News >> വിശുദ്ധയാകാൻ ആഗ്രഹിച്ച വിശുദ്ധ


1811 മെയ് 27 ന് സാവോണായിലുള്ള ആൽബിസോള എന്ന സ്ഥലത്ത് ഒരു സാധാരണ കുടുംബത്തിലാണ് വിശുദ്ധ ബെനദേത്ത റോസെല്ലോ ജനിച്ചത്. സന്തോഷകരമാംവിധം കഴിച്ചുകൂട്ടുന്നതിനാവശ്യമായ ജീവിതസാഹചര്യങ്ങളായിരുന്നു അവൾക്കുണ്ടായിരുന്നത്. കളികളിൽ താൽപര്യം ഉണ്ടായിരുന്നുവെങ്കിലും പ്രാർത്ഥിക്കുവാനും വേദപാഠക്ലാസുകളിൽ നിന്ന് ലഭിച്ച പുതിയ അറിവുകൾ പുനരവലോകനം ചെയ്യുന്നതിനുമായിരുന്നു നന്നേ ചെറുപ്പത്തിലേ അവൾക്ക് കൂടുതൽ താൽപര്യം.

ക്ലേശമനുഭവിക്കുന്നവർക്കുനേരെ പുഞ്ചിരി നൽകി ആശ്വസിപ്പിക്കുവാനും വീട്ടിലെത്തുന്ന യാചകർക്ക് അപ്പം നൽകുവാനും അവൾക്ക് കൃപ ലഭിച്ചിരുന്നു. 19 വയസ് പ്രായമായപ്പോൾ സ്‌നേഹിതകളോടവൾ പറഞ്ഞു: "എനിക്ക് ഒരേയൊരു ആഗ്രഹമേയുള്ളൂ. എല്ലാ തിന്മകളിൽനിന്നും ഒഴിഞ്ഞു മാറുന്നതിനും എന്റെ അയൽവാസികൾക്ക് സഹായിയാകുന്നതിനും ഒരു പുണ്യവതിയാകുന്നതിനും ഞാൻ ആഗ്രഹിക്കുന്നു."

പക്ഷേ എങ്ങനെ ഈ ആഗ്രഹം സാധിച്ചെടുക്കാൻ കഴിയും? സവോണായിലെ മെത്രാനായിരുന്ന അഗസ്റ്റിൻ എം. ഡിമാരിയിലൂടെയാണ് ദൈവം ബെനദോത്തയെ വിളിച്ചത്. ഒരു ദിവസം വൈകുന്നേരം ഉല്ലാസയാത്ര നടത്തിക്കൊണ്ടിരുന്ന ബിഷപ് ഡിമാരി, തന്റേടികളായ ഒരുകൂട്ടം പെൺകുട്ടികളുടെ മുൻപിൽ ചെന്നുപെട്ടു. തെരുവിൽ കളികളിലേർപ്പെട്ടിരുന്ന അവരെ അദ്ദേഹം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ബിഷപ്പിനെ പരിഹസിക്കുകയാണ് ചെയ്തത്. ഭഗ്നാശനായ അദ്ദേഹം ഇങ്ങനെ വിലപിച്ചു: "എല്ലാവരാലും അവഗണിക്കപ്പെട്ട തെരുവിന്റെ ഈ പുത്രിമാരിൽ അലിവുതോന്നി, ഇവരെ ഒന്നിച്ചുകൂട്ടി നല്ലതു പറഞ്ഞുകൊടുക്കുകയും നന്മകളിലും ദൈവവിശ്വാസത്തിലും അവരെ ആനയിക്കുകയും ഒരു തൊഴിൽ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യാൻ തക്ക ഭക്തിതീക്ഷ്ണതയും സ്‌നേഹാരൂപിയും ഉള്ള ഒരാളിനെ എനിക്കു കിട്ടിയിരുന്നെങ്കിൽ!"

ബിഷപ് ഡിമാരിയുടെ വാക്കുകൾ ബെനദേത്തയ്ക്ക് ഒരു പുതിയ വെളിച്ചം നൽകി. ആത്മവിശ്വാസത്തോടെ അവൾ ബിഷപ്പിന്റെ മുൻപിലെത്തി. അവളുടെ തീക്ഷ്ണത അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു. തുല്യമനോഭാവമുള്ള സഹപ്രവർത്തകരെ അന്വേഷിക്കുവാൻ അദ്ദേഹം അവളെ ചുമതലപ്പെടുത്തി.

1837 ആഗസ്റ്റ് പത്തിന് മാൾട്ടിയായിലെ മാടമ്പിമാരുടെ ഭവനമായ കൊബേത്തായിൽ ബെനദേത്തയും മൂന്നു കൂട്ടുകാരികളും കൂടി. 'കാരുണ്യമാതാവിന്റെ പുത്രിമാരുടെ' സഭയുടെ തുടക്കമായിരുന്നു അത്. 1837 ഒക്‌ടോബർ 22 ന് ഈ സഹോദരികൾ സഭാവസ്ത്രം സ്വീകരിച്ചു. പുതിയ പേരുകളും സ്വീകരിച്ചു. സിസ്റ്റർ മേരി ജോസഫ് എന്നായിരുന്നു ബെനദേത്തായുടെ നാമം.

1839 ആഗസ്റ്റ് രണ്ടിന് സിസ്റ്റർ ജോസഫും ആറു സഹോദരികളും വ്രതവാഗ്ദാനം നടത്തി. കന്യാവ്രതവും ദാരിദ്ര്യവും അനുസരണവും വാഗ്ദാനം ചെയ്തുകൊണ്ട്, തങ്ങളെത്തന്നെ ദൈവശുശ്രൂഷയ്ക്കായി സമർപ്പിച്ചു. കാലത്തിന്റെ തികവിൽ ഈ കടുകുമണികൾ വളർന്നു ഫലം പുറപ്പെടുവിക്കാൻ തുടങ്ങി. 1842 ൽ കാരുണ്യമാതാവിന്റെ പുത്രിമാർ സവോണായിലുള്ള വരാസേ എന്ന സ്ഥലത്തുള്ള ഒരാശുപത്രിയിൽ രോഗീശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടു. അന്നുമുതൽ എല്ലാ വർഷവും ഈ സിസ്റ്റേഴ്‌സ് പുതിയ പുതിയ ജോലികൾ ഏറ്റെടുത്തു തുടങ്ങി. സഭയുടെ സുപ്പീരിയർ ജനറലായിത്തീർന്ന മദർ റോസെല്ലോ, എവിടെയെല്ലാം ജീവകാരുണ്യപ്രവൃത്തികൾ ആവശ്യമായി വന്നുവോ അവിടെയെല്ലാം തന്റെ പുത്രിമാരെ അയച്ചുകൊണ്ടിരുന്നു. "ഓ, ഈ ലോകം മുഴുവൻ ആശ്ലേഷിക്കാനും എല്ലാവർക്കും നന്മ ചെയ്യുവാനും തക്കവിധം എന്റെ കരങ്ങൾ ദൈർഘ്യമുള്ളവയായിരുന്നെങ്കിൽ" എന്നവർ ഉദ്‌ഘോഷിക്കുന്നത് കേൾക്കാമായിരുന്നു.

ദരിദ്രരായ അനാഥ പെൺകുട്ടികളും യുവതികളായ അനുതാപ പുത്രിമാരും മദറിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. അവരുടെ കഴിവിന്റെ പരമാവധി സേവനം ഈ കൂട്ടർക്കുണ്ടായിരുന്നു. ഈജിപ്തിലെ അടിമച്ചന്തയിൽ നിന്നും കൊണ്ടു വന്നിരുന്ന ആഫ്രിക്കൻ പെൺകുട്ടികളെ വിമോചിപ്പിക്കുന്നതിനുള്ള ദൗത്യത്തിൽ ഫാദർ നിക്കോളോ ഒലിവിയേരിയോടും പിന്നീട് ഫാദർ ബിയാജിയോടും മേരിയോടും മദർ റോസെല്ലോ സഹകരിച്ചു പ്രവർത്തിച്ചു. രോഗികളും അന്ധരും അംഗവൈകല്യമുള്ളവരുമാകയാൽ മറ്റു പലരും ഏറ്റെടുക്കുവാൻ വിസമ്മതിച്ച പെൺകുട്ടികളെ മദർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. "എത്ര പേരെ അങ്ങു മോചിപ്പിച്ചു?" എന്നു ചോദിക്കുമ്പോഴെല്ലാം "വളരെപ്പേർ ഉണ്ടായിരുന്നു എന്ന് എനിക്കറിയാം. അവരുടെ എണ്ണം എത്രയെന്നു കർത്താവ് നോക്കും" എന്നായിരുന്നു മറുപടി.

1875 ൽ സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾ അർജന്റീനായിൽ തുടരുന്നതിനായി തന്റെ പുത്രിമാരെ മദർ അങ്ങോട്ടയച്ചു. ഇപ്പോൾ കാരുണ്യമാതാവിന്റെ പുത്രിമാർ, ഉറുഗ്വായ്, യുണൈറ്റഡ് നേഷൻസ്, ബ്രസീൽ, ചിലി, ഇന്ത്യ, പെറു, ബുറൂക്കി, മധ്യ ആഫ്രിക്ക, കോംഗോ, റുവാന്ത, ജർമനി, ചാഡ്, കാമറൂൺ, ജമൈക്ക, ഹെയ്ത്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, റുമേനിയ, ബൊളീമിയ എന്നിവിടങ്ങളിൽ ജീവകാരുണ്യ പ്രവൃത്തികളിലേർപ്പെട്ടിരിക്കുന്നു.

സിസ്റ്റർ മേരി ജോസഫിന്റെ സ്‌നേഹസമ്പന്നമായ ജീവിതം 1880 ഡിസംബർ ഏഴാം തിയതി അവസാനിച്ചു. മദർ റോസെല്ലോയുടെ ജീർണിക്കാത്ത ശരീരം ഒരു സ്ഫടിക പേടകത്തിൽ സോവണായിലുള്ള ജനറലേറ്റ് ഭവനത്തിലെ ചാപ്പലിൽ ഇന്നും സൂക്ഷിക്കപ്പെടുന്നു. 1949 ജൂൺ 12 ന് തിരുസഭ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

1974 ഡിസംബർ മൂന്നിന് കാരുണ്യമാതാവിന്റെ പുത്രിമാരുടെ സഭയുടെ ശാഖ ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കടുത്തുള്ള പൂമല എന്ന സ്ഥലത്ത് സ്ഥാപിച്ചു പ്രവർത്തനമാരംഭിച്ചു.

കേരളത്തിൽ തന്നെ പാക്കം, കോഴിക്കോട്, കനകപ്പള്ളി എന്നീ സ്ഥലങ്ങളിലും കർണാടക, തമിഴ്‌നാട്, ആന്ധ്ര, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

സിസ്റ്റർ മേരി സെലിൻ IDM

Source: Sunday Shalom