News >> നമുക്കൊരു പൊതു സാക്ഷ്യമുണ്ട്
വത്തിക്കാൻ സിറ്റി: ഒരേ ദിവ്യകാരുണ്യമേശക്കു ചുറ്റും സമ്മേളിക്കുന്ന ദിവസത്തിലേക്കുള്ള യാത്രയിലായിരിക്കുന്ന കത്തോലിക്കരും കോപ്റ്റിക്ക് ഓർത്തഡോക്‌സുകാരും തമ്മിൽ ഇപ്പോൾ പോലും പ്രകടമായ ഐക്യമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധിക്കും മനുഷ്യജീവന്റെ അന്തസ്സിനും സാക്ഷ്യം വഹിക്കാൻ ഇരുകൂട്ടരും പ്രതിജ്ഞാബദ്ധരാണെന്ന് കോപ്റ്റിക്ക് ഓർത്തഡോക്‌സ് തലവൻ ത്വാഡ്രോസ് ദ്വിതീയനയച്ച സൗഹൃദസന്ദേശത്തിൽ പാപ്പ വ്യക്തമാക്കി. കോപ്റ്റിക്ക് ഓർത്തഡോക്‌സ് തലവനുമായി റോമിൽ കൂടിക്കാഴ്ച നടത്തിയതിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പാപ്പ സൗഹൃദസന്ദേശം അയച്ചത്.പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ടും സമ്പന്നമായ പൈതൃകം പങ്കുവച്ചുകൊണ്ടും നമ്മെ ഐക്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ വിഭജനത്തിലേക്ക് നയിക്കുന്നവയേക്കാൾ കൂടുതലാണെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. കത്തോലിക്കരും കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭയും തമ്മിൽ പുനരൈക്യത്തിനും സൗഹൃദത്തിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ അഭിനന്ദാർഹമാണ്. നൂറ്റാണ്ടുകൾ നീണ്ട നിശബ്ദതയ്ക്കും തെറ്റിദ്ധാരണകൾക്കും ശത്രുതയ്ക്കും ശേഷമാണ് കത്തോലിക്കരും കോപ്റ്റ്‌സും സംഭാഷണത്തിൽ ഏർപ്പെടുന്നതും സുവിശേഷപ്രഘോഷണത്തിലും മനുഷ്യകുലത്തെ സേവിക്കുന്നതിലും പരസ്പരം സഹകരിക്കുന്നത്. നമ്മുടെ മാമ്മോദീസാ ദിവസം പിതാവിൽ നിന്ന് ലഭിച്ച ഒരേ വിളിയും മിഷനുമാണ് നമുക്കുള്ളതെന്ന് മനസിലാക്കുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ; പാപ്പ ആശംസിച്ചു.Source: Sunday Shalom