News >> ദൈവത്തോട് കൂടുതൽ നന്ദിയുളളവരായി മുന്നോട്ട് പോകുക: ബിഷപ്പ് ജോസഫ് ക്ലെമൻസ്
വത്തിക്കാൻ: ഇത് ലോകമെങ്ങുമുള്ള ജീസസ് യൂത്ത് അംഗങ്ങൾ കാത്തിരുന്ന നിമിഷം. സംഘടനക്ക് തിരുസഭ നൽകുന്ന പൊന്തിഫിക്കൽ തലത്തിലുളള അംഗീകാരത്തിന് സാക്ഷിയാകാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധിപേരാണ് വത്തിക്കാനിൽ എത്തിയത്. സെന്റ് കലിസ്റ്റോ ചത്വരത്തിനടുത്തുള്ള അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കാര്യാലയത്തിൽ നടന്ന പ്രാർത്ഥനാശുശ്രൂഷക്കിടയിൽ അല്മായർക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി ബിഷപ്പ് ജോസഫ് ക്ലെമൻസാണ് തിരുസഭയുടെ അംഗീകാരം നൽകുന്ന ഡിക്രി വായിച്ചത്.വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ പൊന്തിഫിക്കൽ തലത്തിൽ അംഗീകാരം കിട്ടുന്ന അല്മായ സംഘടന എന്ന പ്രത്യേകത ജീസസ് യൂത്തിനുള്ളതിനാൽ ഗൗരവമുള്ള കാൽവെയ്പായി കണ്ടുകൊണ്ട് ദൈവത്തോടുള്ള കൃതജ്ഞതയോടെ വേണം ഇനി മുമ്പോട്ട് പോകാനെന്ന് ബിഷപ്പ് ജോസഫ് ക്ലെമൻസ് ഓർമ്മിപ്പിച്ചു. കരുണയുടെ ജൂബിലിവർഷത്തിൽ ഈ അനുഗ്രഹം ലഭിച്ചത് കൊണ്ട് സുവിശേഷം ദരിദ്രരിലേയ്ക്കും അടിച്ചമർത്തപ്പെട്ടവരിലേയ്ക്കും എത്തിക്കുക എന്ന പ്രവാചദൗത്യവും സംഘടനാംഗങ്ങൾക്കുണ്ട് എന്ന് സഭ ഈ അംഗീകാരത്തിലൂടെ ഉറപ്പിക്കുക കൂടിയാണ്. സത്യം പ്രഘോഷിക്കുന്നതിലൂടെ അന്ധർക്ക് കാഴ്ചയും, കാപട്യം നിറഞ്ഞ ലോകത്തിന് യഥാർത്ഥ സ്വാതന്ത്ര്യവും നൽകാനാവണം. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ പരിശുദ്ധാത്മാവിന് നമ്മെത്തന്നെ തുറന്നു കൊടുക്കുകയാണ്. അതു കൊണ്ട് നമ്മുടെ മാതാവും ഗുരുവുമായ സഭയുടെ ശുശ്രൂഷയ്ക്കുള്ള വിനീത ഉപകരണങ്ങളാക്കി നമ്മെത്തന്നെ മാറ്റാൻ പരിശുദ്ധാത്മാവിനോട് നാം പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
![201622528](http://www.sundayshalom.com/wp-content/uploads/2016/05/201622528.jpg)
ആർച്ച് ബിഷപ്പ് ഡോ.അബ്രാഹം വിരുത്തക്കുളങ്ങര, ഡോ. എഡ്വേർഡ് എടേഴത്ത്, മനോജ് സണ്ണി (ഇന്റർനാഷണൽ ഡയറക്ടർ ഓഫ് ഫോർമേഷൻ), സി. സി. ജോസഫ് (ഇന്റർനാഷണൽ കോ ഓർഡിനേറ്റർ), ഫാ. ബിറ്റാജു മാത്യു (ഇന്റർനാഷണൽ ചാപ്ലിൻ), മോൺ. ആന്റണി കൊല്ലംപറമ്പിൽ, റൈജു വർഗീസ് (മുൻ ഇന്റർനാഷണൽ കോ ഓർഡിനേറ്റർ), ഫാ. തോമസ് തറയിൽ (ഇന്റർനാഷണൽ കൗൺസിൽ ആനിമേറ്റർ), ഫാ. ചെറിയാൻ നേരേവീട്ടിൽ (ജീസസ് യൂത്ത് ഇന്ത്യ ചാപ്ലിൻ) എന്നിവരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന നേതാക്കളും, ശുശ്രൂഷകരും ഈ ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ എത്തിയിരുന്നു.ലളിതമായ തുടക്കത്തിലൂടെ കേരളത്തിൽ നിന്ന് പിറവികൊണ്ട് യുവജനങ്ങൾക്കിടയിൽ വലിയൊരു മുേന്നറ്റത്തിനു തുടക്കമിട്ട സംഘടനയ്ക്ക് ഇനി മുതൽ തിരുസഭയുടെ ഔദ്യോഗിക അംഗീകാരം വലിയ വളർച്ചക്ക് സഹായകമാകും.1970 കളിലെ കരിസ്മാറ്റിക് നവികരണ മുന്നേറ്റത്തെ തുടർന്ന് ഉരുത്തിരിഞ്ഞ യുവജനക്കൂട്ടായ്മകളാണ് പിന്നീട് സംഘടനാരൂപീകരണത്തിന് അടിത്തറപാകിയത്. 1985 ൽ അന്തർദ്ദേശീയ യുവജനവർഷത്തോടനുബന്ധിച്ചാണ് ഈ യുവജനക്കൂട്ടായ്മകൾ ജീസസ് യൂത്ത് എന്ന പേരിൽ ഒരുമിച്ചു വന്നത്. 2007 ഏപ്രിൽ എട്ടിന് നാഗ്പൂർ അർച്ച്ബിഷപ്പ് ഡോ. അബ്രാഹം വിരുത്തിക്കുളങ്ങരയും, 2007 ഓഗസ്റ്റ് 20 ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിലും കാനോനിക അംഗീകാരം നൽകിയ സംഘടനയ്ക്ക് കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ 2008 ഒക്ടോബർ 28 ന് ദേശിയതലത്തിലും അംഗീകാരം നൽകിയിരുന്നു. ഇന്ന് ലോകത്ത് 30 രാജ്യങ്ങളിലായി, ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ജീസസ് യൂത്ത് അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട്.
ഫാ. ബിജു മഠത്തിക്കുന്നേൽ സി.എസ്.എസ് .ആർSource: Sunday Shalom