News >> മിഷൻ പ്രവർത്തനമെന്നാൽ പരിധിയില്ലാത്ത സ്‌നേഹം: പാപ്പ
വത്തിക്കാൻ സിറ്റി: എല്ലാവരും രക്ഷിക്കപ്പെടുകയും ദൈവത്തിന്റെ സ്‌നേഹം അറിയുകയും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്ന് ഉത്ഭവിക്കുന്ന സുവിശേഷം അറിയാത്തവരോടുളള പരിഗണനയാണ് സഭയുടെ മിഷൻ ദൗത്യത്തിന്റെ ആധാരമെന്ന് ഫ്രാൻസിസ് മാർപാപ്പ. ആഗോള മിഷൻ ദിനമായ ഒക്‌ടോബർ 23ന് വേണ്ടി പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വിശ്വാസം ദൈവത്തിന്റെ ദാനമാണ്. അത് മതപരിവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്നതല്ല. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന സുവിശേഷപ്രഘോഷകരുടെ വിശ്വാസവും ഉപവിയുമാണ് അത് വളർത്തുന്നത്. ലോകത്തിന്റെ തെരുവുകളിൽ കൂടെ സഞ്ചരിക്കുന്ന ക്രിസ്തു ശിഷ്യർ പരിധിയില്ലാത്ത സ്‌നേഹത്തിന്റെ ഉടമകളായിരിക്കണം. ഇതേ സ്‌നേഹമാണ് കർത്താവിന് എല്ലാ മനുഷ്യരോടുമുള്ളത്. അവൻ നമുക്ക് നൽകിയ ഏറ്റവും മനോഹരമായ സമ്മാനങ്ങളാണ് നമ്മൾ പങ്കുവയ്ക്കുന്നത്- അവന്റെ ജീവനും സ്‌നേഹവും; പാപ്പ വിശദീകരിച്ചു.സുവിശേഷത്തിന്റെ തുടിക്കുന്ന ഹൃദയമായ ദൈവകരുണ സഭ പ്രഘോഷിക്കണമെന്ന് പാപ്പ സന്ദേശത്തിൽ ഉദ്‌ബോധിപ്പിക്കുന്നു. കരുണയുടെ ഏറ്റവും കുലീനവും പൂർണവുമായ പ്രകാശനം അവതരിച്ച വചനത്തിലാണ് കാണുന്നത്. കരുണയാൽ സമ്പന്നമായ പിതാവിന്റെ മുഖം യേശു വെളിപ്പെടുത്തുന്നു. സുവിശേഷത്തിലൂടെയും കൂദാശകളിലൂടെയും യേശുവിനെ പിന്തുടരാൻ സാധിച്ചാൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ പിതാവിനെപ്പോലെ കരുണയുള്ളവരായി തീരുവാൻ നമുക്ക് സാധിക്കും. അപ്പോൾ അവൻ സ്‌നേഹിക്കുന്നത് പോലെ സ്‌നേഹിക്കുവാനും ദൈവത്തിന്റെ നന്മയുടെ അടയാളമായി നമ്മുടെ ജീവൻ സൗജന്യദാനമായി നൽകുവാനും സാധിക്കും;പാപ്പ വിശദീകരിച്ചു.ദൈവത്തിന്റെ സ്‌നേഹത്തിൽ നിന്നാണ് സഭ തന്റെ ദൗത്യം മനസിലാക്കുന്നതും ജീവിക്കുന്നതും വിവിധ മതവിശ്വാസങ്ങളോടും സംസ്‌കാരങ്ങളോടുമുള്ള ആദരപൂർവ്വമായ സംവാദത്തിലൂടെ പ്രഘോഷിക്കുന്നതും. ക്രിയാത്മകതയും കഴിവുകളും അറിവും അനുഭവവും ഉപയോഗിച്ച് ദൈവത്തിന്റെ ആർദ്രതയെക്കുറിച്ചും കരുണയെക്കുറിച്ചും മനുഷ്യകുടംബത്തോട് മുഴുവൻ പ്രസംഗിക്കാൻ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവമഹത്വത്തിന്റെ ഭാഗമാണ് കരുണയെന്ന് പാപ്പ തുടർന്നു.ഒരു വ്യക്തിക്ക് കരുണ ലഭിക്കുമ്പോൾ അത് പിതാവിന്റെ ഹൃദയത്തിൽ ആഴമായ ആനന്ദം ഉളവാക്കുന്നു. പ്രത്യേകിച്ചും മനുഷ്യന്റെ ദൗർബല്യങ്ങളിലും അവിശ്വസ്തതയിലും ദൈവത്തിന്റെ ഹൃദയം കരുണയാൽ നിറഞ്ഞുകവിയുന്നു. ദൈവത്തിന്റെ മാതൃസഹജമായ സ്‌നേഹത്തിന്റെ അടയാളമാണ് മിഷൻ മേഖലയിൽ വർദ്ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യം. മിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന അൽമായർക്ക് പല പ്രശ്‌നങ്ങൾക്കും നൂതന പരിഹാരമാർഗങ്ങൾ കണ്ടെത്താൻ സാധിക്കും. സംവിധാനങ്ങളെക്കാൾ ഉപരിയായി വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ആവശ്യം. പരിശുദ്ധ കന്യകാ മറിയമാണ് മിഷനറിമാരുടെ മാതൃക; പാപ്പ വ്യക്തമാക്കി.എല്ലാ വ്യക്തികൾക്കും സുവിശേഷം സ്വീകരിക്കാനുള്ള അവകാശമുണ്ടെന്ന് പാപ്പ പറഞ്ഞു. എല്ലാ ജനതകൾക്കും സംസ്‌കാരങ്ങൾക്കും ദൈവത്തിന്റെ രക്ഷയുടെ സന്ദേശം സ്വീകരിക്കാനുള്ള അവകാശമുണ്ട്. എല്ലാ വ്യക്തികൾക്കുമുള്ള ദൈവത്തിന്റെ സമ്മാനമാണത്. ഇന്ന് നടക്കുന്ന അനീതിയും യുദ്ധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കണക്കിലെടുക്കുമ്പോൾ അതിന്റെ ആവശ്യകത കൂടുതലായി മനസിലാക്കാം. കരുണയുടെയും ക്ഷമയുടെയും സുവിശേഷത്തിന് സമാധാനവും ആനന്ദവും പുനരൈക്യവും സാധ്യമാക്കാനാവുമെന്ന് മിഷനറിമാർക്ക് അവരുടെ അനുഭവത്തിൽ നിന്ന് പറയാൻ സാധിക്കും. ചില പ്രത്യേക ആശങ്കകളിൽ ഹൃദയങ്ങളെ തളച്ചിടാതെ മനുഷ്യകുലത്തിന് മുഴുവനായി അവ നമുക്ക് തുറന്നു കൊടുക്കാം; പാപ്പ ആഹ്വാനം ചെയ്തു.Source: Sunday Shalom