്പോൾ അത് ആരാധനയ്ക്കു യോഗ്യമാണെങ്കിൽ ഒരു മനുഷ്യവ്യക്തിയിലെ ദൈവസാന്നിധ്യം ആ വ്യക്തിയെ എത്രമാത്രം ആരാധ്യമാക്കുന്നു എന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്. വിശുദ്ധകുർബ്ബാനയിലെ സത്താമാറ്റത്തെയും യഥാർത്ഥസാന്നിധ്യത്തെയും ഒരുവ്യക്തിയിലെ സ്വാഭാവികമായ ദൈവസാന്നിധ്യത്തേക്കാളും നിസ്സാരമായി കരുതുന്ന ഇവരുടെ നിലപാട് സത്യവിശ്വാസത്തിന് വിരുദ്ധമാണ്.6. സ്വയം ദൈവമായി പ്രഖ്യാപിച്ചു നേതൃത്വം ഏറ്റെടുത്ത ഈ സഹോദരി താൻ പാപമാലിന്യസ്പർശമില്ലാത്ത വ്യക്തിയാണെന്നും അതിനാൽ കുമ്പസാരം എന്ന കൂദാശ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും അണികളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അണികൾ എല്ലാവരും തങ്ങളുടെ തെറ്റുകൾ ഈ വ്യക്തിയുടെ സാന്നിധ്യത്തിൽ കൂട്ടായ്മയ്ക്കുമുന്നിൽ ഏറ്റുപറയുന്ന പതിവാണ് ഇവരുടെ ഗ്രൂപ്പിലുളളത്. ഈശോമിശിഹാ സ്ഥാപിച്ച കുമ്പസാരം എന്ന കൂദാശയ്ക്ക് രക്ഷയുടെ മാർഗ്ഗത്തിലുളള അദ്വീതീയമായ പ്രാധാന്യത്തെ (CCC. 14551470) നിരാകരിക്കുന്ന സമീപനമാണ് ഈഗ്രൂപ്പ് വച്ചുപുലർത്തുന്നത് (അണികളിൽ പലരും ഇപ്പോഴും കുമ്പസാരിക്കുന്നുണ്ടെങ്കിലും കുമ്പസാരത്തെക്കുറിച്ചുളള അവരുടെ വീക്ഷണം കത്തോലിക്കാ കാഴ്ചപ്പാടിനോടു ചേർന്നുപോകുന്നതല്ല).7. തെറ്റായ ക്രിസ്തുവിജ്ഞാനീയം തെറ്റായ സഭാവിജ്ഞാനീയത്തിനു കാരണമാകുമെന്നതിനു സാക്ഷ്യമാണ് തിരുസഭയെക്കുറിച്ചുള്ള ഈ ഗ്രൂപ്പിന്റെ വിലയിരുത്തലുകൾ. മനുഷ്യരക്ഷയിൽ തിരുസഭയുടെ ഭാഗധേയം (CCC. 760784) ഇവർ പൂർണമായും നിരാകരിക്കുന്നു. രക്ഷാമാർഗ്ഗങ്ങൾ ദൈവപുത്രി യിലൂടെയുള്ള സ്വകാര്യ വെളിപാടുകളിലൂടെയാണ് ലഭിക്കുന്നത് എന്ന് ഇവർ വിശ്വസിക്കുന്നു. പ്രസ്തുത സ്വകാര്യ വെളിപാടുകളെ സഭാപ്രബോധനങ്ങളെക്കാളും പ്രാധാന്യമുള്ളതായി ഈ ഗ്രൂപ്പ് കരുതുന്നതിനാൽ സഭാധികാരികളുടെ നിർദ്ദേശങ്ങൾ ഇവർ പൂർണ്ണമായും അവഗണിക്കുന്നു.8. കത്തോലിക്കാ വൈദികർ സഭയോടുചേർന്നു നിൽക്കുമ്പോഴാണ് പൗരോഹിത്യം അർത്ഥപൂർണ്ണമായി അനുഷ്ഠിക്കുന്നത് എന്ന സത്യം മറന്ന് ഈ ഗ്രൂപ്പിൽ ചേർന്നിട്ടുള്ള രണ്ടു വൈദികർ തന്നിഷ്ടപ്രകാരമാണ് പുരോഹിത ശുശ്രൂഷകൾ ചെയ്യുന്നത്. തങ്ങൾ അഠഗങ്ങളായിരിക്കുന്ന രുപതയുടെയും സന്യാസ സഭയുടെയും നിർദ്ദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മേൽപറഞ്ഞ സന്നാരാധനാകേന്ദ്രം താവളമാക്കി ഇവർ നടത്തുന്ന ശുശ്രൂഷകൾ കത്തോലിക്കാ പുരോഹിതരുടെ അച്ചടക്കത്തിനു വിരുദ്ധവും അടിയന്തിരമായി തിരുത്തപ്പെടേണ്ടതുമാണ്. രൂപതാധ്യക്ഷന്റെ അനുവാദമില്ലാതെ സ്വകാര്യ ഭവനത്തിലുള്ള ബലിയർപ്പണവും കൗദാശിക ശുശ്രൂഷകളും സഭയുടെ കൂട്ടായ്മയെ ദോഷകരമായി ബാധിക്കുന്നതാണ്. ഇവരുടെ പുരോഹിത ശുശ്രൂഷകൾ വിലക്കിക്കൊണ്ട് രാമനാഥപുരം മെത്രാൻ കല്പന നല്കിയിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.9. യേശുവിന്റെ രണ്ടാം വരവിനുശേഷം ആയിരം വർഷത്തെ ഭരണമുണ്ടാകുമെന്നും അതിനുശേഷമാണ് അന്ത്യവിധി എന്നുമുള്ള പൂർവ്വകാല പാഷണ്ഡതയെ(Milleniatism) ഈഗ്രൂപ്പും പ്രഘോഷിക്കുന്നു. യേശുവിന്റെ രണ്ടാം ജനനം വിശുദ്ധ കുർബ്ബാനയുടെ അത്ഭുതമായിരിക്കുമെന്നും വിശുദ്ധ കുർബ്ബാന സ്വീകരിച്ച ദൈവപുത്രിയിൽനിന്ന് ശിശുവായി അവിടുന്നു പിറക്കുമെന്നും അവർ വാദിക്കുന്നു. യുഗാന്ത്യത്തെക്കുറിച്ചുള്ള തിരുസഭയുടെ പ്രബോധനങ്ങളെ പൂർണ്ണമായും നിരാകരിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്.ദൈവത്തെ അനുസരിക്കുന്നതും ഈഗ്രൂപ്പിന്റെ നേതാവായ സഹോദരിയെ അനുസരിക്കുന്നതും ഒന്നുതന്നെയാണെന്ന ചിന്തയാണ് അന്തേവാസികൾ പ്രകടമാക്കുന്നത്. സന്നാരാധനാകേന്ദ്രം യുവജനങ്ങളെ വഴിതെറ്റിക്കുന്നതായും അന്തേവാസികളുടെ ന്യായമായ അവകാശങ്ങൾപോലും ഹനിക്കുന്നതായും ഇതോടനുബന്ധിച്ച് പോലീസ് കേസുകൾ ഉള്ളതായും ഈ ആരാധനാകേന്ദ്രത്തിനു സമീപമുള്ള വിശ്വസനീയ വ്യക്തികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രകടമായ കത്തോലിക്കാ വിരുദ്ധ സ്വഭാവമുള്ളതിനാൽ ഈ ഗ്രൂപ്പിനെ പെന്തക്കോസ്തു ഗ്രൂപ്പുകൾ സാമ്പത്തികമായി പിന്തുണയ്ക്കുന്നു എന്നതിനു തെളിവുകളുള്ളതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഈ കൂട്ടായ്മയിൽനിന്നും പിന്തിരിഞ്ഞ രണ്ടു ഫാം ഡി വിദ്യാർത്ഥികൾ നൽകിയ സാക്ഷ്യമനുസരിച്ച് കത്തോലിക്കാ വിശ്വാസത്തിന്റെ ആധികാരികതയിൽ സംശയം ജനിപ്പിക്കാനുതകുന്ന പ്രബോധനങ്ങളാണ് ഇവർ നൽകുന്നത്. ഈ ഗ്രൂപ്പിന്റെ നേതാവിന്റെ പ്രവർത്തനങ്ങളെയും പ്രത്യേകതകളെയുംകുറിച്ചു പഠനം നടത്താൻ എറണാകുളം അതിരൂപത നിയമിച്ച മനശാസ്ത്രജ്ഞരടങ്ങിയ സമിതിയുടെ കണ്ടെത്തലുകൾ ശരിയാണെന്ന് ഈ സഹോദരിയുമായി സംസാരിക്കുന്ന ആർക്കും വ്യക്തമാകും. ദ്വന്ദ്വവ്യക്തിത്വം, മായാക്കാഴ്ച, വിഭ്രാന്തി തുടങ്ങിയ മാനസിക അപഭ്രംശങ്ങളുടെ ലക്ഷണങ്ങൾ ഇവരുടെ പ്രവർത്തനങ്ങളിൽ പ്രകടമാണ്.ബ്രസീലിലേക്കുള്ള തന്റെ ശ്ലൈഹീക തീർത്ഥാടന യാത്രാമധ്യേ വിമാനത്തിൽ വെച്ച് പത്രലേഖകരോട് സംസാരിക്കവേ പരി. പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞതുപോലെ സെക്ടുകളുടെ വളർച്ച സൂചിപ്പിക്കുന്നത് മനുഷ്യ മനസ്സിൽ ദൈവത്തിനായുള്ള ദാഹം വർദ്ധമാനമായി തുടരുന്നു എന്നതാണ്. ദൈവത്തെ കൂടുതൽ അടുത്തറിയാനാവും എന്ന സെക്ടുകളുടെ വാഗ്ദാനം കേട്ട് ആളുകൾ പിന്നാലെ കൂടുന്നത് മനുഷ്യമനസ്സിലെ തൃപ്തമാക്കാത്ത മതാത്മകതമൂലമാണ്. കത്തോലിക്കാവിശ്വാസത്തിൽ സെക്ടുകളോടും ഇതരസഭകളോടുമുള്ള സമീപനം വ്യത്യസ്തമാണ്. ജോൺപോൾ രണ്ടാമൻ മാർപാപ്പ ഈ ആശയം സ്പഷ്ടമാക്കുന്നുണ്ട്. മാമ്മോദീസാ സ്വീകരിച്ച സകല ക്രൈസ്തവരെയും 'കർത്താവിൽ സഹോദരീസഹോദരന്മാരായി രണ്ടാം വത്തിക്കാൻ കൗൺസിൽ അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും സെക്ടുകളെയും കപട ആത്മീയപ്രസ്ഥാനങ്ങളെയും ക്രൈസ്തവസമൂഹങ്ങളായി കരുതാനോ അവയുമായി സഭൈക്യസംഭാഷണങ്ങളിൽ ഏർപ്പെടാനോ സാധിക്കില്ല. (Ecclesia America, 3). സഭൈക്യശ്രമങ്ങളിൽ സകല ക്രൈസ്തവസമൂഹങ്ങൾക്കും ഭീഷണിയാണ് സെക്ടുകൾ എന്നും പാപ്പാ നിരീക്ഷിക്കുന്നു (Redemptoris Missio, 47). തന്മൂലം സഹവർത്തിക്കേണ്ട സഹോദരസമൂഹമായി സെക്ടുകളെ കരുതാൻ കത്തോലിക്കാ വിശ്വാസത്തിൽ സ്ഥാനമില്ല. സന്നാരാധനാ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്, ഇവരുടെ സ്വാധീനമുള്ള മേഖലകളിലെങ്കിലും, വ്യക്തമായ ബോധവൽക്കരണം ആവശ്യമാണ്. ഏകസത്യദൈവപുത്രനായ ഈസോമിശിഹായെയും അവിടുന്നു സ്ഥാപിച്ച തിരുസ്സഭയെയും അറിയാനും യഥാർത്ഥ ദൈവമക്കളായി വളരാനും സന്നാരാധകർക്കു പ്രചോദനം ലഭിക്കാനാണ് ഈ ലേഖനമെഴുതുന്നത്. തെറ്റുതിരുത്തി തിരുസഭയുമായുള്ള അനുരജ്ജനം ഏറ്റവും വേഗത്തിൽ സാധ്യമാകാൻ ഇതിലെ അംഗങ്ങളെ പരിശുദ്ധാത്മാവ് ഒരുക്കട്ടെ.
Source: Sunday Shalom