News >> ക്രിസ്തീയ മാധ്യമ പ്രവർത്തകർക്ക് സിറാക്ക് മാധ്യമ അവാർഡ്


എറണാകുളം: ക്രിസ്തീയ മാധ്യമ രംഗത്ത് ക്രൈസ്തവ വ്യക്തിമുദ്ര പതിപ്പിച്ചവരെ കോട്ടയം ക്രിസ്റ്റീൻ മിനിസ്ട്രി സിറാക്ക് മാധ്യമ അവാർഡ് നല്കി ആദരിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ദേവപ്രസാദ് ടി, സൺഡേ ശാലോം എഡിറ്റർ ജയ്‌മോൻ കുമരകം, താലന്ത് മാസികയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന ആന്റണി ചടയംമുറി, കെയ്‌റോസ്' യൂത്ത് മാസികയുടെ അസ്സോസിയേറ്റ് എഡിറ്റർ സണ്ണി കോക്കാപ്പിളളിൽ, ഗ്രന്ഥകർത്താവായ അഭിലാഷ് ഫ്രേസർ, ഏകരക്ഷകൻ മാസികയുടെ എഡിറ്റർ മനോജ് ജെ. തോമസ് എന്നിവരാണ് അവാർഡിന് അർഹരായവർ. പാലാരിവട്ടം പി. ഒ.സി യിൽ നടന്ന സിമ്പോസിയത്തിൽ വച്ച് എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ അവാർഡു സമ്മാനിച്ചു.

ക്രൈസ്തവ മൂല്യങ്ങൾ വളർത്തുന്ന വിധത്തിൽ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. ചാനലുകളും സിനിമയുമൊക്കെ ഇന്ന് കുട്ടികളെ ഏറെ സ്വാധീനിക്കുന്നു. മാധ്യമമാണ് കുടുംബത്തെ നിയന്ത്രിക്കുന്നത്. അതിനാൽ മാധ്യമങ്ങളെ വിവേകത്തോടെ ഉപയോഗപ്പെടുത്തണം. അനിയന്ത്രിതമായ മാധ്യമ ദുരുപയോഗം കുട്ടികളിൽ മൂല്യശോഷണമാണ് വളർത്തുന്നത്. കുടുംബങ്ങളിൽ തകർച്ചയുണ്ടാകുന്നു. ഇക്കാര്യത്തിൽ എല്ലാവരും വേണ്ടത്ര ജാഗ്രത പുലർത്തണം. ക്രൈസ്തവ മാധ്യമ പ്രവർത്തകർക്ക് ഇതിന് ഏറെ ഉത്തരവാദിത്വമുണ്ട്. ബിഷപ് പറഞ്ഞു. കെ. സി. ബി. സി. ഔദ്യോഗിക വക്താവും പി. ഒ. സി. ഡയറക്ടറുമായ ഫാ. വർഗ്ഗീസ് വളളിക്കാട്ട് അധ്യക്ഷതവഹിച്ചു. സീറോ-മലബാർ സഭയുടെ ഔദ്യോഗിക വക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പി. വി.മേരിക്കുട്ടി, ഡോ. സിസ്റ്റർ തെരേസ് മടുക്കക്കുഴി ട ഒ, മോൺ. ഡോ. ജോസ് നവസ്, സന്തോഷ് ടി, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

കുട്ടികളിൽ എങ്ങനെ സുവിശേഷം എത്തിക്കാൻ കഴിയും എന്ന വിഷയത്തിൽ നേരത്തെ ക്രിസ്തീയ മാധ്യമ പ്രസ് കോൺഫറൻസും സിമ്പോസിയവും നടത്തി. ആധുനിക മാധ്യമങ്ങളിലൂടെ എങ്ങനെ സുവിശേഷം കുട്ടികളിൽ എത്തിക്കാം, കുട്ടികളുടെ ജീവിതപ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം, രണ്ടായിരത്തിൽ ജനിച്ച കുട്ടികൾക്കായി നടത്തുന്ന Y 12, സുവിശേഷചൈതന്യമുള്ള ക്രിസ്തു സാക്ഷികളാകേണ്ട തലമുറയെ രൂപപ്പെടുത്താം, വചനം ഹൃദയത്തിൽ സംഗ്രഹിക്കുന്ന സഭാതനയരെ ഒരുക്കാം, സുവിശേഷവത്കരണ ദൗത്യമുള്ള സമൂഹത്തെ വളർത്തുക എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ചയും അവലോകനവും നടന്നു.

Source: Sunday Shalom