News >> സ്ത്രീകളെ ആദരിക്കാൻ വത്തിക്കാനിൽ നിന്നും മാസിക
വത്തിക്കാൻ സിറ്റി: ദൈവമാതാവിനായി പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിൽ ലോകമെമ്പാടും സ്ത്രീകളെ ബഹുമാനിക്കാനും അവരുടെ പ്രവർത്തികളെ ശ്രേഷ്ഠമായി കാണുവാനും ശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. 'സമൂഹത്തിലെ സമസ്തമേഖലകളിലും സ്ത്രീകളുടെ സംഭാവന നിഷേധിക്കാനാവാത്തതാണ്. പ്രത്യേകിച്ച് കുടുംബത്തിൽ അവ അംഗീകരിക്കപ്പെടണം. പക്ഷേ അതു മതിയോ? ലോകമെമ്പാടും വേദനയനുഭവിക്കുന്ന സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി ഇനിയും ഏറെ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.' പാപ്പ പറഞ്ഞു.'സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ ശക്തമായി എതിർക്കപ്പെടണം. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലയിൽ അവരുടെ പൂർണമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തപ്പെടണം. എല്ലാ രാജ്യങ്ങളിലും സ്ത്രീപുരുഷ സമത്വം ഉണ്ടാകണമെന്നതാണ് സഭയുടെ ആഗ്രഹം.' പാപ്പ മെയ്ദിന സന്ദേശത്തിൽ പറഞ്ഞു.ഫ്രാൻസിസ് പാപ്പയുടെ നിർദേശത്തിൽ തയ്യാറാക്കപ്പെട്ട സ്ത്രീ ശാക്തീകരണ വീഡിയോയും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ മേഖലയിൽ സേവനം ചെയ്യുന്ന സ്ത്രീകളുടെ സമഗ്ര സംഭാവനകളെ ഉൾപ്പെടുത്തിയുള്ളതാണ് വീഡിയോ. ആദ്യമായാണ് പാപ്പയുടെ പ്രാർത്ഥനാ നിയോഗങ്ങൾ അവതരിപ്പിക്കുവാൻ വീഡിയോ ഉപയോഗിച്ചത്. വത്തിക്കാൻ ടെലിവിഷൻ നെറ്റ്‌വർക്കുമായി ചേർന്നായിരുന്നു സംരംഭം.വീഡിയോയിലെ ആദ്യത്തെ പ്രാർത്ഥനാ നിയോഗം ഇങ്ങനെ; ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സ്ത്രീകൾ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും, അവരുടെ സമൂഹത്തിലെ സേവനങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിന്... മിഷനറി നിയോഗം ഇങ്ങനെ; കുടുംബങ്ങളും സമൂഹങ്ങളും കൂട്ടായ്മകളും സുവിശേഷവത്കരണത്തിനും ലോകസമാധാനത്തിനുമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിന് പുതിയൊരു വത്തിക്കാൻ പബ്ലിക്കേഷൻ പുറത്തിറങ്ങിയ ദിവസം കൂടിയായിരുന്നു ഇത്. സ്ത്രീകൾക്കുവേണ്ടിയുള്ളതാണ് പ്രസിദ്ധീകരണം. 'സ്ത്രീ, സഭ, ലോകം' എന്നുള്ളതാണ് ശീർഷകം. 2012 ൽ ആരംഭിച്ചതാണെങ്കിലും എല്ലാ രണ്ടുമാസവും കൂടുമ്പോൾ പുറത്തിറങ്ങുന്ന നാല്പതുപേജുള്ള കെട്ടും മട്ടും മാറ്റിയ മാസികയാണ് ഇനിമുതൽ ഉണ്ടാവുക. ആദ്യം പുറത്തിറങ്ങിയപ്പോൾ കൊടുത്ത വിഷയം തന്നെയാണ് മെയ്മാസത്തിന്റെയും മുഖമുദ്ര, ദൈവമാതാവ് ഏലീശ്വയെ സന്ദർശിക്കുന്നത്.തുടർന്നുള്ള മാസങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിഷയങ്ങളാവും പ്രധാനമായും പ്രസിദ്ധീകരണം കൈകാര്യം ചെയ്യുക. മാതൃത്വം, അനുരജ്ഞനം, സ്ത്രീയും നിയമവും, വിസ്മരിക്കപ്പെട്ട സ്ത്രീകൾ, പ്രാർത്ഥിക്കുന്ന സ്ത്രീകൾ തുടങ്ങിയവ. സഭയുടെ നേതൃരംഗങ്ങളിൽ ശോഭിച്ച സ്ത്രീകളെക്കുറിച്ചുള്ള പ്രത്യേക ഫീച്ചറുകളും പ്രസിദ്ധീകരണത്തിൽ ഇടം പിടിക്കും.Source: Sunday Shalom