News >> ഭയപ്പെടേണ്ട, യുവജനസമ്മേളനത്തിന് വരുക- യുവജനങ്ങളോട് കർദിനാൾ ഡിസിവിസ്


റോം, ഇറ്റലി: 'ക്രാക്കോവിലേക്ക് വരുക, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഭയപ്പെടേണ്ട. യുവജനങ്ങളോട് ഞാൻ വീണ്ടും പറയുന്നു . ഭയപ്പെടേണ്ട.'- ജൂലൈ 26 മുതൽ 31 വരെ നടക്കാനിരിക്കുന്ന ലോകയുവജനസമ്മേളനത്തിലേക്ക് യുവജനങ്ങളെ ക്ഷണിച്ചുകൊണ്ട് കർദിനാൾ സ്റ്റാനിസ്ലോവ് ഡിസിവിസ് പറഞ്ഞ വാക്കുകളാണിത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായി 12 വർഷക്കാലം സേവനം ചെയ്ത കർദിനാൾ ഡിസിവിസാണ് ഇപ്പോൾ ക്രാക്കോവ് ആർച്ച് ബിഷപ് എന്ന നിലയിൽ യുവജനസമ്മേളനത്തിന്റെ കൂടുതൽ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്. ലോകയുവജനസമ്മേളനം ആരംഭിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ യുവജനങ്ങളോട് കൂടെക്കൂടെ പറഞ്ഞിരുന്ന വാക്യമാണ് 'ഭയപ്പെടേണ്ട'. യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കണമെന്നും മറ്റൊന്നും അതിന് വിഘാതമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യുവജനങ്ങളോട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറയുമായിരുന്നു.

ക്രാക്കോവിൽ നടക്കുന്ന ലോകയുവജനസമ്മേളനം വിശ്വാസത്തിന്റെ ആഘോഷമായിരിക്കുമെന്ന് കർദിനാൾ ഡിസിവിസ് പറഞ്ഞു. നമ്മുടെ വിഷയം എപ്പോഴും ക്രിസ്തുവാണ്. അതുകൊണ്ട് ക്രിസ്തുവിൽ ആഴപ്പെടണം, പ്രാർത്ഥിക്കണം, കൂട്ടായ്മയിലായിരിക്കണം, ക്രിസ്തുവിന്റെ അനുയായി ആയതിൽ മാർപാപ്പയോടൊപ്പം സന്തോഷിക്കണം. ഈ പശ്ചാത്തലത്തിൽ യുവജനങ്ങൾക്കായുള്ള ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്. ക്രമീകരണങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ക്രാക്കോവിലേക്ക് ലക്ഷക്കണക്കിന് യുവജനങ്ങൾ ഒഴുകിയെത്തുന്ന ദിവസത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്; കർദിനാൾ ഡിസിവിസ് വിശദീകരിച്ചു.

അഭയാർത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യൂറോപ്പ് പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പോളണ്ടിലെ സ്ഥിതി സമാധാനപരമാണെന്ന് കർദിനാൾ വ്യക്തമാക്കി. ഇവിടെ അപകട സാധ്യതയില്ല. പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സെക്ക്യൂരിറ്റി ഫോഴ്‌സ് കഠിനപ്രയത്‌നം ചെയ്യുന്നുണ്ട്; കർദിനാൾ പങ്കുവച്ചു.

Source: Sunday Shalom