News >> കുടുംബത്തെ തിന്മയുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കണം
വാഷിംഗ്ടൺ ഡി. സി: ആശയപരമായ കൊളോണിയലിസത്തിലൂടെ ലോകം ദൈവത്തിൽ നിന്ന് കൂടുതലായി അകറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വത്തിക്കാൻ ലിറ്റർജി കമ്മീഷൻ തലവൻ റോബർട്ട് സാറാ. വാഷിംഗ്ടൺ ഡി. സിയിൽ നടന്ന നാഷണൽ കാത്തലിക്ക് പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ സംസാരിക്കുകയായിരുന്നു കർദിനാൾ സാറാ.കുടുംബത്തെ നശിപ്പിക്കുക എന്നുള്ളത് പിശാചിന്റെ ലക്ഷ്യമാണെന്നും കുട്ടികൾക്ക് അപ്പനും അമ്മയും ഇല്ലാതെ വളരേണ്ട സാഹചര്യം ഉണ്ടാക്കുന്ന ആശയങ്ങളെ ക്രൈസ്തവർ എതിർക്കണമെന്നും കർദിനാൾ സാറാ പറഞ്ഞു. സുവിശേഷം ആദ്യം പ്രസംഗിക്കപ്പെടേണ്ടത് കുടുംബങ്ങളിലാണെന്നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളുടെ ആത്മസമർപ്പണത്തിലൂടെ പ്രകടമാകുന്ന ഉത്തരവാദിത്വപൂർണവും ഉദാരവുമായ ദമ്പതികളുടെ സ്‌നേഹം നമ്മുടെ തലമുറയിൽ പ്രകടമാകുന്ന ദൈവസ്‌നേഹത്തിന്റെ അടയാളമാണ്. എന്നാൽ കുടുംബങ്ങളെ തകർത്തുകൊണ്ട് യേശു ക്രിസ്തുവിന്റെ സ്വയംദാനമാകുന്ന, ഫലദായകമായ സ്‌നേഹത്തിന്റെ സുവിശേഷം കേൾക്കുന്നതിൽ നിന്ന് ജനങ്ങളെ തടയാനാണ് സാത്താൻ ശ്രമിക്കുന്നതെന്ന് കർദിനാൾ വിശദീകരിച്ചു.വിവാഹമോചനം, സ്വവർഗവിവാഹം, വിവാഹം കഴിക്കാതെ ഒന്നിച്ചുള്ള താമസം തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിൽ സ്‌നേഹത്തിനുള്ള സ്ഥാനത്തെക്കുറിച്ച് കുട്ടികളുടെ മനസിൽ ആഴമായ സംശയങ്ങൾ ജനിപ്പിക്കും. അതൊരപവാദമാണ്. ഏറ്റവും ദുർബലരായവർക്ക് സ്‌നേഹത്തിൽ വിശ്വസിക്കാനുള്ള വഴിയിൽ ഒരു മാർഗതടസ്സം. അതുവഴി സൗഖ്യപ്പെടുത്തുന്ന സുവിശേഷത്തിന്റെ ശക്തി സ്വീകരിക്കാനുള്ള തുറവി അവർക്ക് നഷ്ടപ്പെട്ടേക്കാം; കർദിനാൾ വിശദീകരിച്ചു.യു.എസ് ചെയ്തതുപോലെ ഈ സാഹചര്യങ്ങൾ നിയമവിധേയമാക്കുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കുകയില്ല. കുടുംബത്തെ സംരക്ഷിക്കുവാനായി പൊരുതേണ്ടതുണ്ട്. മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ഏറ്റവും ക്രൂരമായ ആക്രമണമാണ്. ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ കായികമായവ മാത്രമല്ല. രാഷ്ട്രീയമായും സാംസ്‌കാരികമായും ആശയപരവുമായ ആക്രമണത്തിനാണ് ക്രൈസ്തവരിന്ന് വിധേയരായിക്കൊണ്ടിരിക്കുന്നത്. പ്രവാചകരാവുക, വിശ്വസ്തരാവുക. പ്രാർത്ഥിക്കുക; കർദിനാൾ ആഹ്വാനം ചെയ്തു.Source: Sunday Shalom