News >> ബോൺമൗത്തിൽ പുതിയ ഒറേറ്ററി


ബോൺമൗത്ത്: ഇംഗ്ലണ്ടിലെ ആറാമത്തെ ഒറേറ്ററി ബോൺമൗത്തിൽ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനപ്പെട്ട ഒരു സുവിശേഷവൽക്കരണയജ്ഞത്തിന്റെ ഭാഗമാണെന്ന് പോർട്ട്‌സ്മൗത്ത് ബിഷപ് ഫിലിപ്പ് ഈഗൻ.

ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക, കൂദാശകൾ നൽകാൻ സഹായിക്കുക, പകൽ മുഴുവനുമുള്ള ദിവ്യകാരുണ്യ ആരാധന, ദിവ്യബലി, കുമ്പസാരം, പ്രാർത്ഥനകൾ തുടങ്ങിയവയിൽ സഹായിക്കുക തുടങ്ങിയവയായിരിക്കും ബോർൺമൗത്തിലെ ഒറേറ്ററിയുടെ പ്രധാന ഉത്തരവാദിത്വങ്ങളെന്ന് ബിഷപ് വ്യക്തമാക്കി.

രൂപതയിൽ ധാരാളം അഭയാർത്ഥികളും വിദേശരാജ്യങ്ങളിലുള്ള വിദ്യാർത്ഥികളുമുള്ളതിനാൽ അജപാലനപരമായ അടിയന്തിരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് ബിഷപ് പങ്കുവച്ചു. ഇതുവരെ യേശുവുമായി കണ്ടുമുട്ടാത്തവരുമായും രക്ഷയുടെ സന്ദേശവും നിത്യജീവനും ഹൃദയത്തിൽ സ്വീകരിച്ചിട്ടില്ലാത്തവരുമായും നാം ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. യേശുക്രിസ്തു എന്ന വ്യക്തിയെക്കുറിച്ച് എന്നത്തേതിലും അധികമായി ഇന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അതുവഴി യഥാർത്ഥ മാനുഷികതയുടെയും സന്തോഷത്തിന്റെയും മാർഗം ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ സാധിക്കും. അതുകൊണ്ടാണ് പുതിയ ഒറേറ്ററിയെക്കുറിച്ച് വളരെയേറെ പ്രതീക്ഷയുള്ളത്; ബിഷപ് ഈഗൻ വ്യക്തമാക്കി.

1848-ൽ വാഴ്ത്തപ്പെട്ട ജോൺ ഹെൻറി ന്യൂമാനാണ് ആദ്യത്തെ ഒറേറ്ററി സ്ഥാപിച്ചത്. അടുത്ത വർഷം രണ്ടാമത്തെ ഒറേറ്ററി ലണ്ടനിലും 1900-ൽ ഓക്‌സ്‌ഫോർഡിലും ഒറേറ്ററി സ്ഥാപിതമായി. അതിനുശേഷം 2013 ലാണ് പുതിയ രണ്ട് ഒറേറ്ററികൾ സ്ഥാപിതമായത്. ആറാമത്തെ ഒറേറ്ററിയാണ് ഇപ്പോൾ ബോൺമൗത്തിൽ ആരംഭിക്കുന്നത്. സാധാരണ സന്യാസസമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായ നിയമങ്ങൾ പുലർത്തിക്കൊണ്ട് ഒരു സ്ഥലത്ത് തന്നെ ഒതുങ്ങി നിൽക്കുന്ന സമൂഹങ്ങളാണ് ഒറേറ്ററികൾ.

Source: Sunday Shalom