News >> ആഹ്ലാദനിറവിൽ സീറോ മലങ്കര സഭ; യൂറോപ്പിലെ പ്രഥമ ദൈവാലയം യു.കെയിൽ യാഥാർത്ഥ്യം
ലണ്ടൻ : യൂറോപ്പിലെ സീറോ മലങ്കര സഭയുടെ വളർച്ചാ നാൾവഴിയിൽ പുതിയ അധ്യായം രചിക്കാൻ ലണ്ടനിൽ പ്രഥമ ദൈവാലയം ഒരുങ്ങുന്നു. യൂറോപ്പിൽ ആദ്യത്തെ സീറോ മലങ്കര ദൈവാലയം യാഥാർത്ഥ്യമാക്കിയതിലൂടെ യൂറോപ്പിലെ സഭാവളർച്ച നിർണായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് വിശ്വാസീസമൂഹം.ബ്രന്റ്‌വുഡ് രൂപതയ്ക്ക് കീഴിൽ ഈസ്റ്റ് ലണ്ടനിലുള്ള സെന്റ് ആൻസ് ദൈവാലയമാണ് സീറോ മലങ്കര സഭയ്ക്ക് ലഭിക്കുന്നത്. ഇതോടെ മലങ്കര കത്തോലിക്കാ സഭയ്ക്ക് യു. കെ, അയർലൻഡ് കേന്ദ്രമായി 15 മിഷൻ കേന്ദ്രങ്ങളും സ്വന്തമായി ഒരു ദൈവാലയവുമായി. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസിന്റെ കീഴിലുള്ള ലണ്ടനിലെ ബ്രന്റ്‌വുഡ് രൂപതയും മലങ്കര കത്തോലിക്കാ സഭയ്ക്കുവേണ്ടി സ്‌പെഷൽ പാസ്റ്ററും കോർഡിനേറ്ററുമായ ഫാ. ദാനിയേൽ കുളങ്ങരയുമാണ് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചത്.സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെയും യൂറോപ്പിന്റെ മുൻ അപ്പസ്‌തോലിക സന്ദർശകനായിരുന്ന ഡോ. ജോസഫ് മാർ തോമസ്, തോമസ് മാർ യൗസേബിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും ഇടപെടലിന്റെ ഫലംകൂടിയാണ് ഇപ്പോൾ ലഭിച്ച ദൈവാലയം. ബ്രന്റ്‌വുഡ് ബിഷപ്പ് വില്യം അലൻ, മുൻ വികാരി ജനറൽ മോൺ. ജോൺ ആർമിറ്റേജ്, മോൺ. കെവിൻ എന്നിവരുടെ പിന്തുണയും സഭാംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും പുതിയ ദൈവാലയം ലഭിക്കുന്നതിനു സഹായകമായി.
യൂറോപ്പിലുള്ള വിവിധ മിഷനുകളുടെ ഏകീകരണത്തിനായി 1932ൽ ഇംഗ്ലണ്ട് സന്ദർശിച്ച ദൈവദാസൻ മാർ ഇവാനിയോസിന്റെ നാമത്തിലാണ് ഈ സെന്റർ അറിയപ്പെടുക. ഈസ്റ്റ് ലണ്ടനിലെ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലും സമീപ കൂട്ടായ്മയായ സൗത്ത് ക്രോയിഡോൺ, വെസ്റ്റ് ലണ്ടൻ, ആഷ്‌ഫോർഡ്, കെന്റ്, ലൂട്ടൻ, സൗത്താംപ്ടൺ എന്നീ മിഷൻ ഭാരവാഹികളും ചേർന്നുള്ള കമ്മിറ്റിയുമാണ് ദൈവാലയത്തിന്റെ ദൈനംദിന നടത്തിപ്പുകൾ നിർവഹിക്കുന്നത്.പുതിയ ദൈവാലയത്തിൽ മലങ്കര ആരാധനക്രമത്തിലുള്ള അൾത്താര, ദൈവാലയമറ, വിളക്കുകൾ എന്നിവയുടെ നിർമാണവും ഹാളിന്റെ അറ്റകുറ്റപണികളും പൂർത്തീകരിച്ചു. യൂറോപ്പിലെ സീറോ മലങ്കര സഭയുടെ കാനോനിക സംവിധാനങ്ങൾ വിപുലമാക്കാൻ ദൈവാലയ ലഭ്യത വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.Source: Sunday Shalom