News >> തീവ്രവാദത്തിനെതിരെയുള്ള യുദ്ധങ്ങൾ നടക്കേണ്ടത് ഹൃദയത്തിലും മനസിലും
ന്യൂയോർക്ക്: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളും പ്രസ്താവനകളും നിരാകരിക്കുവാൻ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരപ്രതിനിധി ആർച്ച് ബിഷപ് ബർണാഡിറ്റാ ഓസ ആഹ്വാനം ചെയ്തു. തീവ്രവാദത്തെ അതിന്റെ വേരുകളിൽ ആക്രമിക്കാൻ സാധിക്കണം. മനുഷ്യരുടെ ഹൃദയങ്ങളിലും മനസ്സുകളിലുമാണത്. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് അവിടെയാണ്. തീവ്രവാദികളുടെ ആശയങ്ങളും പ്രസ്താവനകളും പ്രതിരോധിക്കുക എന്നുള്ളത് ഏല്ലാ മതനേതാക്കൻമാരുടെയും കടമയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആർച്ച് ബിഷപ് പങ്കുവച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ച തുറന്ന ചർച്ചയിൽ നടത്തിയ പ്രസംഗത്തിലാണ് ആർച്ച് ബിഷപ് ഓസ ഇക്കാര്യം വ്യക്തമാക്കിയത്.ആക്രമണങ്ങളെ നീതികരിക്കുന്നതിനായി വിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും വളച്ചൊടിക്കുന്നതിനെ ചെറുക്കുവാനും കുറ്റകരമാക്കുവാനും മതനേതാക്കൻമാരും വിശ്വാസികളും മുമ്പിലുണ്ടാകണമെന്ന് ആർച്ച് ബിഷപ് പറഞ്ഞു. മറ്റൊരാളുടെ അന്തസ്സിനും മൗലികാവകാശങ്ങൾക്കം വിരുദ്ധമായി പ്രവർത്തിക്കുന്ന വിശ്വാസികളെന്ന് സ്വയം വിശ്വസിക്കുന്ന എല്ലാവരെയും കുറ്റവാളികളായി കരുതണം. മതത്തെ ദുരുപയോഗം ചെയ്യുന്നവർക്കെതിരായി എല്ലാ മതവിഭാഗങ്ങളിലുമുള്ളവർ ഒന്നിച്ച് പ്രവർത്തിക്കണം. തെറ്റായ തീവ്രവാദ ആശയങ്ങൾ ചെറുക്കുന്നതിനായി മതനേതാക്കൻമാർ മതഗ്രന്ഥത്തിന്റെ ചരിത്രവും അർത്ഥവും മനസിലാക്കണമെന്നും ആർച്ച് ബിഷപ് വ്യക്തമാക്കി.ദരിദ്രമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരെയാണ് തീവ്രവാദികൾ പലപ്പോഴും ലക്ഷ്യം വയ്ക്കുന്നതെന്ന് ആർച്ച് ബിഷപ് തുടർന്നു. ഇത് പരിഹരിക്കുന്നതിനായി വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാമൂഹ്യസമന്വയം സാധ്യമാക്കാൻ ഗവൺമെന്റുകൾ പരിശ്രമിക്കണം.ഇന്റർനെറ്റിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു. നമ്മുടെ കുട്ടികളുടെ ഹൃദയങ്ങൾ കീഴടക്കണമെങ്കിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹങ്ങൾ രൂപീകരിക്കണം. ആയുധക്കടത്ത് അവസാനിപ്പിച്ച് മതിലുകൾക്ക് പകരം പാലങ്ങൾ പണിയുവാൻ തയാറാകണം. ഒറ്റപ്പെടുത്തുന്നതിന് പകരം സംവാദത്തിന് തയാറാകണം; പരിശുദ്ധ സിംഹാസനത്തിന്റെ നിലപാട് ആർച്ച് ബിഷപ് വ്യക്തമാക്കി.Source: Sunday Shalom