News >> സിറിയയിലെ അനുഭവങ്ങളുമായി ഫാ. മിരാൻഡ
സിറിയ: സഹനങ്ങളുടെ തീച്ചൂളയിൽ നിന്നാണ് ഫാ. റൊഡ്രീഗോ മിരാൻഡ വരുന്നത്. സിറിയയിലെ അതിഭീകരമായ സഹനങ്ങളുടെ കഥകൾ അദ്ദേഹം മാധ്യമങ്ങളുമായി പങ്കിടുന്നു. അവിടുത്തെ സുപ്രധാനനഗരമായിരുന്ന ആലപ്പോയിലെ വികാരിയായിരുന്നു ഫാ. മിരാൻഡ. അവിടുത്തെ ജനങ്ങളുടെ സഹനങ്ങളും വിശ്വാസതീക്ഷണതയുമാണ് തന്നെ വൈദികനായി നിലകൊള്ളുന്നതിന് ശക്തനാക്കിയതെന്ന് അദ്ദേഹം സ്പാനിഷ് മാധ്യമായ എബിസിയ്ക്ക് നൽകിയ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സിറിയയിലെ പീഡിത ക്രൈസ്തവരുടെ വിശ്വാസം വിശ്വാസത്തിന്റെ ഉറകെട്ടുപോയവരും വിശ്വാസം അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ സമൂഹത്തിന് ഏറ്റവും നല്ല മരുന്നാണെന്നും അദ്ദേഹം പറയുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻകാർനേറ്റ് വേൾഡ് എന്ന സഭയിലെ അംഗമാണ് ഫാ. മിരാൻഡ. 2011 മുതൽ 2014 വരെ സിറിയയിലെ ആലപ്പോയിലാണ് സേവനം ചെയ്തത്. അവിടുത്തെ ആഭ്യന്തര യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളായിരുന്നു കൊല്ലപ്പെട്ടത്.ക്രൈസ്തവജനതയെയാണ് യുദ്ധം ഏറ്റവും അധികം തകർത്തത്. എന്നാൽ യുദ്ധം അവരുടെ വിശ്വാസത്തെ വർദ്ധിപ്പിച്ചുവെന്ന് അദേഹം പറഞ്ഞു. അവിടെ ക്രൈസ്തവർ ദൈവത്തെ പഴിക്കുന്നത് താൻ ഒരിക്കലും കേട്ടിട്ടില്ല. മറിച്ച് ഓരോ ദിവസവും തങ്ങൾ ജീവിച്ചിരിക്കുന്നതിനാൽ ദൈവത്തിന് അവർ നന്ദിപറയുകയാണ് ചെയ്തത്. അതിഭീകരമായ ഓരോ കഥകൾ അവർ പങ്കിട്ടുകഴിയുമ്പോഴും ഞങ്ങൾ ജീവിച്ചിരിക്കുന്നതും ദൈവാലയത്തിൽ വരാൻ കഴിയുന്നതും വലിയ ഭാഗ്യമാണല്ലോ എന്നുപറഞ്ഞുകൊണ്ടാണ് പൂർത്തിയാക്കുക. ഓരോ പ്രാവശ്യവും ബോബ് സ്‌ഫോടനത്തിനുശേഷം അവർ ദൈവാലയത്തിൽ ഓടിക്കൂടും. ഈ കടുത്ത സഹനങ്ങൾക്കിടയിലും അവർ ഒരിക്കലും ദുഖിതരല്ല. അദ്ദേഹം പറയുന്നു.ഒരു വൈദികനായിരിക്കുന്നതിന്റെ മഹത്വം ഞാൻ പഠിച്ചത് സിറിയയിൽ നിന്നാണ്. സിറിയയിൽ ക്രൈസ്തവർ പത്ത് ശതമാനത്തിൽ നിന്ന് വെറും രണ്ട് ശതമാനമായി കുറഞ്ഞു. കാരണം അവർക്കെതിരെയുള്ള അക്രമം എല്ലാ ഭാഗത്തുനിന്നുമാണ് ഉണ്ടാകുന്നത്. പക്ഷേ, ആലപ്പോയിലെ സഭ വളരെ ഭക്തീതീക്ഷണവും ശക്തിയുള്ളതുമാണ്. ക്രൈസ്തവരാണ് അവിടെയുള്ളവർക്ക് സഹായവും പ്രതീക്ഷയും നൽകുന്നുത്. അദ്ദേഹം കൂട്ടിച്ചേർത്തു.Source: Sunday Shalom