News >> തിയോളജി ഓഫ് ബോഡി സെമിനാറുകൾ വിശ്വാസമൂല്യം വളർത്തും: മാർ ആലപ്പാട്ട്


'ഇളംതലമുറക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ നിക്ഷേപം'

ന്യൂജേഴ്‌സി : 'തിയോളജി ഓഫ് ബോഡി' യുമായ് (ശരീരത്തിന്റെ ദൈ വശാസ്ത്രം) ബന്ധപ്പെട്ട സെമിനാറുകളും പഠനങ്ങളും ഇളംതലമുറക്കുവേണ്ടി നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നിക്ഷേപമാണെന്ന് ചിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്. വിശ്വാസമൂല്യങ്ങളിൽ അവരെ വളർത്താൻ ഇത്തരം സെമിനാറുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാറ്റേഴ്‌സൻ സെന്റ് ജോർജ് സീറോ മലബാർ ദൈവാലയത്തിൽ സംഘടിപ്പിച്ച 'തിയോളജി ഓഫ് ബോഡി' സെമിനാറിനെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവം മനുഷ്യനെ എന്തിനുവേ ണ്ടി സൃഷ്ടിച്ചു? എന്ന സത്യം മനുഷ്യൻ അറിയുമ്പോൾമാത്രമേ അവൻ ആരാണ് എന്ന സത്യം മനസ്സിലാക്കാനാവൂ. വളർന്നുവരുന്ന തലമുറ ശരീരത്തിന്നും ലൈംഗീകതക്കും വിശ്വാസത്തിനുമെതിരായ ഒരായിരം ചോദ്യങ്ങളിൽ തപ്പിത്തടയുമ്പോൾ അവരെ നേർവഴി നയിക്കാൻ ഇത്തരം സെമിനാറുകൾ പ്രയോജനപ്പെടും.

പ്രതികൂലമായ സാമൂഹ്യാവസ്ഥകളിൽ നമ്മുടെ കുഞ്ഞുങ്ങളിൽ ആഴമായ ക്രൈസ്തവബോധ്യം വളർത്തിയെടുക്കാനും ധാർമികജീവിതത്തിൽ അഭിവൃദ്ധിപ്രാപിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ 1979മുതൽ 1984വരെ നടത്തിയ ബുധനാഴ്ച പ്രഭാഷണങ്ങളുടെ സമാഹാരമാണ് 'തിയോളജി ഓഫ് ബോഡി' ശരീരത്തിന്റെയും ആത്മാവിന്റെയും സൃഷ്ടിപരമായ ഒരു ഉൾകാഴ്ചയെന്ന നിലയിൽ സുപ്രധാനമാണ് പാപ്പയുടെ ഈ പ്രബോധനം. മതാധ്യാപകർക്കും മാതാപിതാക്കൾക്കുംവേണ്ടി 'തിയോ

ളജി ഓഫ് ബോഡി'യെ ആസ്പദമാക്കി സംഘടിപ്പിച്ച ത്രിദിന സെമിനാർ പങ്കെടുത്തവർക്കെല്ലാം പുത്തൻ ബോധ്യങ്ങൾ പകരുന്നതായിരുന്നു.

'തിയോളജി ഓഫ് ബോഡി' മിനിസ്ട്രിയുടെ സ്ഥാപകൻ ബാബു ജോണിന്റെ നേതൃത്വത്തിലായിരുന്നു സെമിനാർ.

സ്ത്രീ പുരുഷ ലൈംഗികത, ദാമ്പത്യവിശുദ്ധി, കൂട്ടായ്മയിലുള്ള ജീവിതം എന്നിവ ദൈവത്തിന്റെ ഛായയും സാദൃശ്യവും പ്രകടമാക്കുന്നു; വിവാഹത്തിലൂടെ ദമ്പതികൾ ജീവിക്കേണ്ട 'ത്രീത്വ രഹസ്യം' മനുഷ്യന് വെളിപ്പെടുന്നത് മനുഷ്യ ശരീരത്തിലൂടെയാണ് തുടങ്ങിയവയായിരുന്നു സെമിനാറിൽ പ്രധാന പഠന വിഷയങ്ങൾ. ധാർമികമായ വെല്ലുവിളികൾ ഉയരുമ്പോൾ വളർന്നുവരുന്ന തലമുറയെ എങ്ങനെ സഹായിക്കാൻ സാധിക്കുമെന്ന ചർച്ചകളും സെമിനാറിൻ ഉൾപ്പെടുത്തിയിരുന്നു.

വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു ആരംഭം. 'തിയോളജി ഓഫ് ബോഡി' പഠനങ്ങൾ പ്രായഭേദ മെന്യേ എല്ലാവർക്കും ഏറ്റവും അനിവാര്യമാണെന്ന് ഫാ. ക്രിസ്റ്റി പറഞ്ഞു. മനുഷ്യൻ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടു എന്നതാണ് ജീവിതത്തിന് അർത്ഥവും ലക്ഷ്യവും നൽകുന്നത്.

ബാബു ജോണിന്റെ നേതൃത്വത്തി ലുള്ള 'തിയോളജി ഓഫ് ബോഡി' മിനിസ്ട്രിയിലൂടെ അമേരിക്കയിലും പുറത്തുമുള്ള എല്ലാ ഇടവകളിലേക്കും ഈ മഹത്തായ സന്ദേശം എത്രയുംവേഗം എത്തിക്കാൻ പരിശുദ്ധാത്മാവ് സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Source: Sunday Shalom