News >> ഇന്ത്യയിലെ ബ്രിജിറ്റൈൻ സന്യാസിനി സമൂഹം ആഹ്ലാദത്തിൽ
കോഴിക്കോട്: ദിവ്യരക്ഷകന്റെ സഭയുടെ (ബ്രിജിറ്റൈൻ സഭ) പുനരുദ്ധാരകയായ മദർ എലിസബത്ത് ഹെസൽ ബ്ലാഡിനെ ഫ്രാൻസിസ് മാർപാപ്പ ജൂൺ അഞ്ചിന് വിശുദ്ധയായി പ്രഖ്യാപിക്കും. 600 വർഷങ്ങൾക്കുശേഷം സ്വീഡനിൽ നിന്നുള്ള ആദ്യ വിശുദ്ധയാണ് മദർ എലിസബത്ത് ഹെസൽ ബ്ലാഡ്. പതിമൂന്നാം നൂറ്റാണ്ടിൽ സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത സ്ഥാപിച്ച ദിവ്യരക്ഷകന്റെ സഭ പ്രൊട്ടസ്റ്റന്റ് റിഫോർമേഷന്റെ അഘാതത്തിൽ ചിന്നിച്ചിതറിപ്പോയിരുന്നു. എന്നാൽ 1870 ജൂൺ നാലിന് സ്വീഡനിലെ ലൂഥറൻ കുടുംബത്തിൽ ജനിച്ച മദർ എലിസബത്ത് ഹെസൽ ബ്ലാഡ് സഭയെ പുനരുത്ഥരിക്കാൻ തീരുമാനിക്കുകയായിരുന്നു. കത്തോലിക്ക സഭയെക്കുറിച്ച് പഠിച്ച എലിസബത്ത് 1902-ൽ വിശ്വാസം സ്വീകരിച്ചു. തന്റ അനാരോഗ്യത്തെ ദൈവസ്‌നേഹത്തിന്റെ പരിമള മലരുകളായി തീർത്തുകൊണ്ട് എലിസബത്ത് 1903-ൽ റോമിലെ പിയാസെ ഫർണസയിലുള്ള വിശുദ്ധ ബ്രിജീത്തയുടെ ഭവനത്തിലെത്തി.സന്യാസ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും പ്രേഷിത പ്രവർത്തനത്തിന് ജീവിതത്തെ സമർപ്പിക്കാനും ഈ ഭവനത്തിലെ ജീവിതം എലിസബത്തിന് പ്രേരണയായി. വിശുദ്ധ ബ്രിജീത്തയുടെ ആഴമായ ആധ്യാത്മികജീവിതവും ധ്യാനാത്മകമായ പ്രാർത്ഥനാജീവിതവും സഭയുടെ ചൈതന്യമാക്കി മാറ്റിക്കൊണ്ട് എലിസബത്ത് ബ്രിജീത്തയുടെ സഭയിൽ നവീകരണത്തിന്റെ ശംഖൊലി മുഴക്കി 1911-ൽ സഭയ്ക്ക് പുനർജന്മം നൽകി.ഫാ. എഡ്വേർഡ് ബെരേക് എസ്.ജെയുടെ ആവശ്യപ്രകാരം മദർ എലിസബത്ത് 1937-ൽ ഇന്ത്യയിൽ കോഴിക്കോട് രൂപതയിലെ മേരിക്കുന്നിൽ സഭയുടെ ആദ്യഭവനം സ്ഥാപിച്ചു. ഇപ്പോൾ ഈ സന്യാസിനി സമൂഹം കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങൾക്ക് പുറമെ കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നീ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ച് വരുന്നു. റോമിലെ പിയാസെ ഫർണേസയിലെ മാതൃഭവനത്തിൽ 1957 ഏപ്രിൽ 24-നായിരുന്നു ആ ധന്യാത്മാവിന്റെ അന്ത്യനിമിഷങ്ങൾ. മദർ എലിസബത്ത് ഹെസൽ ബ്ലാഡിന്റെ ചൈതന്യ ആശീർവാദത്താൽ ഈ സന്യാസിനി സമൂഹം അത്യധികം ആഹ്ലാദത്തിലാണ്.Source: Sunday Shalom