News >> ക്രൈസ്തവ കാളിദാസനെന്ന് കേട്ടിട്ടുണ്ടോ?


പകലോമറ്റം മഹാകുടുംബത്തിന്റെ ഒരു ശാഖാകുടുംബമാണ് പാലാ കട്ടക്കയം കുടുംബം. നിരവധി സാഹിത്യകാരന്മാർക്കും പണ്ഡിതരും പ്രശസ്തരുമായ വൈദികശ്രേഷ്ഠർക്കും സമുദായ രാഷ്ട്രീയനേതാക്കൾക്കും കർഷക പ്രമുഖർക്കും ഈ കുടുംബം ജന്മം നൽകിയിട്ടുണ്ട്. ഈ കുടുംബത്തിൽ 1859 ഫെബ്രുവരി 24 ന് ചെറിയാൻ മാപ്പിള ജനിച്ചു. ഉലഹന്നാൻ-ചാച്ചി ദമ്പതികളുടെ നാലാമത്തെ കുട്ടിയായിരുന്നു ചെറിയാൻ. പാരമ്പര്യരീതിയനുസരിച്ച് ചെറിയാൻ എഴുത്തുകളരിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് മീനച്ചിൽ കുംബാനിമഠത്തിൽ കുഞ്ഞനിയൻ കർത്താവിൽനിന്ന് സംസ്‌കൃതവും വൈദ്യശാസ്ത്രവും പഠിച്ചു. തുടർന്ന് അവിടെനിന്നുതന്നെ അമരകോശം, സിദ്ധരൂപം എന്നീ ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളും രഘുവംശം, നൈഷധം, മാഘം എന്നീ കാവ്യങ്ങളും ഗുണപാഠം, സഹസ്രയോഗം ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്രങ്ങളും അഭ്യസിച്ചു.

പതിനേഴാം വയസിൽ (1875) കട്ടക്കയം, കുടക്കച്ചിറ വീട്ടിൽ മറിയാമ്മയെ വിവാഹം ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ ചെറിയാൻമാപ്പിളയുടെ പിതാവ് അകാലചരമം പ്രാപിച്ചു. ഇതോടെ കുടുംബത്തിന്റെ മുഴുവൻ ഭാരവും ആ 17 വയസുകാരന്റെ ചുമലിലായി. ഈ പ്രതികൂലസാഹചര്യങ്ങളൊന്നും അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനങ്ങൾക്ക് തടസമായില്ല. കൗമാരഘട്ടത്തിൽ തന്നെ സംസ്‌കൃതത്തിലും മലയാളത്തിലും ചെറിയാൻമാപ്പിള ശ്ലോകങ്ങൾ എഴുതിത്തുടങ്ങി. പക്ഷേ അവയൊന്നും നമുക്ക് കിട്ടിയിട്ടില്ല. 1881 ൽ സത്യനാദ കാഹളത്തിൽ പ്രസിദ്ധീകരിച്ച 'ജുസെ ഭക്തൻ' എന്ന കാവ്യമാണ് കണ്ടുകിട്ടിയവയിൽ അദ്ദേഹത്തിന്റെ ആദ്യരചന. മാർതോമാചരിതം, മാത്തു തരകൻ, തിരഞ്ഞെടുക്കപ്പെട്ട പാത്രം, വനിതാമണി സുസാന തുടങ്ങിയ ഖണ്ഡകാവ്യങ്ങളും. യുദജീവേശ്വരി, വില്ലാൾവട്ടം, സാറാ വിവാഹം, കലാവതി എന്നീ നാടകങ്ങളും ഒലിവേർവിജയം ആട്ടക്കഥയും ശ്രീയേശുവിജയം മഹാകാവ്യവുമാണ് കട്ടക്കയത്തിന്റെ പ്രമുഖ രചനകൾ. കൂടാതെ അനേകം ചെറുകവിതകളും മംഗള ശ്ലോകങ്ങളും സമസ്യാപൂരണങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. കട്ടക്കയത്തിന്റെ നാടകങ്ങളെല്ലാം അന്നു നിലവിലിരുന്ന രീതിയനുസരിച്ചെഴുതപ്പെട്ട കാവ്യനാടകങ്ങളാണ്. കവിസമാജത്തിന്റെ കോട്ടയത്തു നടന്ന ആദ്യസമ്മേളനത്തിൽ നാടകമത്സരത്തിൽ പങ്കെടുത്തെഴുതിയതാണ് യൂദജീവേശ്വരി നാടകം. 1891 നവംബറിലായിരുന്നു ഈ സമ്മേളനം. 1893ൽ മലയാള മനോരമയിൽനിന്നും യൂദജീവേശ്വരി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. അക്കാലത്ത് ദേവാലയതിരുനാളുകൾ, സംഘടനാവാർഷികങ്ങൾ തുടങ്ങിയ പരിപാടികൾക്ക് കട്ടക്കയത്തിന്റെ നാടകങ്ങൾ ധാരാളം അരങ്ങുകളിൽ ജനപ്രീതിയോടെ പുനർജ്ജനിച്ചിരുന്നു. മലയാള മനോരമയിലും ദീപികയിലുമാണ് കട്ടക്കയത്തിന്റെ കവിതകൾ അധികവും പ്രസിദ്ധീകരിച്ചത്. പത്രങ്ങൾ, വിശേഷാവസരങ്ങളിൽ ഇറക്കിയിരുന്ന സപ്ലിമെന്റുകളിലെല്ലാം അന്നത്തെ പ്രസിദ്ധരായ കവികളോടൊപ്പം കട്ടക്കയവും സ്ഥാനം പിടിച്ചിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മുതൽ അന്നത്തെ പ്രശസ്തരായ എല്ലാ കവികളും കട്ടക്കയവുമായി ഉറ്റസൗഹൃദത്തിലായിരുന്നു. ശ്രീയേശുവിജയം മഹാകാവ്യ രചനയോടെയാണ് കട്ടക്കയം പ്രശസ്തിയുടെ ഔന്നത്യത്തിലെത്തിയത്. 24 സർഗങ്ങളും 3719 പദ്യങ്ങളുമുള്ള ശ്രീയേശുവിജയം അക്ഷരാർത്ഥത്തിൽ മലയാളത്തിലെ ഏറ്റവും വലിയ മഹാകാവ്യമാണ്. ബൈബിൾകഥ ഇതിവൃത്തമാക്കി മലയാളത്തിലുണ്ടായ ആദ്യമഹാകാവ്യം, ലാളിത്യംകൊണ്ടും പ്രതിപാദ്യവൈശിഷ്ട്യംകൊണ്ടും മലയാളികളുടെ മനംകവർന്ന ആദ്യത്തെ ജനകീയ മഹാകാവ്യം എന്നീ സവിശേഷതകളും ശ്രീയേശുവിജയത്തിനുണ്ട്. 1911 മുതൽ 1926 വരെയുള്ള 15 കൊല്ലം കൊണ്ടാണ് കട്ടക്കയം ശ്രീയേശുവിജയം പൂർത്തിയാക്കിയത്.

1926 മാർച്ചിൽ പുറത്തുവന്ന ശ്രീയേശുവിജയം മലയാള കാവ്യരംഗത്ത് പുതിയ ചലനം സൃഷ്ടിച്ചു. കട്ടക്കയത്തിനെ സ്വർണമെഡൽ നൽകി ആദരിക്കണമെന്ന് ദീപിക ആ വർഷം ഏപ്രിൽ 17 ന് മുഖപ്രസംഗം എഴുതി. മലയാള സാഹിത്യത്തിലെ ഒരു വലിയ സംഭവം എന്ന പ്രതീതി ഉളവാക്കാൻ ശ്രീയേശുവിജയത്തിനു കഴിഞ്ഞു. പ്രശസ്ത പണ്ഡിതൻ ടി. കെ. ജോസഫ് ദീപികയിൽ - കട്ടക്കയം ക്രൈസ്തവ കാളിദാസൻ - എന്ന പേരു നൽകി. ജൂൺ എട്ടിലെ ദീപികയിൽ ഈ സമസ്യയുടെ 38 പൂരണങ്ങൾ ചേർത്തിരുന്നു. ചേർത്തല പാണാവള്ളിയിൽ ചേർന്ന കത്തോലിക്കാ കോൺഗ്രസിന്റെ എട്ടാമത് വാർഷികസമ്മേളനത്തിൽ കേരള ക്രൈസ്തവ സമൂഹത്തിന്റെ മുഴുവൻ അഭിനന്ദനസൂചകമായി ഒരു സ്വർണമെഡൽ സമ്മാനിച്ചു. 1931 ൽ മാർപാപ്പയും കട്ടക്കയത്തിന്റെ സാഹിത്യസേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സ്വർണമെഡൽ കൊടുത്തയച്ചു.

കട്ടക്കയം കൃതികളെല്ലാം സമാഹരിച്ചുകൊണ്ട് 1988 ൽ ഡോ. കുര്യാസ് കുമ്പളക്കുഴി കട്ടക്കയം കൃതികൾ എന്നൊരു ബൃഹദ്ഗ്രന്ഥവും പിന്നീട്, കട്ടക്കയം- കവിയും മനുഷ്യനും എന്ന ജീവചരിത്രവും പ്രസിദ്ധീകരിച്ചു. കൂടാതെ ഡി. കുരുവിള മനയാനിയും കട്ടക്കയത്തിന്റെ ജീവചരിത്രം രചിച്ചിട്ടുണ്ട്. മഹാകവിയെപ്പറ്റി നിരവധി അനുസ്മരണ ലേഖനങ്ങളും വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാകവിയുടെ ഒരു പൂർണകായ പ്രതിമ 2000 മെയ് ഒന്നിന് പാലാ പട്ടണത്തിൽ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിന്റെ മുൻപിലായി പൊതുജനങ്ങൾ സ്ഥാപിച്ചു. പ്രതിമാസ്ഥാപനത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനങ്ങളും പൊതുയോഗവും നടന്നു.

കട്ടക്കയത്തെപ്പറ്റി മലയാള സാഹിത്യത്തിലെ ഉന്നതരുടെ പരാമർശങ്ങളും ശ്രദ്ധേയങ്ങളാണ്. കേരളവർമ വലിയകോയിത്തമ്പുരാൻ, ഘടികവിംശതി എന്ന കവിതാപരീക്ഷയിൽ ചെറിയാൻമാപ്പിള ഉന്നതവിജയം നേടിയപ്പോൾ പ്രശംസാപത്രം കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളുടെ കവിതയ്ക്ക് സവിശേഷമായ ആസ്വാദ്യതാഗുണമുണ്ട്. മഹാകവി വള്ളത്തോൾ, ചെറിയാൻമാപ്പിളയെ സന്ദർശിച്ച അനുഭവം മുൻനിർത്തി പറഞ്ഞു, മഹാകവി കട്ടക്കയത്തെ ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇന്ദ്രവർണമായ മുഖത്തുനിന്ന് പ്രവഹിച്ച ശോഭ എന്നെ വല്ലാതെ ഭ്രമിപ്പിച്ചു. അദ്ദേഹത്തിന്റെ അവയവങ്ങളിൽത്തന്നെ കുലീനത കളിയാടുന്നതായി തോന്നി. വിദ്യ വിനയത്തെ പ്രസവിക്കുന്നതായി അപ്പോൾ എനിക്ക് തോന്നാതിരുന്നില്ല. നിർമല ഭക്തിയും ദീനാനുകമ്പയുമാണ് അദ്ദേഹത്തിന്റെ മുഖത്ത് കളിയാടിയിരുന്നത് (മനോരമ 3-2-1937). പ്രഫ. ജോസഫ് മുണ്ടശേരി ഇങ്ങനെ അനുസ്മരിച്ചു: അദ്ദേഹത്തിന്റെ സാത്വികമനോഹരമായ സ്വഭാവപരിശുദ്ധതയും വിനീതമനോഭാവവും ഒത്ത് സമ്മേളിച്ചതിലുള്ള വൈശിഷ്ട്യംകൊണ്ടാണ് എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ടായത്. അദ്ദേഹത്തിൽനിന്നും ഞാൻ പഠിച്ച പാഠം വിനീതനായി ജീവിക്കണമെന്നുള്ളതാണ് (മനോരമ 4-2-1937). പുലിയന്നൂർ എസ്. രാമയ്യർ ഇങ്ങനെ എഴുതുന്നു: പ്രസന്ന പ്രൗഢസരസമായ കട്ടക്കയത്തിന്റെ സംഭാഷണം കേൾക്കുകയും ശാലീനതയോടുകൂടിയ ഹൃദയസ്വഭാവം അറിയുകയും പ്രകൃത്യാ കോമളമായ മുഖവും അനുകരണ സാധ്യമല്ലെങ്കിലും അനുമോദനാർഹമായ പ്രകൃതിനിരീക്ഷണചതുരമായ നോട്ടവും കാണുകയും ചെയ്തിട്ടുള്ളവർക്ക് തൽസദൃശമായ സ്ഥിതികൾ കവിതകളിൽ കാണാവുന്നതും നേരിട്ട് കണ്ടിട്ടില്ലാത്തവർക്ക് മേൽപ്പറഞ്ഞവ കവിതകളിൽ കണ്ട് തൃപ്തിപ്പെടാവുന്നതുമാകുന്നു. ഡി. കുരുവിള മനയാനി എഴുതിയ ജീവചരിത്രത്തിൽ പറയുന്നു: ചെറിയാൻമാപ്പിള അവർകളെപ്പറ്റി പറയുമ്പോൾ വിസ്മരിക്കുവാൻ പാടില്ലാത്ത ഒരു സംഗതിയാകുന്നു ഇദ്ദേഹത്തിന്റെ സ്വഭാവനൈർമല്യം. ഇദ്ദേഹത്തിൽ പ്രശോഭിച്ചിരുന്ന അനഹങ്കാരം, സമഭാവന, വിനയം, പരജനബഹുമാനം മുതലായ ഗുണങ്ങൾ ഇദ്ദേഹവുമായി ഒരു പ്രാവശ്യമെങ്കിലും ഇടപെടാൻ സംഗതിയായിട്ടുള്ളവർക്കെല്ലാം അനുഭവബോധ്യമായിട്ടുള്ളതാണ്. സാഹിത്യകാര്യങ്ങളിലെന്നപോലെ തന്നെ ചെറിയാൻമാപ്പിള സമുദായകാര്യങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. പാലായിൽ പ്രവർത്തിച്ചിരുന്ന നസ്രാണി സമാജം എന്ന സംഘടനയുടെ നേതൃത്വം ചെറിയാൻ മാപ്പിളക്കായിരുന്നു.

1911 ൽ പാലായിൽ നടന്ന സുറിയാനി ക്രിസ്ത്യൻ സാമൂഹ്യ സമ്മേളനത്തിന്റെയും 1927 ൽ പാലായിൽ നടന്ന കത്തോലിക്കാ സമ്മേളനത്തിന്റെയും അധ്യക്ഷൻ ചെറിയാൻ മാപ്പിളയായിരുന്നു. ക്രൈസ്തവ കേന്ദ്രമായ മീനച്ചിൽ താലൂക്കിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ചെറിയാൻമാപ്പിള നിറഞ്ഞുനിന്നു. പാലാ വലിയപള്ളിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും മുന്നിൽ ചെറിയാൻമാപ്പിളയുണ്ടായിരുന്നു. പാലാ സെന്റ് തോമസ് ഹൈസ്‌കൂൾ നിർമാണത്തിനായി പാലാ വലിയപള്ളി നടത്തിയ ചിട്ടിയുടെ തലയാൾ ചെറിയാൻമാപ്പിളയായിരുന്നു. മീനച്ചിൽ റബർ കമ്പനി എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ച് റബർ പ്ലാന്റേഷൻ രംഗത്തും അദ്ദേഹം പ്രവർത്തിച്ചു. പത്രപ്രവർത്തന മേഖലയിലും അദ്ദേഹം പ്രശോഭിച്ചു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ വിജ്ഞാനരത്‌നാകരം എന്നൊരു മാസിക പാലായിൽനിന്നും പ്രസിദ്ധീകരിച്ചിരുന്നു. ചെറിയാൻമാപ്പിള നല്ലൊരു കർഷകനുമായിരുന്നു.

കട്ടക്കയം കൃതികൾ പ്രകാശനം ചെയ്തുകൊണ്ട് മലയാള വിമർശകലോകത്തിലെ കുലപതിയായ പ്രഫ.സുകുമാർ അഴീക്കോട് പ്രഖ്യാപിച്ചു: യേശു എന്ന നക്ഷത്രത്തെ നമ്മുടെ സാഹിത്യാകാശത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുത്തിയത് കട്ടക്കയമാണ്. അദ്ദേഹം തന്റെ കൃതികളിൽക്കൂടി ഹൈന്ദവ, ക്രൈസ്തവ സംസ്‌കാരങ്ങളുടെ സംഗമഘട്ടത്തെ ആഗമിപ്പിച്ചുകൊണ്ട് നവജീവിതത്തിന്റെയും സഹജീവിതത്തിന്റെയും വക്താവായിത്തീർന്നു. വന്ധ്യമായിപ്പോയ അനേകം നൂറ്റാണ്ടുകൾക്കുശേഷം ഭാരതത്തിനു ലഭിച്ച പുതുജീവിതത്തിന്റെ ഉദയസൂര്യനാണ് ശ്രീയേശുവിജയം.

1936 നവംബർ 29 ഞായറാഴ്ച രാത്രി ചെറിയാൻമാപ്പിള അന്തരിച്ചു. മലയാള മനോരമ ലേഖകൻ (മലയാള മനോരമ 2-12-1936) സൂചിപ്പിക്കുന്നതുപോലെ, വിപുലമായ ഒരു സംസ്‌കാരം അക്കാലത്ത് കേരളത്തിലാർക്കും ലഭിച്ചിട്ടുണ്ടാവില്ല. 60 വർഷം മുൻപ് പാലായിൽ അയ്യായിരത്തിലധികം വരുന്ന ജനങ്ങൾ ഒരു വ്യക്തിക്ക് അന്ത്യോപചാരമർപ്പിക്കാൻ ഒത്തുചേർന്നു എന്നത് ചരിത്രസംഭവം തന്നെയാണ്. 120 വൈദികരും മൂന്നു മെത്രാന്മാരും ഒരല്മായന്റെ അന്ത്യകർമങ്ങളിൽ പങ്കുചേരുകയെന്നത് അക്കാലത്ത് ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. കട്ടക്കയത്തെ ജനങ്ങൾ എത്രയേറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു എന്നാണിത് വ്യക്തമാക്കുന്നത്. ദേവാലയത്തിനുള്ളിൽ സംസ്‌കരിച്ചു എന്നതും പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. കേരള ക്രൈസ്തവസമൂഹം അതിനു മുൻപും പിൻപും ഒരു എഴുത്തുകാരനെ ഇത്രമേൽ അംഗീകരിച്ചിട്ടില്ല.

(ഡോ. കുര്യാസ്‌കുമ്പളക്കുഴി- കട്ടക്കയം കവിയും മനുഷ്യനും)

തോമസ് കട്ടക്കയം

Source: Sunday Shalom