News >> പ്രഥമ മാനവിക ഉച്ചകോടി : മെയ് 23-24 ഈസ്താംബൂളില്‍ വത്തിക്കാന്‍ പങ്കെടുക്കും


ഐക്യരാഷ്ട്ര സംഘടന വിളിച്ചുകൂട്ടുന്ന ലോകമാനവിക ഉച്ചകോടി  (The First World Humanitarian Summit) മെയ് 23-മുതല്‍ 24-വരെ തിയതികളില്‍ തുര്‍ക്കിയിലെ ഈസ്താംബൂളിലാണ് സംഗമിക്കുന്നത്. കാലികമായി മനുഷ്യര്‍ നേരിടുന്ന ആഗോള പ്രതിസന്ധികളെ നേരിടാനും, ഭൂമുഖത്ത് ജീവന്‍ പരിരക്ഷിക്കുവാനും, അങ്ങനെ മനുഷ്യരുടെ യാതനകള്‍ക്ക് ശമനം കണ്ടെത്തുവാനുമുള്ള ലക്ഷ്യവുമായിട്ടാണ് ലോകരാഷ്ട്രങ്ങള്‍ യൂഎന്നിന്‍റെ കൊടിക്കീഴില്‍ ഈസ്താംബൂളിലെ പ്രഥമ മാനവിക ഉച്ചകോടിക്കായി ഒത്തുചേരുന്നത്.

ഐക്യരാഷ്ട്ര സഭയുടെ പ്രഥമ മാനവിക ഉച്ചകോടി സമ്മേളനമാണിത്. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് ലോകരാഷ്ട്ര പ്രതിനിധികളെയും സന്നദ്ധസംഘടനാ പ്രതിനിധികളെയും സമ്മേളനത്തിന് ക്ഷണിച്ചിരിക്കുന്നത്. കാലികമായ മാനവികതയുടെ വെല്ലുവിളികളെ സംയുക്തമായി നേരിടുക.  മനുഷ്യരാശിയുടെ ആദര്‍ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച സാകല്യസംസ്കൃതി വളര്‍ത്തുക, ആയിരങ്ങള്‍ അകാരണമായി അനുദിനം കൊല്ലപ്പെടുന്ന ലോകത്ത് വരും തരുമുറയ്ക്ക് ക്രിയാത്മകവും സമാധാനപൂര്‍ണ്ണവുമായൊരു ജീവസംസ്ക്കാരത്തിന്‍റെ രൂപീകരണം നല്കുക. എന്നിവയാണ് സമ്മേളനത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങള്‍.

സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍റെ നേതൃത്വത്തിലുള്ള ഈസ്താംബൂളിലേയ്ക്കുള്ള വത്തിക്കാന്‍റെ ഉന്നതതല പ്രതിനിധിസംഘത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ, യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി എന്നിവരും പങ്കെടുക്കുമെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മെയ് 19-ാം തിയതി ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

Source: Vatican Radio