News >> സമ്പത്ത് അതില്‍ത്തന്നെ മോശമല്ല അതിനെ ആരാധക്കുന്നതാണ് തിന്മ


ജീവിതത്തിന്‍റെ മാറ്റ് തെളിയിക്കുന്നത് സന്തോഷമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 23-ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  

ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം വ്യക്തിജീവിതത്തില്‍ ശാശ്വതമായ സന്തോഷത്തിന് ആധാരം ക്രിസ്തുവും അവിടുന്നു തരുന്ന ആത്മീയ സന്തോഷവുമാണ്. നശിച്ചുപോകുന്ന സമ്പത്തല്ല. അധികമായി സമ്പത്തിനെ സ്നേഹിക്കുന്നവന്‍, ജീവിതത്തില്‍ വിഷാദത്തിന്‍റെയും ദുഃഖത്തിന്‍റെയുംവഴി തിരഞ്ഞെടുക്കേണ്‌ടി വരും. സമ്പത്തിന്‍റെ അതിപ്രസരത്തില്‍ അവനു ദൈവികാനന്ദത്തിലേയ്ക്ക് ഹൃദയം തുറക്കാന്‍ കരുത്തില്ലാതാകുന്നു.ധനാസക്തി നമ്മെ അസന്തുഷ്ടരാക്കുമെന്ന് ക്രിസ്തുവിനെ തേടിവന്ന ധനികനായ യുവാവിന്‍റെ സുവിശേഷ സംഭവത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു. (മാര്‍ക്ക് 10, 17-27).

സമ്പത്ത് അതില്‍ത്തന്നെ മോശമല്ല, എന്നാല്‍ സമ്പത്തിനെ ആരാധിക്കുന്നത് തിന്മയാണ്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, രണ്ടു യജമാനന്മാരെ സേവിക്കാനാവില്ലെന്ന്, പണത്തെയും ദൈവത്തെയും ഒരുപോലെ സ്നേഹിക്കാനാവില്ല! സുവിശേഷത്തിലെ ധനികനായ യുവാവ് ദുഃഖിതനായി തിരിച്ചുപോകാന്‍ കാരണം സമ്പത്തിനോടുള്ള ആസക്തിയായിരുന്നു.
നമ്മുടെ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇതുപോലെ സന്തോഷം നഷ്ടമായ ക്രൈസ്തവരുണ്ടാകാം. അവരുടെ ദുഃഖമകറ്റി, ക്രിസ്തുവില്‍ സന്തോഷം കണ്ടെത്താന്‍ നാം അവരെ സഹായിക്കേണ്ടതാണ്. സുവിശേഷസന്തോഷത്തിലേയ്ക്ക് തിരികെവരാന്‍ നാം അവരെ പ്രചോദിപ്പിക്കേണ്ടതാണ്.

സുവിശേഷസന്തോഷത്തിന്‍റെ ആശ്ചര്യമാകുന്ന ഘടകം ഇതാണ് - നല്ലവനായിരുന്നിട്ടും ധനികനായ യുവാവിന് ക്രിസ്തുവിനെ അനുഗമിക്കാനായില്ല, പിന്നെ ആര്‍ക്ക് അവിടുത്തെ അനുഗമിക്കാനാകും? ഇവിടെയാണ് സുവിശേഷത്തിലെ ആശ്ചര്യഘടകം - മനുഷ്യര്‍ക്ക് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ്.  പീഡനങ്ങള്‍ക്കിടയിലും ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച് ജീവിക്കാന്‍ ക്രൈസ്തവര്‍ക്ക് സാധിക്കണം. നമ്മെ ഏറെ ആകര്‍ഷിക്കുന്ന സമ്പത്ത് ജീവിതത്തെ നിരാശയിലും ദുഃഖത്തിലും ആഴ്ത്തുന്നു. പാപ്പാ താക്കീതുനല്കി. ആദ്യവായനയ പത്രോസ്ലീഹായുടെ ലേഖനത്തെ ആധാരമാക്കിയാണ് പാപ്പാ ഇങ്ങനെ വ്യാഖ്യാനിച്ചത്. (1 വി. പത്രോസ് 1, 3-9).
 
ക്രിസ്തുവിന്‍റെ ഉത്ഥാനമാണ് നമുക്ക് പ്രത്യേശയും സന്തോഷവും പകരേണ്ടത്. ക്രിസ്തുവിനെപ്രതിയുള്ള പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കരുത്തുള്ള വിശ്വാസം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തെക്കാള്‍ വിലമതിക്കുന്നതാണെന്ന്, പത്രോശ്ലീഹായുടെ ആദ്യ ലേഖനത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.
ആകയാല്‍ ക്രിസ്തുവിലുള്ള പ്രത്യാശയാണ് നമുക്ക് ആനന്ദം നല്കേണ്ടത്.

സന്തോഷമില്ലാത്ത ക്രൈസ്തവര്‍ ക്രൈസ്തവരല്ല. ആന്തരിക സന്തോഷം ക്രൈസ്തവ ജീവിതത്തില്‍ മാറ്റുരയ്ക്കുന്ന പുണ്യമായിരിക്കും. ക്രൈസ്തവന്‍റെ തിരിച്ചറിയല്‍ക്കാര്‍ഡാണ് സന്തോഷം! ജീവിതക്കുരിശുകള്‍പോലും നാം നേരിടേണ്ടത് ക്രിസ്തുവിനോടു ചേര്‍ന്നുള്ള പ്രത്യാശയിലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ക്രിസ്തു കൂടെയുള്ളപ്പോള്‍ ലഭിക്കുന്ന ആനന്ദവും സമാധാനവും ക്രൈസ്ത ജീവിതത്തിന് ധൈര്യവും പ്രത്യാശയും പകരുന്നു. ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവന്‍റെ സന്തോഷം വളരേണ്ടത്. ദൈവം തന്‍റെ ഉടമ്പടികള്‍ സദാ അനുസ്മരിക്കുന്നു.
ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും, നമ്മുടെകൂടെ ചരിക്കുന്നെന്നും, നമുക്കായി കാത്തിക്കുന്നുവെന്നുമുള്ള ബോധ്യവും വിശ്വാസവുമാണ് ക്രൈസ്തവനില്‍ സന്തോഷം ഉളവാക്കുന്നത്.

ദുഃഖത്തിലാഴ്ത്തുന്ന കാര്യങ്ങളില്‍ നാം വ്യാപൃതരാകരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ലൗകായത്വത്തില്‍നിന്നും, ലോകത്തിന്‍റെ പേരും പെരുമയില്‍നിന്നും അകന്നു ജീവിക്കുക. ദൈവികശക്തിയിലും പരിശുദ്ധാത്മചൈതന്യത്തിലും ആശ്രയിച്ചു ജീവിക്കുക. അത് ക്രൈസ്തവസ്നേഹത്തിന്‍റെ അടിസ്ഥാനമാണ്, ക്രൈസ്തവസ്നേഹത്തിന് ആധാരമാണ്.

ഇന്ന് പ്രാര്‍ത്ഥിക്കാം, ദൈവമേ, ആശ്ചര്യവഹമായ സുവിശേഷാനന്ദം ഞങ്ങള്‍ക്ക് ഇനിയും തരണമേ! അനുദിന ജീവിത പ്രതിസന്ധികളില്‍ സന്തോഷവും സമാധാനവും, നിരവധി ആത്മീയ നന്മകളും അവിടുന്നു ഞങ്ങളില്‍ വര്‍ഷിക്കുന്നുണ്ട്. അതിനാല്‍ സന്തോഷം കെടുത്തി, ഞങ്ങളെ ദുഃഖത്തിലാഴ്ത്തുന്ന വസ്തുക്കളില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും ഞങ്ങളെ അങ്ങ് അകറ്റിനിറുത്തണമേ!! ക്രിസ്തുവില്‍ സന്തോഷിക്കുകയും, ക്രൈസ്തവാനന്ദത്തിന്‍റെ ആത്മീയ അനുഭൂതിയില്‍ ജീവിക്കുകയുംചെയ്യുന്നവരാണ് ക്രൈസ്തവര്‍!! ഈ ബോധ്യം ഞങ്ങള്‍ക്കു തരണമേ!! ഈ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ വചനചിന്ത ഉപസംഹരിച്ചത്.

Source: Vatican Radio